ഫറോക്ക് താലൂക്ക് ആശുപത്രി: 23.5 കോടിയുടെ പുതിയ കെട്ടിടം

Spread the love

ഞായറാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും.

 

സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ നടപ്പിലാക്കി വരുന്ന ബഹുമുഖ വികസന പദ്ധതികളുടെ ഭാഗമായി ഫറോക്ക് താലൂക്ക് ആശുപത്രിയില്‍ പുതിയതായി നിര്‍മ്മിച്ച ബഹുനില മന്ദിരം ആഗസ്റ്റ് 31ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സ്വാഗതം ആശംസിക്കും. എം.കെ. രാഘവന്‍ എംപി മുഖ്യാതിഥിയാകും. മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

സംസ്ഥാന ആരോഗ്യ മേഖലയില്‍ നടന്നു വരുന്ന വലിയ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഫറോക്ക് താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കിഫ്ബി വഴി 23.5 കോടി രൂപ ചെലവഴിച്ചാണ് 47,806 ചതുരശ്ര അടി വിസ്തൃതിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. വിവിധ സ്‌പെഷ്യാലിറ്റികള്‍, ഓപ്പറേഷന്‍ തിയേറ്ററുകള്‍, ലാബുകള്‍ തുടങ്ങിയ അതിനൂതനമായ സൗകര്യങ്ങളോടെ രോഗി പരിചരണം ഉറപ്പാക്കുന്ന ആശുപത്രിയില്‍ ഒരേസമയം 103 രോഗികളെ കിടത്തി ചികിത്സിക്കാന്‍ കഴിയും. ഓക്‌സിജന്‍ പ്ലാന്റ്, ട്രോമാ കെയര്‍ യൂണിറ്റ്, അത്യാഹിത വിഭാഗം, ഓപ്പറേഷന്‍ തിയേറ്ററുകള്‍ തുടങ്ങിയവ പുതിയ ആശുപത്രിയുടെ ഭാഗമായി വരുന്നുണ്ട്. പുതിയ സംവിധാനങ്ങള്‍ ജനങ്ങള്‍ക്ക് ഏറെ സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.

താഴത്തെ നിലയില്‍ ജനറേറ്റര്‍ റൂം, എയിഡ് പോസ്റ്റ്, ട്രയേജ്, വിവിധ ഒപികള്‍, ഇഞ്ചക്ഷന്‍, നെബുലൈസേഷന്‍ റൂം, മൈനര്‍ ഒടി, എക്‌സ്‌റേ, ഫാര്‍മസി സ്റ്റോര്‍, ഒപ്ടിയോമെട്രി റൂം, നഴ്‌സിംഗ് സ്റ്റേഷന്‍, കാരുണ്യ ഇന്‍ഷുറന്‍സ് കൗണ്ടര്‍ എന്നിവയും ഒന്നാം നിലയില്‍ ആധുനിക ലബോറട്ടറി, അള്‍ട്രാ സൗണ്ട് സ്‌കാനിംഗ്, സെന്‍ട്രല്‍ ലബോറട്ടറികളായ മൈക്രോബയോളജി, ബയോകെമിസ്ട്രി, ഹെമറ്റോളജി, ബ്ലഡ് സ്റ്റോറേജ്, വിവിധ ഒപികള്‍ എന്നിവയും രണ്ടാമത്തെ നിലയില്‍ 45 കിടക്കകളുള്ള പുരുഷന്മാരുടെ വാര്‍ഡ്, നഴ്‌സിംഗ് സ്റ്റേഷന്‍, സ്റ്റോര്‍ റൂം, മൂന്നാമത്തെ നിലയില്‍ 45 കിടക്കകളുള്ള സ്ത്രീകളുടെ വാര്‍ഡ്, സ്റ്റോര്‍ റൂം, എന്നിവയും ഏറ്റവും മുകളിലെ നിലയില്‍ ഒഎച്ച് ഫയര്‍ ടാങ്ക്, ഫ്‌ളഷ് ടാങ്ക്, ഡൊമസ്റ്റിക് ടാങ്ക്, സോളാര്‍ പ്ലാന്റ് എന്നിവയുണ്ട്.

Author

Leave a Reply

Your email address will not be published. Required fields are marked *