
രാജ്യം എഴുപത്തി ഒന്‍പതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. അറിയുന്നവരും അറിയപ്പെടാത്തവരുമായ പതിനായിരക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികള്‍ അവരുടെ ചോരയില്‍ എഴുതി വച്ച വാക്കാണ് നമ്മുടെ സ്വാതന്ത്ര്യം. അവര്‍ ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യങ്ങളാണ് മതേതരത്വവും സോഷ്യലിസവും. അതെല്ലാം കാത്തുസൂക്ഷിക്കാനുള്ള ബാധ്യത നമുക്കെല്ലാം ഉണ്ടെന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ സ്വാതന്ത്ര്യ ദിനം.
വിഭജനഭീതി ദിനം ആചരിച്ചും മനുഷ്യരെ തമ്മിലടിപ്പിച്ചും മതപരമായ ശത്രുതയുണ്ടാക്കി ജനങ്ങള്‍ക്കിടയില്‍ വിള്ളലുണ്ടാക്കാന്‍ പല ശക്തികളും ശ്രമിക്കുന്ന കാലമാണിത്. അത്തരം ശക്തികള്‍ക്കെതിരെ നാം ഒറ്റക്കെട്ടായാണ് പ്രതിരോധം സൃഷ്ടിക്കേണ്ടത്. ജാതി മത ചിന്തകള്‍ക്ക് അതീതമായി രാജ്യത്തെ സ്‌നേഹിക്കുന്ന എല്ലാവരും ഭരണഘടനാമൂല്യങ്ങളും ജനാധിപത്യ മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടത്തില്‍ അണിചേരുമ്പോള്‍ മാത്രമാണ് സ്വാതന്ത്ര്യ സമര സേനാനികളോട് നമുക്ക് പൂര്‍ണമായും നീതിപുലര്‍ത്താനാകുന്നത്. ഏവര്‍ക്കും ഊഷ്മളമായ സ്വാതന്ത്ര്യദിനാശംസകള്‍.