സ്വച്ഛതാ ഹി സേവ : ശുചിത്വോത്സവം 2025 ക്യാമ്പയിന് സംസ്ഥാനത്ത് തുടക്കമായി

Spread the love

മാലിന്യസംസ്‌കരണ – ശുചിത്വരംഗത്ത് കൂടുതൽ മികവ് ലക്ഷ്യമിട്ട് സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന ശുചിത്വോത്സവം 2025 ന് തുടക്കമായി. ഗാന്ധിജയന്തിയോടനുബന്ധിച്ച് ദേശീയതലത്തിൽ ആവിഷ്‌കരിച്ചിരിക്കുന്ന ‘സ്വച്ഛതാ ഹി സേവാ’ക്യാമ്പയിനാണ് കേരളത്തിൽ ശുചിത്വോത്സവമായി നടത്തുന്നത്.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിയമസഭാ കോംപ്ലക്‌സിൽ ശുചിത്വോത്സവം- 2025-ന്റെ ലോഗോ പ്രകാശനം ചെയ്ത് സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാനത്താകെ ജില്ലാ, പ്രാദേശികതലങ്ങളിലും ക്യാമ്പയിന് ആരംഭമായി. തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ശുചിത്വരംഗത്ത് നടത്തിയ മുന്നേറ്റം ജനങ്ങളോട് പറയാനും കാലാവധിതീരും മുൻപ് പൊതു ശുചീകരണമുൾപ്പടെ നടത്തി കൂടുതൽ മികവിലേക്കെത്താനും കിട്ടുന്ന അവസാന അവസരമാണ് ഇതെന്നും പരമാവധി ജനപങ്കാളിത്തത്തോടെ അതു നിർവഹിക്കണമെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്താകെ സെപ്തംബർ 17 മുതൽ നവംബർ ഒന്നുവരെയാണ് ശുചിത്വോത്സവം പരിപാടികൾ രണ്ടു ഘട്ടമായി നടക്കുന്നത്. ഇക്കാലയളവിൽ സംസ്ഥാനത്ത് ഇനിയും അവശേഷിക്കുന്ന ചെറുതും വലുതുമായ മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ കണ്ടെത്തി ജനകീയ കൂട്ടായ്മകളിലൂടെ അവ നീക്കം ചെയ്യും. മാലിന്യം നീക്കം ചെയ്ത പ്രധാന കേന്ദ്രങ്ങൾ പെയിന്റ് ചെയ്ത്, ശുചിത്വ സന്ദേശങ്ങൾ ആലേഖനം ചെയ്ത്, ചെടികൾ വെച്ചുപിടിപ്പിച്ച് മോടിപിടിപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങൾ, സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്‌കൂളുകൾ, കോളേജുകൾ, ആശുപത്രികൾ, ബസ് സ്റ്റേഷനുകൾ, പാർക്കുകൾ, മാർക്കറ്റുകൾ, തീർത്ഥാടന കേന്ദ്രങ്ങൾ, നദികൾ എന്നിവ ഉൾപ്പെടെയുള്ള പൊതുയിടങ്ങൾ ശുചീകരിക്കും.

ശുചിത്വോത്സവം 2025-ന്റെ വാർഡ്/ഡിവിഷൻ തല ഉദ്ഘാടനങ്ങൾ സെപ്റ്റംബർ 17 മുതൽ 19 വരെ നടക്കും.സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി അനുപമ ടി.വി., ശുചിത്വ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ യു.വി. ജോസ്, ശുചിത്വ മിഷൻ ഡയറക്ടർമാരായ ടി. എം. മുഹമ്മദ് ജാ, ബി. നീതുലാൽ എന്നിവർ പങ്കെടുത്തു.

 

Author

Leave a Reply

Your email address will not be published. Required fields are marked *