എച്ച്.എല്‍.എല്‍ ഒപ്റ്റിക്കല്‍സ് പതിനഞ്ചാം വര്‍ഷത്തിലേക്ക്; കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പുതിയ ഔട്ട്ലെറ്റ് നവംബർ ഒന്ന് മുതൽ

Spread the love

കൊച്ചി :  ഉയര്‍ന്ന ഗുണനിലവാരമുള്ള കണ്ണടകളും ലെന്‍സുകളും മറ്റ് ഒഫ്താല്‍മിക് ഉത്പന്നങ്ങളും മിതമായ നിരക്കില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച എച്ച്എല്‍എല്‍ ഒപ്റ്റിക്കല്‍സ് പതിനഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നു. എച്ച്.എല്‍.എല്ലിന്റെ വജ്ര ജൂബിലി വര്‍ഷത്തിലെ വികസന പദ്ധതികളുടെ ഭാഗമായി, എച്ച്.എല്‍.എല്‍ ഒപ്റ്റിക്കല്‍സിന്റെ പുതിയ ഔട്ട്ലെറ്റ് നവംബർ ഒന്ന് മുതൽ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനം ആരംഭിക്കും.

കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡിന്റെ സംരംഭമാണ് എച്ച്.എല്‍.എല്‍ ഒപ്റ്റിക്കല്‍സ്. 2011-ല്‍ തിരുവനന്തപുരം റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയില്‍ (ആര്‍ഐഒ) തുടങ്ങിയ ഈ സംരംഭം ഇന്ന് ആയിരക്കണക്കിന് ആളുകളുടെ ആശ്രയകേന്ദ്രമായി വളര്‍ന്നിരിക്കുന്നു. കണ്ണൂര്‍ ജില്ലാ ആശുപത്രി, കോഴിക്കോട്, ആലപ്പുഴ, തൃശൂര്‍ മെഡിക്കല്‍ കോളേജുകള്‍, വയനാട് വൈത്തിരി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലായി കേരളത്തിലുടനീളം എച്ച്.എല്‍.എല്‍ ഒപ്റ്റിക്കല്‍സ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഡിജിറ്റല്‍ യുഗത്തില്‍ കമ്പ്യൂട്ടറുകളുടെയും മൊബൈല്‍ ഫോണുകളുടെയും ഉപയോഗം വര്‍ധിച്ചതോടെ കണ്ണടകള്‍ ഒരു അവശ്യവസ്തുവായി മാറി. ഈ ആവശ്യം തിരിച്ചറിഞ്ഞുകൊണ്ട്, എച്ച്എല്‍എല്‍ ഒപ്റ്റിക്കല്‍സ് ഉത്പന്നങ്ങള്‍ വിപണി വിലയേക്കാള്‍ 10% മുതല്‍ 40% വരെ വിലക്കുറവിലാണ് നല്‍കി വരുന്നത്. 160 രൂപ മുതല്‍ 15,000 രൂപ വരെയുള്ള ഫ്രെയിമുകളും വൈവിധ്യമാര്‍ന്ന ലെന്‍സുകളും ഇവിടെ ലഭ്യമാണ്.

ഇറ്റലി, ഫ്രാന്‍സ്, ജപ്പാന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ചൈന തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ നിര്‍മ്മാതാക്കളില്‍ നിന്നുള്ള ലെന്‍സുകളാണ് ഇവിടെ ഉപയോഗിക്കുന്നത്. ഫാഷന്‍ ഇഷ്ടപ്പെടുന്ന യുവതലമുറയ്ക്കായി ഏറ്റവും പുതിയ ഡിസൈനുകളിലുള്ള ഫ്രെയിമുകളും, അള്‍ട്രാ-തിന്‍, ആന്റി-റിഫ്‌ലക്ഷന്‍, ‘വാരിലക്‌സ്’ പോലുള്ള നൂതന ലെന്‍സുകളും ലഭ്യമാണ്. ഓരോ ഉപഭോക്താവിനും അനുയോജ്യമായ കണ്ണടകളും ലെന്‍സുകളും തിരഞ്ഞെടുക്കാന്‍ സഹായിക്കുന്നതിന് പരിചയസമ്പന്നരായ ജീവനക്കാരുടെയും ടെക്‌നീഷ്യന്‍മാരുടെയും സേവനവും ഉണ്ട്.

എച്ച്എല്‍എല്ലിന്റെ റീട്ടെയില്‍ ബിസിനസ് ഡിവിഷന് കീഴിലാണ് എച്ച്എല്‍എല്‍ ഒപ്റ്റിക്കല്‍സ് പ്രവര്‍ത്തിക്കുന്നത്. ഇതിനുപുറമെ, ജീവന്‍രക്ഷാ മരുന്നുകളും മറ്റ് ആരോഗ്യ ഉത്പന്നങ്ങളും മിതമായ നിരക്കില്‍ ലഭ്യമാക്കുന്ന അമൃത് ഫാര്‍മസിയും എച്ച്എല്‍എല്‍ ഫാര്‍മസിയും ഇന്ത്യയിലുടനീളം പ്രവര്‍ത്തിക്കുന്നുണ്ട്.

Julie John

Author

Leave a Reply

Your email address will not be published. Required fields are marked *