സിപിഎം നേതാക്കളുടെ സാമ്പത്തിക ഇടപാടുകളടക്കം പരാമര്‍ശിക്കുന്ന കത്തിലുള്ളത് ഗൗരവുള്ള ആരോപണമാണെന്നും ഇതേ കുറിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കണമെന്നും മുന്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസന്.
ആരോപണം അസംബന്ധമാണെന്നും മറുപടി പറയില്ലെന്നുമുള്ള സിപിഎമ്മിന്റെയും പാര്‍ട്ടി സെക്രട്ടറിയും നിലപാട് ഒളിച്ചോട്ടമാണ്. എംവി ഗോവിന്ദന്റെ മകന് നേരെയാണ് ഗുരുതര ആരോപണങ്ങള്‍ നീളുന്നത്. പ്രവാസി വ്യവസായി രാജേഷ് കൃഷ്ണയും സിപിഎം നേതാക്കളും തമ്മിലുള്ള സാമ്പത്തിക ഇടപാടിന്റെ വിവരങ്ങളാണ് പരാതിയായി പി.ബിക്ക് ലഭിച്ച കത്തിലൂടെ പുറത്തുവന്നത്. ഇതിന്റെ വസ്തുതകള്‍ പരിശോധിക്കാന്‍ പോളിറ്റ് ബ്യൂറോ തലത്തില്‍ അന്വേഷണം നടത്താന്‍ സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിക്ക് ധൈര്യമുണ്ടോ? സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട് വകമാറ്റി ചെലവാക്കിയതും ആന്താരാഷ്ട്ര ഇടപാടുകളും നടന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ട അന്വേഷണം സംസ്ഥാന ഏജന്‍സി നടത്തിയാല്‍ ഫലം ഉണ്ടാകില്ല. മാത്രവുമല്ല ഹവലാ പണമിടപാടാണ് ഈ കേസുമായി ബന്ധപ്പെട്ട് നടന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ കേന്ദ്ര ഏജന്‍സികളാണ് ഇതുസംബന്ധിച്ച അന്വേഷണം നടത്തേണ്ടത്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് സ്വമേധയാ കേസെടുക്കാന്‍ കഴിയുമെന്നിരിക്കെ അവര്‍ അതിന് മുതിരാത്തത് സിപിഎമ്മിനെ സഹായിക്കുന്ന ബിജെപിയുടെ നിലപാടിന്റെ ഭാഗമാണെന്നും എംഎം ഹസന് ആരോപിച്ചു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് യുഡിഎഫ് ഉന്നയിച്ച ആക്ഷേപങ്ങള്‍ ശരിവെയ്ക്കുന്നതാണ് ഇപ്പോള്‍ കത്ത് വിവാദത്തിലൂടെ പുറത്തുവന്നകാര്യങ്ങള്. ഇത്രയും ഗുരുതരമായ ആരോപണം ഉയര്‍ന്ന് വന്നിട്ടും മുഖ്യമന്ത്രി മൗനം തുടരുന്നത് ദുരൂഹമാണ്.കത്തില്‍ പരാമര്‍ശിക്കുന്ന വിഷയങ്ങളിലെ നിജസ്ഥിതി ജനത്തിന് അറിയാനുള്ള അവകാശമുണ്ടെന്നും എംഎം ഹസന് പറഞ്ഞു.