കേരള മോഡല്‍ ഹിമാചല്‍ പ്രദേശില്‍ നടപ്പിലാക്കുന്നു

Spread the love

കേരളത്തിലെ സാമൂഹീകാധിഷ്ഠിത സാന്ത്വന പരിചരണം ദേശീയ ശ്രദ്ധയില്‍

തിരുവനന്തപുരം: കേരളം നടപ്പിലാക്കുന്ന സാമൂഹികാധിഷ്ഠിത സാന്ത്വന പരിചരണം മാതൃകയാക്കി ഹിമാചല്‍ പ്രദേശ്. ഹിമാചല്‍ പ്രദേശിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും കേരള മോഡല്‍ പാലിയേറ്റീവ് കെയര്‍ നടപ്പിലാക്കാനാണ് തീരുമാനം. ഹിമാചല്‍ പ്രദേശ് ആരോഗ്യ വകുപ്പ് മന്ത്രി, ആരോഗ്യ വകുപ്പ് സെക്രട്ടറി, എന്‍എച്ച്എം മിഷന്‍ ഡയറക്ടര്‍ എന്നിവരുടെ സംഘം അടുത്തിടെ കേരളത്തിന്റെ സാന്ത്വന പരിചരണ സംവിധാനം പഠിക്കുന്നതിന് കേരളത്തില്‍ എത്തിയിരുന്നു. തിരുവനന്തപുരം, എറണാകുളം, ജില്ലകള്‍ സന്ദര്‍ശിച്ച് പാലിയേറ്റീവ് കെയര്‍ ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ അവര്‍ നേരിട്ട് മനസിലാക്കി. കേരളം നടപ്പിലാക്കി വരുന്ന എല്ലാ കിടപ്പ് രോഗികള്‍ക്കും സാന്ത്വന പരിചരണം ഉറപ്പാക്കുന്ന സാര്‍വത്രിക പദ്ധതി അവര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു.

കേരളത്തിലെ സാമൂഹികാധിഷ്ഠിത സാന്ത്വന പരിചരണം ഹിമാചല്‍ പ്രദേശിലും നടപ്പിലാക്കാന്‍ കേരളത്തിന്റെ സഹായം അഭ്യര്‍ത്ഥിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കി. അങ്ങനെ ഒരു നിയമസഭാ മണ്ഡലത്തില്‍ നിന്നും ഒരു ഡോക്ടറും ഒരു നഴ്‌സും വച്ച് 70 ഡോക്ടര്‍മാര്‍ക്കും 70 നഴ്‌സുമാര്‍ക്കും പരിശീലനം നല്‍കാന്‍ തീരുമാനിച്ചു. ആദ്യഘട്ടമായി എത്തിയ 15 ഡോക്ടര്‍മാര്‍ക്കും 15 നഴ്‌സുമാര്‍ക്കും 10 ദിവസത്തെ പരിശീലനം നല്‍കി. പരിശീലനത്തിന്റെ സമാപന ചടങ്ങില്‍ മന്ത്രി വീണാ ജോര്‍ജ് പങ്കെടുത്ത് സംഘത്തെ അഭിസംബോധന ചെയതു. പരിശീലനത്തില്‍ പങ്കെടുത്ത ടീം അംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റും മന്ത്രി വിതരണം ചെയ്തു.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ പാലിയേറ്റീവ് കെയര്‍ പദ്ധതി വിശദീകരിച്ചു. പാലിയേറ്റീവ് കെയര്‍ നോഡല്‍ ഓഫീസര്‍ ഡോ. മാത്യു നമ്പേലി, ആര്‍ദ്രം ജോ. കോ-ഓര്‍ഡിനേറ്റര്‍ ഡോ. മഹേഷ്, എന്നിവര്‍ പങ്കെടുത്തു. മുന്‍ ചീഫ് സെക്രട്ടറി. ഡോ. എസ്.എം. വിജയാനന്ദ്, ഡോ. എം.ആര്‍. രാജഗോപാല്‍, ഡോ. സുരേഷ് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.

Author

Leave a Reply

Your email address will not be published. Required fields are marked *