പ്രതിപക്ഷ നേതാവ് പറവൂരില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം (04/09/2025).

കൊച്ചി : കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. കേരള പൊലീസ് നിരപരാധിയായ ചെറുപ്പക്കാരനോട് ക്രിമിനലുകളോട് പോലും കാട്ടാത്ത ക്രൂരതയാണ് ചെയ്തത്. കള്ളക്കേസില്‍ കുടുക്കി മനപൂര്‍വമായി ക്രൂരമര്‍ദ്ദനമാണ് നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അടിയന്തിര നടപടി സ്വീകരിക്കണം. ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പുറത്താക്കണം. ഇത്തരക്കാരെ സര്‍വീസില്‍ വച്ചുപൊറുപ്പിക്കാന്‍ പാടില്ല. പുതിയ കാലത്താണ് ഇവര്‍ ഒരു ചെറുപ്പക്കാരനോട് ഇത്രയും ക്രൂരത കാട്ടിയത്. നടപടിക്ക് തയാറായില്ലെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സാധാരണ നിലയില്‍ സ്വീകരിക്കാത്ത നടപടികളിലേക്ക് പോകും. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ദൃശ്യങ്ങള്‍ വന്നതിന് ശേഷം ഡി.ഐ.ജി നടത്തിയതും പ്രതികളെ രക്ഷിക്കുന്നതിനു വേണ്ടിയുള്ള ശ്രമമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് പൊലീസിനെ ഭരിക്കുന്നത്. ആ ഉപജാപകസംഘത്തിന്റെ വക്താവായി ഡി.ഐ.ജി മാറരുത്. സര്‍വീസില്‍ നിന്നും പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഏതറ്റം വരെയും പോകും. ഇക്കാര്യത്തില്‍ യു.ഡി.എഫിനും ഉറച്ച നിലപാടാണ്.
മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ 5 ഉദ്യോഗസ്ഥര്‍ പ്രതിപട്ടികയില്‍ പോലുമില്ല. അവരെ രക്ഷിക്കാന്‍ മുകളില്‍ നിന്നും ശ്രമമുണ്ടായി. സി.പി.എം ജില്ലാ കമ്മിറ്റിയും പല മുതിര്‍ന്ന നേതാക്കളും അതിന് പിന്നിലുണ്ട്. ക്രൈം ഡിറ്റാച്ച്‌മെന്റ് എ.സി.പിയുടെ റിപ്പോര്‍ട്ട് പൂഴ്ത്തിയാണ് പ്രതികളെ സംരക്ഷിച്ചത്. വിവരാവകാശ നിയമ പ്രകാരം ഈ ദൃശ്യങ്ങള്‍ കിട്ടിയില്ലായിരുന്നെങ്കിലും ഇത്രയും വലിയൊരു ക്രൂരത പുറത്തറിയില്ലായിരുന്നു. ക്യാമറ ഇല്ലാത്ത സ്ഥലത്ത് വച്ചും ക്രൂരമായി മര്‍ദ്ദിച്ചിട്ടുണ്ട്. ഒരു വിട്ടുവീഴ്ചയ്ക്കുമില്ല. ഇതാണ് കേരളത്തിലെ പൊലീസ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് തോന്നിയതു പോലെ പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതും നിയന്ത്രിക്കുന്നതും. കേരള പൊലീസ് നാണംകെട്ടു നില്‍ക്കുകയാണ്. പൊലീസ് സേനയ്ക്ക് അപമാനകരമായ ക്രൂരതയാണ് നടന്നത്. തീവ്രവാദികള്‍ പോലും ചെയ്യാത്ത ക്രൂരതയാണ് ഒരു ചെറുപ്പക്കാരനോട് പൊലീസ് ചെയ്തത്.

പത്താം കൊല്ലത്തില്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് അയ്യപ്പ ഭക്തിയെന്നത് അദ്ഭുതപ്പെടുത്തുന്നതാണ്. ആചാരലംഘനത്തിനു വേണ്ടി പൊലീസിനെ ഉപയോഗിച്ച് ക്രൂരമായി പെരുമാറി എന്നതാണ് അയ്യപ്പ സംഗമം നടത്തുന്നവരുടെ പശ്ചാത്തലം. നാമജപ ഘോഷയാത്ര ഉള്‍പ്പെടെ സമാധാനപരമായി സമരം ചെയ്തവര്‍ക്കെതിരെ കേസെടുത്തു. പത്ത് വര്‍ഷമായി ശബരിമലയിലെ വികസനത്തിന് വേണ്ടി ഒന്നും ചെയ്തില്ല. എന്നിട്ടാണ് പത്താമത്തെ വര്‍ഷം തിരഞ്ഞെടുപ്പിന്റെ സായാഹ്നത്തില്‍ ശബരിമലയിലെ മാസ്റ്റര്‍ പ്ലാനിനെ കുറിച്ച് പറയുന്നത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള അയ്യപ്പ ഭക്തിക്ക് പിന്നില്‍ എന്താണെന്ന് സാമന്യ യുക്തിയുള്ള അയ്യപ്പ ഭക്തര്‍ക്ക് മനസിലാകും. സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടെ ഉറച്ചു നില്‍ക്കുന്നുണ്ടോ? കേസുകള്‍ പിന്‍വലിക്കാന്‍ തയാറുണ്ടോ? എന്തുകൊണ്ട് ഇത്രയും കാലം ശബരിമലയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ല? യു.ഡി.എഫ് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണം. കവനന്റ് പ്രകാരം നല്‍കേണ്ട 82 ലക്ഷം രൂപ പോലും കഴിഞ്ഞ മൂന്നു വര്‍ഷമായി സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിന് നല്‍കിയിട്ടില്ല. ശമ്പളം നല്‍കാന്‍ കാണിക്ക പൊട്ടിക്കേണ്ട 
അവസ്ഥയിലാണ് ബോര്‍ഡ്. ഇതിനിടയിലാണ് തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അയ്യപ്പന്റെ പേരിലുള്ള കാപട്യവും രാഷ്ട്രീയ മുതലെടുപ്പും. ഇതൊക്കെ കേരളത്തിലെ ജനങ്ങളും അയ്യപ്പ ഭക്തരും തിരിച്ചറിയും. യു.ഡി.എഫ് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് സര്‍ക്കാരും ദേവസ്വം ബോര്‍ഡും മറുപടി നല്‍കട്ടെ. പോകുന്നുണ്ടോ ഇല്ലയോ എന്നത് അപ്രധാനമായ കാര്യമാണ്. യു.ഡി.എഫ് പങ്കെടുക്കാന്‍ അവിടെ നടക്കുന്നത് രാഷ്ട്രീയ സമ്മേളനമൊന്നും അല്ലല്ലോ. ഞങ്ങള്‍ പോകുന്നോ ഇല്ലയോ എന്നതല്ല, ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് വേണ്ടത്. എന്നാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ളവര്‍ക്ക് മറുപടിയില്ല. ഇപ്പോള്‍ മുഖ്യമന്ത്രിക്ക് വലിയ അയ്യപ്പ ഭക്തിയാണ്. എന്തിനാണ് ഇവര്‍ നവോത്ഥാന സമിതിയുണ്ടാക്കിയത്? ആചാരലംഘനം നടത്തുന്നത് നവോത്ഥാനമാണെന്നു പറഞ്ഞാണ് നവോത്ഥാന സമിതിയുണ്ടാക്കിയത്. നവോത്ഥാന സമിതി സംഘടിപ്പിച്ച മതിലില്‍ പങ്കെടുത്ത ചേട്ടനും ചേച്ചിയുമാണ് നരബലി കേസില്‍ ജയിലിലായത്. യു.ഡി.എഫ് എല്ലാ കാലത്തും വിശ്വാസികള്‍ക്കൊപ്പം നിന്നിട്ടുണ്ട്. ഞങ്ങളെ പിന്തിരിപ്പന്‍മാരെന്നും ഫ്യൂഡലിസ്റ്റുകളെന്നുമാണ് ആക്ഷേപിച്ചത്. പുരോഗമനവാദികളായിരുന്നവര്‍ക്ക് തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ എന്താണ് പറ്റിയത്?
പ്രതിപക്ഷ നേതാവിനെ സംഘാടക സമിതിയില്‍ ഉള്‍പ്പെടുത്തിയത് ചോദിക്കാതെയാണ്. സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയപ്പോഴാണ് സംഘാടക സമിതിയില്‍ ഉണ്ടെന്ന് അറിയുന്നതു തന്നെ. ദേവസ്വം പ്രസിഡന്റ് എന്റെ വീട്ടിലേക്ക് വന്നത് എന്നോട് ചോദിക്കാതെയാണ്. കത്തും നല്‍കി പുറത്തു പോയതിനു ശേഷമാണ് കാണാന്‍ കൂട്ടാക്കിയില്ലെന്നു മാധ്യമങ്ങളോട് പറഞ്ഞത്. എപ്പോള്‍ വന്നാലും കാണാന്‍ തയാറാണ്. പക്ഷെ മുന്‍കൂട്ടി അറിയിച്ചിട്ടു വേണം വരാന്‍. എന്നെ മര്യാദ പഠിപ്പിക്കാന്‍ ദേവസ്വം മന്ത്രി വരേണ്ട. അത്രയും അദ്ദേഹം ആയിട്ടില്ല. ശത്രുക്കള്‍ വന്നാല്‍ പോലും കാണുന്ന ആളാണ് ഞാന്‍. ഔദ്യോഗിക സ്ഥാനത്ത് ഇരിക്കുമ്പോള്‍ നിരവധി പേര്‍ കാണാനെത്തും.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ നിയമിക്കുന്നത് സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ കമ്മിറ്റി തീരുമാനിക്കും. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ അടയാളപ്പെടുത്താന്‍ പോകുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. അതിന് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ആക്ഷേപം കേട്ടയാളാണ് ഞാന്‍. സമൂഹമാധ്യമത്തിലെ ഭീഷണി കൊണ്ട് നിലപാട് മാറ്റില്ല. ബോധ്യങ്ങളില്‍ നിന്നാണ് നിലപാടെടുത്തത്. വേണമെങ്കില്‍ സി.പി.എമ്മിനെ പോലെ എഫ്.ഐ.ആറും പരാതിയും ഇല്ലെന്ന കാരണങ്ങള്‍ പറയാമായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ കൂടിയാലോചിച്ച് ഏകകണ്ഠമായാണ് തീരുമാനം എടുത്തത്. ആ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. ആ തീരുമാനം സ്ത്രീകളോടുള്ള കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ബഹുമാനം കൂടിയാണ്. അതിന്റെ പേരില്‍ എന്ത് ആക്ഷേപം കേട്ടാലും കുഴപ്പമില്ല. എനിക്കെതിരെ ദിവസേന പത്ത് കാര്‍ഡും വീഡിയോയും ഇറക്കണമെന്ന നിര്‍ദ്ദേശമാണ് സി.പി.എം നല്‍കിയിരിക്കുന്നത്. എല്ലാ ദിവസവും നിരവധി കാര്‍ഡുകള്‍ ഇറക്കുന്നുണ്ട്. ദുബായി പോയപ്പോള്‍ ജീന്‍സ് ഇട്ടെന്ന തരത്തിലും കാര്‍ഡിറക്കി. ഞാന്‍ എല്ലാ വസ്ത്രങ്ങളും ഉപയോഗിക്കാറുണ്ട്. ഇവരുടെ പ്രചരണത്തിലൊന്നും ഭയന്ന് പിന്നോട്ട് പോകില്ല. കൂട്ടായ നേതൃത്വമാണ് കേരളത്തിലെ കോണ്‍ഗ്രസിനും യു.ഡി.എഫിനുമുള്ളത്. ഏത് തീരുമാനം എടുത്താലും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കും. തീരുമാനങ്ങള്‍ എല്ലാം ശരിയായിരുന്നെന്ന ബോധ്യമുണ്ട്. വ്യക്തിക്കല്ല പ്രസ്ഥാനത്തിനാണ് പ്രധാന്യം. പ്രസ്ഥാനത്തിന്റെ വിശ്വാസ്യതയും അന്തസും കളഞ്ഞുകുളിക്കാന്‍ അനുവദിക്കില്ല.