കെസിഎൽ രണ്ടാം സീസണിൽ ആദ്യ വിജയവുമായി ട്രിവാൺഡ്രം റോയൽസ്

Spread the love

തിരുവനന്തപുരം : കെസിഎല്ലിൽ ഏരീസ് കൊല്ലം സെയിലേഴ്സിനെ നാല് വിക്കറ്റിന് തോല്പിച്ച് ട്രിവാൺഡ്രം റോയൽസ്. ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയിലേഴ്സ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തു.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസ് ഒരോവർ ബാക്കി നില്ക്കെ ലക്ഷ്യത്തിലെത്തി. അർദ്ധസെഞ്ച്വറിയുമായി റോയൽസിന് വിജയമൊരുക്കിയ റിയ ബഷീറാണ് കളിയിലെ താരം

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയിലേഴ്സിൻ്റെ തുടക്കം തകർച്ചയോടെയായിരുന്നു. തുടർച്ചയായ രണ്ടാം മല്സരത്തിലും വെടിക്കെട്ട് ബാറ്ററായ വിഷ്ണു വിനോദ് ചെറിയ സ്കോറിൽ പുറത്തായി. ഒരു റണ്ണെടുത്ത വിഷ്ണു വിനോദിനെ ഫാനൂസ് ഫായിസ് റണ്ണൌട്ടാക്കുകയായിരുന്നു. സ്കോർ 28ൽ നില്ക്കെ പത്ത് റൺസെടുത്ത സച്ചിൻ ബേബിയെ ടി എസ് വിനിലും പുറത്താക്കി. എന്നാൽ അഭിഷേക് ജെ നായരും വത്സൽ ഗോവിന്ദും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് സെയിലേഴ്സിന് തുണയായി.കൂറ്റൻ ഷോട്ടുകൾ പായിച്ച് അഭിഷേക് സ്കോർ ഉയർത്തിയപ്പോൾ നിലയുറപ്പിച്ചുള്ള ഇന്നിങ്സായിരുന്നു വത്സൽ ഗോവിന്ദിൻ്റേത്. മനോഹരമായി ബാറ്റ് ചെയ്യുകയായിരുന്ന അഭിഷേകിനെ വി അജിത് പുറത്താക്കിയത് സെയിലേഴ്സിന് തിരിച്ചടിയായി. 36 പന്തുകളിൽ ഒരു ഫോറും അഞ്ച് സിക്സും അടക്കം 53 റൺസാണ് അഭിഷേക് നേടിയത്. തുടർന്നെത്തിയ എം എസ് അഖിലിനെ മനോഹരമായൊരു യോർക്കറിലൂടെ അഭിജിത് പ്രവീൺ മടക്കി. മൂന്ന് റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ എൻ എം ഷറഫുദ്ദീൻ്റെ വിക്കറ്റും കൊല്ലത്തിന് നഷ്ടമായി. തുടർന്നെത്തിയവരും കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. എന്നാൽ മറുവശത്ത് ഉറച്ച് നിന്ന വത്സൽ ഗോവിന്ദിൻ്റെ പ്രകടനമാണ് കൊല്ലത്തിന് മികച്ച സ്കോർ സാധ്യമാക്കിയത്. 47 പന്തുകളിൽ മൂന്ന് ഫോറും മൂന്ന് സിക്സുമടക്കം 63 റൺസാണ് വത്സൽ ഗോവിന്ദ് നേടിയത്. ട്രിവാൺഡ്രം റോയൽസിന് വേണ്ടി അഭിജിത് പ്രവീൺ മൂന്നും ബേസിൽ തമ്പി രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസിന് തുടക്കത്തിൽ തന്നെ എസ് സുബിൻ്റെ വിക്കറ്റ് നഷ്ടമായി. എന്നാൽ റിയ ബഷീറും കൃഷ്ണപ്രസാദും ചേർന്ന് അതിവേഗത്തിൽ ഇന്നിങ്സ് മുന്നോട്ട് നീക്കി. എന്നാൽ ക്യാപ്റ്റൻ കൃഷ്ണപ്രസാദിനെ ഏദൻ ആപ്പിൾ ടോമിൻ്റെ പന്തിൽ ഷറഫുദ്ദീൻ ഉജ്ജ്വലമായൊരു ക്യാച്ചിലൂടെ പുറത്താക്കി. 24 റൺസായിരുന്നു കൃഷ്ണപ്രസാദ് നേടിയത്. തുടർന്ന് ഗോവിന്ദ് ദേവ് പൈയ്ക്കും എം നിഖിലിനുമൊപ്പം റിയ ബഷീർ തീർത്ത കൂട്ടുകെട്ടുകളാണ് മല്സരത്തിൽ റോയൽസിന് നിർണ്ണായകമായത്. ഗോവിന്ദ് ദേവ് പൈ 27ഉം നിഖിൽ 26ഉം റൺസെടുത്ത് പുറത്തായെങ്കിലും, മറുവശത്ത് ഉറച്ച് നിന്ന റിയ ബഷീർ 45 പന്തുകളിൽ നിന്ന് ആറ് ഫോറും രണ്ട് സിക്സുമടക്കം 62 റൺസ് നേടി. കളി അവസാനത്തോട് അടുക്കെ റിയ ബഷീറിനെയും അഭിജിത് പ്രവീണിനെയും പുറത്താക്കി എം എസ് അഖിൽ സെയിലേഴ്സിന് പ്രതീക്ഷ നല്കി. എന്നാൽ മനസാന്നിധ്യത്തോടെ ബാറ്റ് വീശിയ അബ്ദുൾ ബാസിദിൻ്റെ പ്രകടനം കളി റോയൽസിന് അനുകൂലമാക്കി. 11 പന്തുകളിൽ 20 റൺസുമായി പുറത്താകാതെ നിന്ന അബ്ദുൾ ബാസിദിൻ്റെ മികവിൽ 19ആം ഓവറിൽ റോയൽസ് ലക്ഷ്യത്തിലെത്തി. കൊല്ലത്തിന് വേണ്ടി ബിജു നാരായണനും എം എസ് അഖിലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വിജയത്തിലൂടെ രണ്ട് പോയിൻ്റുമായി റോയൽസ് അക്കൗണ്ട് തുറന്നു.

PGS Sooraj

Author

Leave a Reply

Your email address will not be published. Required fields are marked *