യുപിഐ മുഖേന ജിഎസ്ടി പേയ്‌മെന്റിന് സൗകര്യമൊരുക്കി സൗത്ത് ഇന്ത്യൻ ബാങ്ക്

Spread the love

കൊച്ചി: രാജ്യത്തെ നികുതിദായകർക്ക് ജിഎസ്ടി പേയ്‌മെന്റുകൾ വേഗത്തിൽ അടയ്ക്കുന്നതിനായി യുപിഐ സൗകര്യം ഏർപ്പെടുത്തി സൗത്ത് ഇന്ത്യൻ ബാങ്ക്. കേന്ദ്രസർക്കാരിന്റെ ജിഎസ്ടി പോർട്ടലിൽ യുപിഐ അടിസ്ഥാനത്തിലുള്ള പേയ്മെന്റ് സംവിധാനം സംയോജിപ്പിച്ചാണ് സൗത്ത് ഇന്ത്യൻ ബാങ്ക് പുതിയ സൗകര്യം അവതരിപ്പിച്ചത്. ഇനിമുതൽ, ബാങ്കിന്റെ ഉപഭോക്താക്കൾക്കു പുറമെ മുഴുവൻ ആളുകൾക്കും യുപിഐ ക്യുആർ കോഡ്, വിപിഎ ഐഡികൾ മുഖേന വളരെ പെട്ടെന്ന് ജിഎസ്‌ടി അടയ്ക്കാമെന്ന് ബാങ്ക് അറിയിച്ചു.
സർക്കാർ ഇടപാടുകൾ നടത്താൻ റിസർവ് ബാങ്ക് അധികാരപ്പെടുത്തിയ ഏജൻസി ബാങ്കാണ് സൗത്ത് ഇന്ത്യൻ ബാങ്ക്. കൂടാതെ, പരോക്ഷ നികുതികൾ സ്വീകരിക്കുന്നതിന് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസിന്റെ (സിബിഐസി) അംഗീകാരവും ബാങ്കിനുണ്ട്. 2023 ഏപ്രിൽ മുതൽ എസ്ഐബിയുടെ ഇന്റർനെറ്റ് ബാങ്കിങ് പ്ലാറ്റ്‌ഫോമായ ‘സൈബർനെറ്റ്’, ബ്രാഞ്ച് കൗണ്ടറുകൾ എന്നിവ വഴി ബാങ്ക് ജിഎസ്‌ടി പേയ്‌മെന്റ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. യുപിഐ സംവിധാനം അവതരിപ്പിച്ചതോടെ വ്യാപാരികൾക്കും വ്യക്തികൾക്കും ഒരുപോലെ ജിഎസ്ടി പേയ്‌മെന്റ് എളുപ്പമാകും.
നികുതിദായകർക്ക് ജിഎസ്ടി പേയ്‌മെന്റുകൾ വേഗത്തിലും സൗകര്യപ്രദവുമായ രീതിയിലും അടയ്ക്കാൻ കഴിയുന്ന സംവിധാനമാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ഒരുക്കുന്നതെന്ന് ബാങ്കിന്റെ സീനിയർ ജനറൽ മാനേജറും ബ്രാഞ്ച് ബാങ്കിങ് മേധാവിയുമായ ബിജി എസ് എസ് പറഞ്ഞു. വർത്തമാനകാലത്തെ ഏറ്റവും ജനപ്രിയമായ പേയ്മെന്റ് മാർഗമാണ് യുപിഐ. ബാങ്കിന്റെ ഇടപാടുകാർക്ക് പുറമെ, മുഴുവൻ ഉപഭോക്താക്കൾക്കും യുപിഐ മുഖേന ജിഎസ്ടി പേയ്മെന്റ് നടത്താം. നികുതിദായകർക്ക് എവിടെനിന്നും എപ്പോൾ വേണമെങ്കിലും ഇടപാടുകൾ പൂർത്തീകരിക്കാമെന്നും ബിജി എസ് എസ് കൂട്ടിച്ചേർത്തു.

Anu Maria Thomas

Author

Leave a Reply

Your email address will not be published. Required fields are marked *