ഒന്നാം പിണറായി സര്‍ക്കാരും രണ്ടാം പിണറായി സര്‍ക്കാരും കമ്മിഷന്‍ സര്‍ക്കാരുകള്‍ – രമേശ് ചെന്നിത്തല

Spread the love

പ്രതിപക്ഷനേതാവായിരിക്കെ താനുയര്‍ത്തിയ അഴിമതി ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍ എന്ന് രമേശ് ചെന്നിത്തല
ഒന്നാം പിണറായി സര്‍ക്കാരും രണ്ടാം പിണറായി സര്‍ക്കാരും കമ്മിഷന്‍ സര്‍ക്കാരുകള്‍
മന്ത്രിമാരും പ്രമുഖ നേതാക്കളും കുടുംബാംഗങ്ങളും കമ്മിഷന്‍ ഗുണഭോക്താക്കള്‍.

ഇത് അടിമുടി അഴിമതി സർക്കാർ

തിരുവനന്തപുരം: ചെന്നൈ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് സിപിഎം പോളിറ്റ് ബ്യൂറോയ്ക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ പറയുന്ന വസ്തുതകള്‍ പുറത്തു വന്നതോടെ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷനേതാവായിരിക്കെ താന്‍ പുറത്തു കൊണ്ടുവന്ന എല്ലാ അഴിമതി ആരോപണങ്ങളും ശരിവെയ്ക്കപ്പെട്ടിരിക്കുകയാണെന്നും പിണറായി സര്‍ക്കാര്‍ കമ്മിഷന്‍ സര്‍ക്കാരാണെന്നു തെളിഞ്ഞിരിക്കുകയാണെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎമ്മിന്റെ പ്രമുഖ നേതാക്കളും മന്ത്രിമാരും അവരുടെ കുടുംബാംഗങ്ങളും ചേര്‍ന്ന് കേരളത്തെ സിസ്റ്റമാറ്റിക്കായി കൊള്ളയടിച്ചതിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഈ സർക്കാർ അടിമുടി അഴിമതി സർക്കാർ ആണ്.

പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍, മകന്‍ ശ്യാംജിത്ത്, തോമസ് ഐസക്ക്, എംബി രാജേഷ്, ശ്രീരാമകൃഷ്ണന്‍ തുടങ്ങിയവരുടെ പേരുകളും ഇടപെടലുകളുമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കൂടുതല്‍ പേരുകള്‍ പുറത്തു വരുമായിരിക്കും.

ആഴക്കടല്‍ മത്സ്യബന്ധനം, കിഫ്ബിയുടെ മസാല ബോണ്ട് തുടങ്ങിയ വിഷയങ്ങളില്‍ നടന്ന കള്ളക്കളികളും ബിനാമി ഇടപാടുകളും കമ്മീഷന്‍ സംഭവങ്ങളും ഈ കത്തുകളിലും പരാതികളും വ്യക്തമായിട്ടുണ്ട്. വളരെ ആസൂത്രിതവും സിസ്റ്റമാറ്റിക്കുമായ അഴിമതിയാണ് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തുടങ്ങി വെച്ചത്. അത് ഇപ്പോഴും തുടരുന്നു. രാജേഷ് കൃഷ്ണ എന്ന ബിനാമിയെ ഉപയോഗിച്ച് ജനങ്ങളുടെ നികുതിപ്പണം തട്ടിയെടുക്കുന്ന പരിപാടിക്കാണ് സിപിഎം നേതൃത്വം കൊടുക്കുന്നത്. മസാലാ ബോണ്ട് ഇഷ്യൂവില്‍ ഒരു ശതമാനം കമ്മിഷന്‍ കൈപ്പറ്റി തുടങ്ങിയ വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. 2150 കോടിയുടെതാണ് മസാല ബോണ്ട്. അതിന്റെ ഒരു ശതമാനം കമ്മിഷന്‍ 21.5 കോടി രൂപ വരും ഇതില്‍ ആരൊക്കെ പങ്കുപറ്റി എന്നത് സര്‍ക്കാരും സിപിഎം കേന്ദ്രങ്ങളും വ്യക്തമാക്കണം.

വെറും 5.5 ശതമാനം പലിശയ്ക്ക് നബാര്‍ഡ് നല്‍കാമെന്നു പറഞ്ഞ വായ്പ വേണ്ടെന്നു വെച്ചാണ് 9.72 ശതമാനം കൊള്ളപ്പലിശയ്ക്ക് മസാല ബോണ്ട് ഇഷ്യു നടത്തിയത്. അഞ്ചു വര്‍ഷം കൊണ്ട് പലിശയിനത്തില്‍ മാത്രം അടയ്്‌കേണ്ടി വന്നത് 1045 കോടി രൂപ. ജനങ്ങളുടെ നികുതിപ്പണമായ 1045 കോടി രൂപ അനാവശ്യമായി ചിലവഴിച്ചത് ഈ ഒരു ശതമാനം കമ്മിഷന്‍ തുകയായ 21.5 കോടി രൂപ അടിച്ചെടുക്കാന്‍ വേണ്ടിയായിരുന്നുവെന്ന് മനസിലാക്കുമ്പോഴാണ് എത്ര വലിയ കൊള്ളയാണ് അതീവഗോപ്യമായി നടന്നത് എന്നു നാം തിരിച്ചറിയുന്നത്.

കേരളത്തിന്റെ ആഴക്കടല്‍ മത്സ്യബന്ധന നയത്തില്‍ മാറ്റം വരുത്തിയതു പോലും അമേരിക്കന്‍ കമ്പനിയെന്ന പേരില്‍ ഇവിടെയെത്തിയ കമ്പനിയെ ബിനാമിയാക്കിക്കൊണ്ട് കോടികള്‍ അടിക്കാനുള്ള ശ്രമത്തിലായിരുന്നു. പദ്ധതി നടപ്പാക്കുന്നതിനു മുമ്പ് കമ്മിഷന്‍ വാങ്ങലാണ് ഇവരുടെ രീതി. ആഴക്കടല്‍ മത്സ്യബന്ധനത്തിലും ഇതാണ് സംഭവിച്ചത്. ആസൂത്രിതവും വ്യവസ്ഥാപിതവുമായി കമ്മിഷന്‍ തട്ടാനുള്ള പദ്ധതികള്‍ മാത്രമാണ് ഒന്നാം പിണറായി സര്‍ക്കാരും രണ്ടാം പിണറായി സര്‍ക്കാരും കഴിഞ്ഞ പത്തു വര്‍ഷങ്ങളായി ഇവിടെ നടപ്പാക്കി വരുന്നത്.

രണ്ടു മന്ത്രിസഭയിലേയും എല്ലാ മന്ത്രിമാരും പ്രമുഖരായ എല്ലാ പാര്‍ട്ടി നേതാക്കളും ഈ കമ്മിഷന്‍ രാജിന്റെ ഗുണഭോക്താക്കളാണ്. ഇത് ഇനിയെങ്കിലും ജനം തിരിച്ചറിയാണം.

അന്ന് ഈ ആരോപണങ്ങൾ താൻ ഉന്നയിച്ചപ്പോൾ പല കരാറുകൾ പിൻവലിച്ച ശേഷവും മുഖ്യമന്ത്രി അസംബന്ധം എന്നാണ് വിശേഷിപ്പിച്ചത്. ഇന്ന് പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദൻ ആ വാക്ക് കടമെടുത്ത് വീണ്ടും അസംബന്ധം എന്ന് ഉപയോഗിക്കുന്നു. സത്യങ്ങളെ ഇവർ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന വാക്കാണ് ഇത് എന്ന് തോന്നിപ്പോകും. – രമേശ് ചെന്നിത്തല പറഞ്ഞു

Author

Leave a Reply

Your email address will not be published. Required fields are marked *