കെ.എസ്.യു പ്രവര്‍ത്തകരെ കറുത്ത തുണിയണിച്ച പോലീസ് നടപടി മനുഷ്യാവകാശ ലംഘനമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

Spread the love

എസ്.എഫ്.ഐക്കാരുടെ വ്യാജപരാതിയില്‍ കെ.എസ്.യു പ്രവര്‍ത്തകരെ ഭീകരരെപ്പോലെ കറുത്ത തുണി മുഖത്തണയിച്ച് കോടതിയില്‍ ഹാജരാക്കിയ വടക്കാഞ്ചേരി പോലീസിന്റെ നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.

സിപിഎമ്മിന്റെ പാദസേവകരായ പോലീസ് ഉദ്യോഗസ്ഥരാണ് അധികാര കേന്ദ്രങ്ങളെ സുഖിപ്പിക്കുന്ന ഇത്തരം കുത്സിത പ്രവര്‍ത്തികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ക്രിമിനല്‍ പോലീസ് സംഘം കുന്നംകുളത്ത് വിഎസ് സുജിത്തിനെ മര്‍ദ്ദിക്കുമ്പോള്‍ സ്‌റ്റേഷന്‍ ചുമതല വഹിച്ചിരുന്ന ഷാജഹാനാണ് വടക്കാഞ്ചേരിയിലും എസ്.എച്ച്.ഒ. ഈ ഉദ്യോഗസ്ഥന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടുള്ള വിരോധം ഇതില്‍ നിന്ന് വ്യക്തമാണ്. ഇത്തരത്തില്‍ മുഖം മറച്ച് കൈകള്‍ ബന്ധിച്ച് കോടതിയിലെത്തിക്കാന്‍ എന്തു രാജ്യദ്രോഹ കുറ്റകൃത്യമാണ് കുട്ടികള്‍ ചെയ്തതെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കണം.

കേരളത്തിലെ ആഭ്യന്തരവകുപ്പ് കുത്തഴിഞ്ഞ ഒരു സംവിധാനമായി.ആന്തരവകുപ്പില്‍ നടക്കുന്ന ‘ഒറ്റപ്പെട്ട’ സംഭവങ്ങളെ തള്ളിപ്പറയുന്ന ഒരേ ഒരു ജോലിയാണ് ഈ സര്‍ക്കാരുകളിലെ ‘ആഭ്യന്തര വകുപ്പ് മന്ത്രി’ പിണറായി വിജയനുള്ളത്. കഴിഞ്ഞ 9 വര്‍ഷക്കാലമായി കേരളത്തിലെ പോലീസ് സ്റ്റേഷനുകള്‍ ഭരിക്കുന്നത് ഹിറ്റ്‌ലറും, സ്റ്റാലിനും, മാവോയും, മുസോളിനിയും, ഈദി അമീനും ഒക്കെയാണെന്നും സണ്ണി ജോസഫ് പരിഹസിച്ചു.

പോലീസുകാരുടെ നടപടി തെറ്റാണെന്ന് കോടതി തന്നെ ചൂണ്ടിക്കാട്ടിയിട്ടും അതിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥന് ഷോക്കസ് നോട്ടീസ് നല്‍കുകമാത്രമാണ്. ഇത്തരത്തില്‍ രാഷ്ട്രീയ വൈര്യം കൊണ്ടു നടക്കുന്ന ഉദ്യോഗസ്ഥര്‍ കാക്കി അണിയാന്‍ യോഗ്യരല്ല. കുട്ടികളുടെ ആത്മാഭിമാനം വ്രണപ്പെടുത്തിയ ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടിയെടുക്കണം.കൊലക്കേസ് പ്രതികളെയും, ബോംബ് നിര്‍മ്മിക്കുന്നവരെയും, അക്രമകാരികളെയും സംരക്ഷിക്കുന്ന പോലീസ് പാവപ്പെട്ട സാധാരണക്കാരായ നിരപരാധികളെ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ പീഡിപ്പിക്കുന്നത്.

ഒരുകൂട്ടം ക്രിമിനലുകളായ പോലീസ് ഉദ്യോഗസ്ഥരുടെ പ്രവൃത്തികള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന മുഖ്യമന്ത്രിയാണ് ഇത്തരം ഒരു തേര്‍വാഴ്ചയിലേക്ക് നാടിനെ തള്ളിവിട്ടതിന്റെ ഉത്തരവാദി. എന്നും ഈ സംരക്ഷണം ഉണ്ടാകില്ലെന്ന ബോധ്യം പ്രതികാര രാഷ്ട്രീയവേട്ടയ്ക്ക് ഇറങ്ങുന്ന പോലീസ് ഉദ്യോഗസ്ഥര്‍ വിസ്മരിക്കരുത്. ഇപ്പോള്‍ നിങ്ങള്‍ ആനന്ദം കണ്ടെത്തുന്ന ഇത്തരം നീചപ്രവര്‍ത്തികള്‍ക്ക് കോണ്‍ഗ്രസ് ഉറപ്പായും എണ്ണിയെണ്ണി കണക്ക് ചോദിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *