ഇത്രയും വലിയ വിലക്കയറ്റം ഉണ്ടായിട്ടും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെ യോഗം പോലും ചേര്‍ന്നിട്ടില്ല : പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Spread the love

അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവിന്റെ പ്രസംഗം (18/09/2025).

രാജ്യത്ത് ഏറ്റവും കൂടുതല്‍ വിലക്കയറ്റമുള്ള ഒന്നാമത്തെ സംസ്ഥാനം കേരളമാണ്. റിട്ടെയില്‍ ഇന്‍ഫ്‌ളേഷന്‍ പരിശോധിച്ചാണ് വിലക്കയറ്റത്തെ കുറിച്ച് പ്രധാനപ്പെട്ട ഏജന്‍സികള്‍ കണക്കെടുക്കുന്നത്. കഴിഞ്ഞ ഒന്‍പത് മാസമായി റീട്ടെയില്‍ പണപ്പെരുപ്പത്തിലും വിലക്കയറ്റത്തിലും കേരളമാണ് തുടര്‍ച്ചയായി ഒന്നാം സ്ഥാനത്ത്. കണ്‍സ്യൂമര്‍ സ്റ്റേറ്റായതു കൊണ്ട് കേരളം എല്ലാക്കാലത്തും ഒന്നാം സ്ഥാനത്താണെന്ന വാദം ശരിയല്ല. മുന്‍പ് പല സര്‍ക്കാരുകളും വിപണി ഇടപെടലുകള്‍ ഫലപ്രദമായി നടത്തി വിലക്കയറ്റം പിടിച്ചു നിര്‍ത്തിയിട്ടുണ്ട്. വിപണി നിരീക്ഷിച്ച് സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയില്ലെങ്കി അപകടകരമായ രീതിയില്‍ വിലക്കയറ്റമുണ്ടാകും.

വിലക്കയറ്റം സാധാരണക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്നതാണ് ഏറ്റവും പ്രധാനം. സാമ്പത്തിക സാഹചര്യത്തെയും സമ്പദ് വ്യവസ്ഥയെയും വിലക്കയറ്റം ഗൗരവതരമായി ബാധിക്കും. ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരു പോലെയാണ് പണപ്പെരുപ്പം. ഗ്രാമങ്ങളിലെ പണപ്പെരുപ്പം റിഗ്രസീവ് ടാക്‌സ് ഏര്‍പ്പെടുത്തുന്നതു പോലെയാണ്. ജീവിതനിലവാരത്തെ പണപ്പെരുപ്പം പ്രതികൂലമായി ബാധിക്കും. വിപണിയിലേക്ക് പണം ഒരുപാട് വരുമ്പോഴാണ് നാണ്യപ്പെരുപ്പം ഉണ്ടാകുന്നതെന്നാണ് പറയുന്നത്. എന്നാല്‍ ഇവിടെ അതല്ല, പണം ഇല്ലാത്ത അവസ്ഥയാണ് വിപണിയില്‍.

റീവേഴ്‌സ് മൈഗ്രേഷന്‍ ഉണ്ടാക്കുന്ന പ്രത്യാഘാതവും പരിശോധിക്കണം. നമ്മുടെ സമ്പദ വ്യവസ്ഥയുടെ നട്ടെല്ലു തന്നെ റെമിറ്റന്‍സാണ്. റിവേഴ്‌സ് മൈഗ്രേഷനിലൂടെ റെമിറ്റന്‍സ് കുറയും. വിദേശത്ത് നിന്നും മടങ്ങി വരുന്നവരെല്ലാം സംരംഭങ്ങള്‍ തുടങ്ങുന്നവരല്ല. റീവേഴ്‌സ് റെമിറ്റന്‍സ് അപകടകരമായ മറ്റൊരു അവസ്ഥ. 25- 30 ലക്ഷം രൂപ ഗള്‍ഫില്‍ നിന്നും ഇങ്ങോട്ട് പണമായി അയയ്ക്കുമ്പോള്‍ അതിന് തുല്യമായ തുക മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തി പണി ചെയ്യുന്ന തൊഴിലാളികള്‍ അവരുടെ നാട്ടിലേക്ക് അയയ്ക്കുന്നുണ്ട്. റിവേഴ്‌സ് റമിറ്റന്‍സാണ് കേരളത്തില്‍ നടക്കുന്നത്. ഒരു വശത്ത് വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള റെമിറ്റന്‍സ് കുറയുകയും മറുവശത്ത് റിവേഴ്‌സ് റെമിറ്റന്‍സ് കൂടുകയും ചെയ്യുന്നു. കോടിക്കണക്കിന് രൂപയാണ് ദിവസേന മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നത്. ഇതെല്ലാം പണം ഇല്ലാത്ത ഒരു അവസ്ഥയിലേക്കാണ് സംസ്ഥാനത്തെ എത്തിക്കുന്നത്.

വിലക്കയറ്റത്തെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക പശ്ചത്തലത്തിന്റെ അടിസ്ഥാനത്തില്‍ കൂടി ഗൗരവതരമായി പരിശോധിക്കണം. എല്ലാ മേഖലയിലും സെസും ഫീസുകളും ഉള്‍പ്പെടെ അമിത നികുതിഭാരം അടിച്ചേല്‍പ്പിക്കുകയാണ്. അമിത നികുതികള്‍ കാരണം ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ആവശ്യം കുറഞ്ഞിരിക്കുകയാണ്. അത് സാമ്പത്തിക പ്രവര്‍ത്തനങ്ങളെ മുരടിപ്പിക്കും. ഇതിന്റെ ഭാഗമായി തൊഴിലില്ലായ്മയും വര്‍ധിക്കും. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമനിധി ആനുകൂല്യങ്ങളും നല്‍കാനാകുന്നില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എയും ശമ്പളപരിഷ്‌ക്കരണ കുടിശികയും ഉള്‍പ്പെടെ പിടിച്ചുവച്ചിരിക്കുകയാണ്. ഇതെല്ലാം വിപണിയില്‍ എത്തേണ്ട പണമാണ്. ഇതിന്റെയൊക്കെ പ്രത്യാഘാതമാണ് വിലക്കയറ്റം. സാധാരണ മധ്യവര്‍ഗ കുടുംബങ്ങളാണ് വിലക്കയറ്റത്തിന്റെ ഇരകളായി പ്രതിസന്ധിയിലാകുന്നത്. വിദ്യാഭ്യാസ- ആരോഗ്യ മേഖലകളിലെ ചെലവും ഗണ്യമായി വര്‍ധിക്കുകയാണ്. ജീവിതനിലവാരത്തില്‍ തന്നെ മാറ്റമുണ്ടാകുന്നു.

വിലക്കയറ്റം വാങ്ങല്‍ശേഷി കുറയ്ക്കും. വാങ്ങല്‍ ശേഷി കുറഞ്ഞാല്‍ ആവശ്യകത കുറയ്ക്കും. ആവശ്യകത കുറഞ്ഞാല്‍ വരുമാനം കുറയും. വരുമാനം കുറഞ്ഞാല്‍ നികുതി വരുമാനം കുറയും. നികുതി വരുമാനം കുറഞ്ഞാല്‍ വീണ്ടും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകും. ഇതെല്ലാം യാഥാര്‍ത്ഥ്യമാണ്. വിണിയിലെ കൃത്രിമ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിനു വേണ്ടിയാണ് സപ്ലൈകോയും മാവേലി സ്‌റ്റോറുകളുമെല്ലാം ആരംഭിച്ചത്. 13 അവശ്യസാധനങ്ങള്‍ക്ക് സബ്‌സിഡി നല്‍കി നഷ്ടം സഹിച്ചാണ് സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുന്നത്. ഇതില്‍ പലതിന്റെയും വില കൂടിയാല്‍ അത് മറ്റുപല സാധനങ്ങളുടെയും വില കൂട്ടും.

ഓരോ ദിവസത്തെയും വിലനിലവാരം മുഖ്യമന്ത്രിയുടെ മേശപ്പുറത്ത് എത്തും. വിപണിയെ സൂക്ഷ്മമായി നിരീക്ഷിച്ച് ചെറിയ വ്യതിയാനങ്ങളും ചെറിയ വിലക്കയറ്റങ്ങള്‍ പോലും സൂക്ഷ്മതയോടെ നിരീക്ഷിച്ച് കൗണ്ടര്‍ ഇന്റര്‍വെന്‍ഷന്‍ സര്‍ക്കാര്‍ നടത്തുന്നില്ല. അതാണ് പ്രശ്‌നം. വിപണി ഇടപെടല്‍ ഫലപ്രദമായി നടക്കുന്നില്ല. ഒണക്കാലത്ത് 243 കോടി ആവശ്യപ്പെട്ടിട്ട് 150 കോടിയാണ് അനുവദിച്ചത്. 93 കോടി കിട്ടാതായതോടെ വിപണി ഇടപെടല്‍ സാധ്യമല്ലാതായി. പണം ഇല്ലാത്തതിനാല്‍ വിപണി ഇടപെടല്‍ നടത്താന്‍ സപ്ലൈകോയ്ക്ക് സാധിക്കുന്നില്ല. ഹോട്ടികോര്‍പിലെ വില വിപണി വിലയേക്കാള്‍ കൂടുതലാണ്. കര്‍ഷകര്‍ക്ക് ന്യായമായ വില നല്‍കി ന്യായമായ വിലയ്ക്ക് വില്‍ക്കാനാണ് ഹോട്ടികോര്‍പുണ്ടാക്കിയത്. എന്നാല്‍ ഭൂരിഭാഗം പച്ചക്കറികളും ഹോട്ടികോര്‍പ് തമിഴ്‌നാട്ടില്‍ നിന്നാണ് വാങ്ങുന്നത്.

വിലക്കയറ്റം രൂക്ഷമായതോടെ കുടുംബ ബജറ്റ് താളം തെറ്റി. ഒരു ഇടത്തരം കുടുംബത്തില്‍ കഴിഞ്ഞ വര്‍ഷം സെപ്തംബറിലും ഈ സെപ്തംബറിലുമായി ഉണ്ടായിരിക്കുന്ന ചെലവിന്റെ വ്യത്യാസം പതിനായിരം മുതല്‍ പതിനയ്യായിരം രൂപയാണ്. എന്നാല്‍ അവരുടെ വരുമാനം വര്‍ധിച്ചില്ല. രണ്ടു തവണ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചു. ഒന്നു കൂടി ചാര്‍ജ് കൂട്ടാന്‍ റെഗുലേറ്ററി കമ്മിഷന് കത്തയച്ചിട്ടാണ് വൈദ്യുതി മന്ത്രി ഇവിടെ ഇരിക്കുന്നത്. സാധാരണക്കാരുടെ ജീവിതം ദുരിതപൂര്‍ണമാണ്. കഷ്ടപ്പാടുകളിലേക്കും ദുരിതങ്ങളിലേക്കും ജനങ്ങള്‍ പോകുകയാണ്. സാധനങ്ങളുടെ വിലക്കയറ്റം എന്നതില്‍ ഉപരി കേരളത്തിന്റെയും കേരളത്തിലെ കുടുംബങ്ങളുടെയും സമ്പദ് വ്യവസ്ഥ അപകടകരമായ നിലയിലേക്ക് പോകുകയാണ്. എത്ര ഹോട്ടലുകളാണ് കേരളത്തില്‍ പൂട്ടിപ്പോയി എന്നതു പോലും സര്‍ക്കാരിന് അറിയില്ല. എല്ലാവരും പ്രതിസന്ധിയിലാണ്. എല്ലാ സാധനങ്ങളുടെയും വില വര്‍ധിച്ചു. എല്ലാ മേഖലയെയും വിലക്കയറ്റം രൂക്ഷമായി ബാധിച്ചിട്ടുണ്ട്. കടകള്‍ പൂട്ടിപ്പോയതോടെ ചുമട്ട് തൊഴിലാളികളുടെ തൊഴിവും കുറഞ്ഞു. തൊഴിലില്ലായ്മ ഉള്‍പ്പെടെ രൂക്ഷമായ സാമ്പത്തിക സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയാണ്. സര്‍ക്കാര്‍ വിപണിയില്‍ ഇടപെടാന്‍ തയാറാകണം. വിപണി ഇടപെടലിന് ആവശ്യമായ സഹായം സര്‍ക്കാരില്‍ നിന്നും ഉണ്ടാകുന്നില്ല. സര്‍ക്കാരിന് എല്ലായിപ്പോഴും മുന്‍ഗണനകളുണ്ടാകണം. സാധാരണക്കാരന്റെ കഷ്ടപാട് നിറഞ്ഞ ജീവിതം എന്താണെന്ന് കാണാന്‍ സര്‍ക്കാര്‍ തയാറാകണം. വിലക്കയറ്റം ഉണ്ടാക്കിയിരിക്കുന്ന ദുരിതവും മനസിലാക്കണം. ഗുഡ് ഗവേണന്‍സ് എന്നത് യാന്ത്രികമായി ഭരിച്ചു പോകുന്നതല്ല. ദുരിതപൂര്‍ണമായ അവസ്ഥയിലൂടെ കടന്നു പോകുമ്പോള്‍ തിരഞ്ഞെടുത്ത ഒരു സര്‍ക്കാരിന്റെ സാന്നിധ്യം ജനം ആഗ്രഹിക്കും. ദൗര്‍ഭാഗ്യവശാല്‍ ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ അങ്ങനെയൊരു സര്‍ക്കാരിന്റെ സാന്നിധ്യമില്ല. വിലക്കയറ്റം ഇല്ലെന്ന് ഭരണപക്ഷത്തെ കുറെപ്പേര്‍ ഒച്ചത്തില്‍ സംസാരിച്ചാല്‍ മായ്ച്ച് കളയാന്‍ പറ്റില്ല.
ഇത്രയും വലിയ വിലക്കയറ്റം ഉണ്ടായിട്ടും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെ യോഗം പോലും ചേര്‍ന്നിട്ടില്ല. നിങ്ങള്‍ എല്ലാവരെയും വിധിക്ക് വിട്ടിരിക്കുകയാണ്. ഗുഡ് ഗവേണന്‍സ് പോയിട്ട് ഗവേണന്‍സ് പോലും നിങ്ങള്‍ക്കില്ല. അതാണ് നിങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ പരാതി. സാധാരണക്കാര്‍ക്കും പാവങ്ങള്‍ക്കും ദുരിതം അനുഭവിക്കുന്നവര്‍ക്കും വേണ്ടിയാണ് പ്രതിപക്ഷം ഈ വിഷയം നിയമസഭയില്‍ കൊണ്ടുവന്നത്.

 

Author

Leave a Reply

Your email address will not be published. Required fields are marked *