സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ആഗസ്റ്റ് 21ന് വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ നിർവഹിക്കും. സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറിയ സാഹചര്യത്തിലാണ് പ്രഖ്യാപനം. തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, ഇൻഫോസിസ് സഹസ്ഥാപകൻ എസ് ഡി ഷിബുലാൽ, എംപിമാരായ ശശി തരൂർ, ജോൺബ്രിട്ടാസ്, എ എ റഹീം, എംഎൽഎമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് മന്ത്രി എം ബി രാജേഷ് സെക്രട്ടറിയേറ്റ് പിആർ ചേംബറിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഡിജി കേരളം പദ്ധതി അട്ടപ്പാടി, പറമ്പിക്കുളം തുടങ്ങിയ ആദിവാസി മേഖലകളിലും മികച്ച വിജയം നേടിയത് ശാസ്ത്രീയവും സാമൂഹിക പങ്കാളിത്തത്തിലൂന്നിയതുമായ സമീപനങ്ങളിലൂടെയാണ്. പദ്ധതി പൂർത്തീകരിച്ചത് ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടലും പരിമിതമായ അടിസ്ഥാന സൗകര്യങ്ങളുമടക്കമുള്ള വെല്ലുവിളികൾ തിരിച്ചറിഞ്ഞുകൊണ്ട്, തദ്ദേശീയമായ സാമൂഹിക ഘടകങ്ങളെയും പ്രാദേശിക ജനപ്രതിനിധികളെയും ഫലപ്രദമായി പ്രയോജനപ്പെടുത്തിക്കൊണ്ടാണ്. ഇതിലൂടെ, പദ്ധതിയുടെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താനും അവരുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്താനും സാധിച്ചു. ‘ഡിജി കൂട്ടങ്ങൾ’ രൂപീകരിച്ചും, സാമൂഹ്യ പഠന കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ ഉപയോഗിച്ചും, ഇന്റർനെറ്റും ഉപകരണങ്ങളും ലഭ്യമാക്കിയും ആദ്യഘട്ട പരിശീലനത്തിനും തുടർപഠനത്തിനും നിരന്തരമായ് പിന്തുണ നൽകിയത് പദ്ധതിയുടെ വിജയത്തിൽ നിർണായക ഘടകമായി. സഹവർത്തിത്തത്തോടെയുള്ള സമീപനം ആദിവാസി സമൂഹങ്ങൾക്ക് ഡിജിറ്റൽ കഴിവുകൾ നൽകുക മാത്രമല്ല, പുതിയൊരു ശാക്തീകരണബോധം വളർത്തുകയും ചെയ്തു. ഇതിലൂടെ കേരളത്തിലെ എല്ലാ പൗരന്മാരെയും ഈ ഡിജിറ്റൽ മുന്നേറ്റത്തിൽ ഭാഗമാക്കാൻ ഡിജി കേരളം പദ്ധതിക്ക് കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി.