കൊച്ചി : ഇന്ത്യൻ നിരത്തുകളിൽ കുതിച്ചോടുന്ന വാഹനങ്ങളുടെ യാത്ര സുഗമമാക്കാൻ അഹോരാത്രം പണിയെടുക്കുന്ന രാജ്യമെമ്പാടുമുള്ള ഓട്ടോമൊബൈൽ മെക്കാനിക്കുകൾക്ക് ആദരമർപ്പിച്ച് ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) റേഡിയോ ക്യാംപെയിൻ സംഘടിപ്പിച്ചു. വാഹനങ്ങളിൽ യഥാസമയത്ത് അറ്റകുറ്റപണികൾ നടത്തി, ഇന്ത്യൻ നിരത്തുകളെ സജീവമാക്കുന്നതിൽ മെക്കാനിക്കുകൾ വഹിക്കുന്ന പങ്കിനുള്ള നന്ദി സൂചകമായാണ് ക്യാംപെയിൻ. ബിപിസിഎല്ലിന്റെ ബ്രാൻഡായ എംഎകെ ലൂബ്രിക്കന്റുമായി സഹകരിച്ചാണ് രാജ്യവ്യാപക റേഡിയോ പ്രോഗ്രാം അവതരിപ്പിച്ചത്.
എംഎകെ ലൂബ്രിക്കന്റിന്റെ ബ്രാൻഡ് അംബാസഡറും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ രാഹുൽ ദ്രാവിഡിന്റെ ശബ്ദത്തിൽ രാജ്യത്തെ 13 ഭാഷകളിൽ പുറത്തിറങ്ങുന്ന കൃതജ്ഞതാ സന്ദേശം ഒരു മാസം വിവിധ റേഡിയോ സ്റ്റേഷനുകൾ വഴി പ്രക്ഷേപണം ചെയ്യും. ‘സുഗമവും സുരക്ഷിതവുമായ യാത്രക്ക് മെക്കാനിക്കുകൾക്ക് നന്ദി’യെന്ന ഈ ക്യാംപെയിനിലൂടെ ആയിരക്കണക്കിന് മെക്കാനിക്കുകൾ അവരുടെ ജീവിതാനുഭവങ്ങൾ തുറന്നുപറയും. പ്രമുഖ റേഡിയോ ജോക്കികൾ മെക്കാനിക്കുകളെ ഉൾപ്പെടുത്തി റേഡിയോ ഷോകളും നടത്തും. 5000ലധികം മെക്കാനിക്കുകളെയാണ് റേഡിയോ സ്റ്റേഷൻ സന്ദർശിക്കാൻ ക്ഷണിച്ചിട്ടുള്ളത്. കേവലം നന്ദി പ്രകടനത്തിനുപരി, ഇന്ത്യൻ നിരത്തുകൾ വാഹനങ്ങൾകൊണ്ട് സജീവമാക്കുന്നതിൽ മെക്കാനിക്കുകൾക്കുള്ള പങ്കിനെ ആഘോഷിക്കുകയാണ് ക്യാംപെയിനിലൂടെ ചെയ്യുന്നതെന്ന് ബിപിസിഎൽ ബിസിനസ് ഹെഡ് (ലൂബ്സ്) എസ് കണ്ണൻ പറഞ്ഞു.
Julie John