കേരള ചരിത്രത്തില്‍ ആദ്യമായാണ് പ്രതിപക്ഷം ഹെല്‍ത്ത് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

Spread the love

കോവളം : കേരള ചരിത്രത്തില്‍ ആദ്യമായാണ് പ്രതിപക്ഷം ഹെല്‍ത്ത് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സാധാരണയില്‍ നിന്നും വ്യത്യസ്തമായി ഒരു നന്മയുടെ രാഷ്ട്രയമാണ് ഈ കോണ്‍ക്ലേവിന് പിന്നിലുള്ളത്. കഴിഞ്ഞ നാലരവര്‍ഷക്കാലമായി ആരോഗ്യരംഗത്തെ പോരായ്മകളും പാളിച്ചകളും ചൂണ്ടിക്കാട്ടി അതിശക്തമായാണ് പ്രതിപക്ഷം വിമര്‍ശനം ഉന്നയിക്കുന്നത്. വിമര്‍ശിക്കുന്നതിനും തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നനപ്പുറത്തേക്ക് എന്താണ് നമ്മുടെ ബദല്‍ എന്നത് ചര്‍ച്ച ചെയ്യുന്നതിനു വേണ്ടിയാണ് യു.ഡി.എഫ് ഹെല്‍ത്ത് കമ്മിഷന് രൂപം നല്‍കിയതെന്ന് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രതിപക്ഷ നേതാവ് പറഞ്ഞു.

അപകടകരമായ സ്ഥിതിയിലേക്ക് കേരളത്തിലെ ആരോഗ്യരംഗം മാറിയിരിക്കുകയാണെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇപ്പോഴും പഴയ തഴമ്പിന്റെ ഓര്‍മ്മയിലാണ് എല്ലാത്തിലും കേരളം ഒന്നാം സ്ഥാനത്തെന്ന് മേനി പറയുന്നത്. ലോകത്താകെ അദ്ഭുതകരമായ മാറ്റങ്ങളാണ് ആരോഗ്യമേഖലയില്‍ സംഭവിക്കുന്നത്. അതിന് അനുസരിച്ചുള്ള മാറ്റം നമ്മുടെ ആരോഗ്യരംഗത്തുമുണ്ടാകണം. യു.ഡി.എഫ് സംഘടിപ്പിക്കുന്ന ഈ കോണ്‍ക്ലേവില്‍ തുടക്കമിടുന്ന ചര്‍ച്ചകള്‍ ഇനിയും തുടരും. ജനുവരി ആകുമ്പോഴേയ്ക്കും ആരോഗ്യമേഖലയില്‍ എന്തൊക്കെയാണ് ചെയ്യേണ്ടതെന്നതു സംബന്ധിച്ച് വ്യക്തതയുണ്ടാകും. ഈ ഡോക്യുമെന്റാകണം കേരളത്തിന്റെ ആരോഗ്യ മേഖലയെ നിയന്ത്രിക്കേണ്ടത്. അതാണ് ഹെല്‍ത്ത് കോണ്‍ക്ലേവിന് പിന്നിലെ രാഷ്ട്രീയം.

കോവിഡിന് ശേഷം സംസ്ഥാനത്തെ മരണ നിരക്ക് വര്‍ധിച്ചിട്ടുണ്ട്. അതേക്കുറിച്ച് നിയമസഭയില്‍ പറഞ്ഞപ്പോള്‍ ശാസ്ത്രീയ അടിത്തറയില്ലെന്നാണ് മന്ത്രി പറഞ്ഞത്. അതുസംബന്ധിച്ച ഒരു ഡാറ്റ പോലും സര്‍ക്കാരിന്റെ പക്കലില്ല. എന്ത് ഭക്ഷണം കഴിക്കണമെന്നതു സംബന്ധിച്ചും നമുക്ക് വ്യക്തതയുണ്ടാകണം. പ്രഥമിക ആരോഗ്യ മേഖലയിലാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ജില്ലാ-താലൂക്ക് ആശുപത്രികളില്‍ പ്രായമായവര്‍ക്കു വേണ്ടിയുള്ള ചികിത്സാവിഭാഗമുണ്ടാകണം. മാനസികാരോഗ്യവും അപകടകരമായ അവസ്ഥയിലാണ്. അത് പരിഹരിക്കുന്നതിനു വേണ്ടിയുള്ള ഒരു സംവിധാനവുമില്ല. ലോകരാജ്യങ്ങള്‍ അത്ഭുതപ്പെടുന്ന ഹെല്‍ത്ത് പോളിസി കേരളത്തിന് ഉണ്ടാക്കാനാകണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ഫ്രാന്‍സിസ് ജോര്‍ജ് എം.പി, സി.പി ജോണ്‍, വി.എസ് ശിവകുമാര്‍, ഡോ. എം.കെ മുനീര്‍, ജി. ദേവരാജന്‍, രാജന്‍ബാബു, എം. വിന്‍സെന്റ് എം.എല്‍.എ, ഡോ.എസ്.എസ് ലാല്‍, ഡോ. ശ്രീജിത് എന്‍. കുമാര്‍എന്നിവര്‍ക്കു പുറമെ ഇരുനൂറ്റി അന്‍പതിലധികം ആഗോള, ദേശീയ ആരോഗ്യ വിദഗ്ധര്‍ പങ്കെടുത്തു.

രാവിലെ 9 മണി മുതലുള്ള ആദ്യ സെഷനില്‍ അന്തര്‍ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന വിദേശ മലയാളി ഡോക്ടര്‍മാര്‍ പങ്കെടുത്തു. അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ആഗോള പ്രശസ്ത കാന്‍സര്‍ വിദഗ്ധരായ ഡോ: എം.വി.പിള്ള, ഡോ: ജയിം എബ്രഹാം, ഡോ: ഹരി പരമേശ്വരന്‍ എന്നിവരും അമേരിക്കയിലെ ബ്രോവാര്‍ഡ് കൗണ്ടി ഗോസ്പിറ്റല്‍ മേധാവി ഡോ: സുനില്‍കുമാര്‍, ഡോ: നീന എലിസബത്, ഡോ: ജീന ഡിക്രൂസ്, ഡോക്ടര്‍ നിര്‍മല്‍, കാനഡയില്‍ നിന്നും ഡോ: രമേഷ് വര്‍മ, ഇംഗ്ലണ്ടില്‍ നിന്നും ഡോ: സന്ദീപ് മാത്യൂസ്, ഡോ: അരുണ്‍, ഡോ: റജി തര്യന്‍ അലക്‌സാണ്ടര്‍, ബഹറിനില്‍ നിന്നും ഡോക്ടര്‍ ബാബു രാമചന്ദന്‍, ഡോ: റജി, ദുബായില്‍ നിന്നും ഡോ: കെ.പി. ഹുസൈന്‍, എന്നിവര്‍ പങ്കെടുത്തു. കേരളത്തിലെ ആരോഗ്യാരംഗം മെച്ചപ്പെടുത്താനുളള ശ്രമങ്ങള്‍ക്ക് വിദേശമലയാളി ഡോക്ടര്‍മാര്‍ പിന്തുണയറിയിച്ചു.

തുര്‍ന്ന് പത്മശ്രീ ഡോ: എ മാര്‍ത്താണ്ഡപിള്ള, ഡോക്ടര്‍ സഹദുള്ള, ആരോഗ്യ വകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ: രമേഷ്, സാമ്പത്തിക വിദഗ്ദ്ധ ഡോ: മേരി ജോര്‍ജ്, ലോകാരോഗ്യ സംഘടന ഉപദേശകന്‍ ഡോ: ആര്‍.വി. അശോകന്‍, ആരോഗ്യ -സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ: വി. രാമന്‍കുട്ടി, ആശാ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് മിനി തുടങ്ങയവര്‍ പങ്കെടുത്ത സെഷനില്‍ ആരോഗ്യരംഗത്തെ ഭാവി വെല്ലുവിളികള്‍ ചര്‍ച്ച ചെയ്തു.

കേരളത്തിന്റെ ആരോഗ്യരംഗത്തെ യഥാര്‍ത്ഥ സ്ഥിതി യു.ഡി.എഫ് കമ്മിഷന്‍ ചെയര്‍മാന്‍ ഡോ: എസ്.എസ്. ലാല്‍ അവതരിപ്പിച്ചു. തുടര്‍ന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ഹെല്‍ത്ത് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു.

കേരളത്തിന്റെ ആരോഗ്യരംഗത്തെ ഭൗതിക സൗകര്യങ്ങള്‍, ആരോഗ്യസേവന സംവിധാനങ്ങള്‍, ഹെല്‍ത്ത് ഫിനാന്‍സിംഗ്, തുല്യത, സുരക്ഷ, രക്ഷാപ്രവര്‍ത്തനം, ആയുഷ്, മെഡിക്കല്‍, പാരാമെഡിക്കല്‍ രംഗങ്ങള്‍, മരുന്നുകളുടെ സംഭരണവും ലഭ്യതയും വിതരണവും, മാനസികാരോഗ്യം, സാംക്രമിക രോഗങ്ങള്‍, ചിരകാല രോഗങ്ങള്‍, ഏകാരോഗ്യം, കുട്ടികളുടെയും കൗമാരക്കാരുടെയും ആരോഗ്യം, ട്രാന്‍സ്ജന്റര്‍ ആരോഗ്യപ്രശ്‌നങ്ങള്‍, വനിതകളുടെ ആരോഗ്യം തുടങ്ങി പതിനഞ്ചോളം പ്രധാന വിഷയങ്ങളിലും അന്‍പതോളം ഉപവിഷയങ്ങളിലും ചര്‍ച്ച നടന്നു. എണ്‍പതിലധികം വിദഗ്ധര്‍ സംസാരിച്ചു. ജനുവരിയോടെ ഹെല്‍ത്ത് കമ്മിഷന്റ സമ്പൂര്‍ണ റിപ്പോര്‍ട്ട് തയ്യറാകും.

ആഗോള പൊതുജനാരോഗ്യ വിദഗ്ദ്ധന്‍ ഡോ: എസ്.എസ്. ലാല്‍ ചെയര്‍മാനായ ഹെല്‍ത്ത് കമ്മിഷനില്‍ ഡോ: ശ്രീജിത്. എന്‍ കുമാര്‍, ഡോ: രാജന്‍ ജോസഫ് മാഞ്ഞൂരാന്‍, ഡോ: പി.എന്‍. അജിത, ഡോ: ഒ.റ്റി. മുഹമ്മദ് ബഷീര്‍ എന്നിവരാണ്അംഗങ്ങള്‍.

Author

Leave a Reply

Your email address will not be published. Required fields are marked *