
നഗരനയം കാലഘട്ടത്തിന്റെ അനിവാര്യത: മുഖ്യമന്ത്രി പിണറായി വിജയൻതദ്ദേശ സ്വയംഭരണ വകുപ്പ് സംഘടിപ്പിച്ച കേരള അർബൻ കോൺക്ലേവ് 2025 കൊച്ചി ഗ്രാൻഡ് ഹയാത്ത് കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വൻനഗരങ്ങളും ഉപനഗരങ്ങളുമായി അതിവേഗം നഗരവൽക്കരണം നടന്നുകൊണ്ടിരിക്കുന്ന കേരളത്തിൽ വ്യക്തവും സുസ്ഥിരവും എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതുമായ നഗരനയം ആവശ്യമാണെന്ന് ചടങ്ങിൽ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു. ലോക ജനസംഖ്യയുടെ 60 ശതമാനത്തോളം നഗരങ്ങളിലാണ്. വിസ്തൃതിയിൽ ചെറുതാണെങ്കിലും ജനസാന്ദ്രതയിൽ കേരളം വളരെ മുന്നിലാണ്. 2035 ഓടെ കേരള ജനസംഖ്യയുടെ 90 ശതമാനത്തോളം നഗര ജനസംഖ്യയായി മാറുമെന്നാണ് വിലയിരുത്തൽ.സാധാരണയായി നഗരവൽക്കരണം വ്യവസായവൽക്കരണത്തിന്റെ ഒരു ഉപ- ഉൽപ്പന്നമാണ്. വൻകിട വ്യവസായ നഗരങ്ങൾക്ക് ചുറ്റും ജനങ്ങൾ തിങ്ങിപ്പാർക്കാൻ തുടങ്ങുകയും നഗരങ്ങൾക്ക് ഉപഗ്രഹനഗരങ്ങൾ ഉണ്ടാവുകയും, അവ പിന്നീട് നഗരങ്ങളായി മാറുകയും ചെയ്യുന്നു.
എന്നാൽ കേരളത്തിൽ നഗരവൽക്കരണം സംഭവിക്കുന്നത് വ്യവസായവൽക്കരണത്തോടനുബന്ധിച്ച് മാത്രമല്ല. സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ ഒട്ടേറെ ഘടകങ്ങൾ അതിലുണ്ട്. കാലാകാലങ്ങളായി വിദേശരാജ്യങ്ങളുമായി നിലനിന്ന വാണിജ്യ ബന്ധം, സമാധാനാന്തരീക്ഷം, സാമൂഹിക ഐക്യം, വിശാലമായ തീരദേശം, ഉയർന്ന ജീവിത നിലവാരം, മെച്ചപ്പെട്ട വരുമാന നിലവാരം, കാലാവസ്ഥാ ഘടകങ്ങൾ എന്നിവയെല്ലാം കേരളത്തിന്റെ നഗരവൽക്കരണത്തിന് കാരണമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.കുടിയൊഴിപ്പിക്കൽ നിരോധനവും, കാർഷിക നിയമങ്ങളും, ഭൂപരിഷ്‌കരണ നിയമവും സാധാരണക്കാരെ ഭൂമിയുടെ അവകാശികളാക്കി. വിദ്യാഭ്യാസരംഗത്തെ പരിഷ്‌കരണങ്ങൾ ജനങ്ങളെ വിദ്യാസമ്പന്നരാക്കി. സൂക്ഷ്മ ചെറുകിട സംരംഭങ്ങൾ മുതൽ വലിയ വ്യവസായങ്ങൾക്ക് വരെ നൽകിയ പിന്തുണ കേരളത്തിന്റെ എല്ലായിടങ്ങളിലും വ്യവസായങ്ങൾ എത്തിച്ചു. ഇവയെല്ലാം ഭൂരിഭാഗം ഗ്രാമങ്ങളെയും നഗരവൽക്കരണത്തിലേക്ക് നയിച്ചു. നഗരവൽക്കരണവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ ഏറ്റെടുക്കുവാനും അവയെ അവസരങ്ങളാക്കി മാറ്റുവാനും കഴിയണം. അതിനുവേണ്ടിയാണ് നവകേരളം എന്ന ആശയം സംസ്ഥാന സർക്കാർ മുന്നോട്ട് വയ്ക്കുന്നത്. സാമൂഹിക സാമ്പത്തിക മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ തുടരുന്നതിനും, നഗരവൽക്കരണം മൂലം സംഭവിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികളെ നേരിടുന്നതിനുമുള്ള കർമ്മ പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിച്ചിരിക്കുന്നത്. ഹരിതകേരളം, ലൈഫ്, ആർദ്രം, മാലിന്യമുക്ത നവകേരളം എന്നീ മിഷനുകൾ എല്ലാം ഇതിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.