ഉപ്പുവെള്ളം കയറിയ കുട്ടനാടൻ പാടശേഖരങ്ങളിലെ നെല്ല് സംഭരണം: 1 കോടി 17 ലക്ഷം അനുവദിച്ചു

Spread the love

ആലപ്പുഴ : ഉഷ്‌ണതരംഗത്തെ തുടർന്ന് പാടശേഖരങ്ങളിൽ ഉപ്പുവെള്ളം കയറിയതിനെ തുടർന്ന് വലിയതോതിലുള്ള വിളനാശം നേരിട്ട കർഷകരിൽ നിന്നും കൃഷി വകുപ്പ് നേരിട്ട് ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് മുഖേന സംഭരിച്ച നെല്ലിന് സംഭരണ തുകയായി 1 കോടി 17 ലക്ഷം അനുവദിച്ചതായി കൃഷി മന്ത്രി പി. പ്രസാദ് പ്രസ്താവിച്ചു. ഉപ്പുവെള്ളം പാടശേഖരങ്ങളിൽ കയറിയതിനെ തുടർന്ന് പതിരായ നെല്ല് സംഭരിക്കുന്നതിൽ മില്ലുകാർ വൻ തോതിൽ കിഴിവ് ആവശ്യപ്പെടുകയും നെല്ല് സംഭരിക്കുന്നതിൽ വിമുഖത കാണിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സർക്കാർ ഈ വിഷയത്തിൽ നേരിട്ട് ഇടപെട്ടത്. വിള ഇൻഷുറൻസ് പദ്ധതി ഉറപ്പാക്കി പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന വിള നാശത്തിനുള്ള നഷ്‌ടപരിഹാരം ഉറപ്പാക്കുക എന്നതാണ് പ്രായോഗികമായ നടപടി എന്നിരിക്കിലും കർഷകരുടെ അധ്വാനത്തിനുള്ള പരിഹാരം കേവലം നഷടപരിഹാര തുകയിൽ മാത്രം ഒതുക്കി നിർത്താൻ കഴിയുന്നതല്ല എന്ന വസ്തുതയിൽ നിന്നാണ് ഉപ്പ് വെള്ളം കയറിയ പാടശേഖരങ്ങളിൽ നിന്നും കൃഷി വകുപ്പ് നേരിട്ട് നെല്ല് സംഭരിക്കുന്നതിന് ആലോചിച്ചത്. സംസ്ഥാനത്ത് സപ്ലൈകോയിലൂടെ കേന്ദ്ര സർക്കാരുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് കർഷകരിൽ നിന്നും നെല്ല് സംഭരിക്കുന്നത്. സപ്ലൈകോ മില്ലുകാരെ ചുമതലപ്പെടുത്തിയാണ് സംഭരണ പ്രവർത്തനങ്ങൾ പാടശേഖര അടിസ്ഥാനത്തിൽ നിർവ്വഹിക്കുന്നത്. ഇത്തരത്തിൽ സപ്ലൈകോ വിവിധ മില്ലുകൾ മുഖേന സംഭരിക്കുന്ന നെല്ല് അരിയാക്കി തിരികെ സപ്ലൈകോയിലേക്കും പിന്നീട് പൊതു വിതരണ കേന്ദ്രങ്ങളിലൂടെ ഉപഭോക്താക്കളിലേക്കും വിതരണം ചെയ്ത അളവിന്റെ അടിസ്ഥാനത്തിൽ അതാത് മാസാവസാനം മാത്രമേ കേന്ദ്രത്തോട് തുക ആവശ്യപ്പെട്ട് അപേക്ഷ നൽകാൻ കഴിയുകയുള്ളൂ. 2601 കോടി രൂപ ഇനിയും കേന്ദ്രത്തിൽ നിന്നും സംസ്ഥാനത്തിന് ലഭിക്കാനുണ്ട് മന്ത്രി പറഞ്ഞു. റേഷൻ കടകളിലെ EPOS യന്ത്രങ്ങൾ തകരാറിലാകുന്നത് പോലും സമയബന്ധിതമായി കർഷകരുടെ നെല്ലിന്റെ തുക നൽകാൻ തടസ്സമാകുന്ന സ്ഥിതിയുണ്ട്. കർഷകരുടെ പ്രതിസന്ധിയിൽ ഇത്തരത്തിൽ ഉണ്ടാകുന്ന കാലതാമസം ഒരിക്കലും ന്യായീകരിക്കാൻ കഴിയുന്നതല്ല. കലാവസ്ഥതിഷ്‌ഠിത വിലഇൻഷുറൻസ് മാത്രമായിരുന്നു പിന്നീട് അധികമായി കർഷകർക്ക് നൽകാൻ കഴിയുന്ന ഒരു സഹായം. എന്നാൽ കൊയ്തെടുത്ത നെല്ല് ഉപേക്ഷിക്കാൻ കഴിയില്ല, ഈ സ്ഥിതിയിലാണ് ചരിത്രത്തിൽ ആദ്യമായി കൃഷിവകുപ്പ് നേരിട്ട് കർഷകരിൽ നിന്നും നെല്ല് സംഭരിക്കാൻ തീരുമാനിച്ചത്. അതിൽ കടമ്പകൾ ഏറെയായിരുന്നെങ്കിലും ക്യാബിനെറ്റിൽ ഇക്കാര്യം അവതരിപ്പിച്ച് മുഖ്യമന്ത്രിയുടെയും ധനകാര്യ വകുപ്പ് മന്ത്രിയുടെയും എല്ലാ വിധ പിന്തുണയോടും കൂടെ വകുപ്പ് നെല്ല് സംഭരിക്കാൻ തീരുമാനിക്കുകയായിരുന്നു മന്ത്രി പറഞ്ഞു. ഓയിൽ പാം ഇന്ത്യ ലിമിറ്റഡിനെ ഇതിനായി നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചു. സംഭരണ സംവിധാനങ്ങളുടെ അപര്യാപ്തത ഓയിൽ പാം ഇന്ത്യയെ സംബന്ധിച്ചിടത്തോളം മറ്റൊരു വെല്ലുവിളിയായിരുന്നു. വെയർഹൗസിങ് കോർപറേഷൻ സംഭരണ കേന്ദ്രങ്ങളിൽ സൗകര്യം ഒരുക്കി മുന്നോട്ട് വന്നു, അങ്ങനെ കേരളത്തിൽ ആദ്യമായി കൃഷി വകുപ്പ് നേരിട്ട് നെല്ല് സംഭരിക്കുന്ന പ്രവർത്തനങ്ങൾക്ക് നമ്മൾ സാക്ഷ്യം വഹിച്ചു, മന്ത്രി പറഞ്ഞു.

 

Author

Leave a Reply

Your email address will not be published. Required fields are marked *