ജനാഭിപ്രായങ്ങളിലൂടെ സമഗ്ര വികസനം ലക്ഷ്യം : മുഖ്യമന്ത്രി പിണറായി വിജയൻ

Spread the love

വികസന സദസ്സ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്ന വികസന സദസ്സിൽ നിന്നും സ്വരൂപിക്കുന്ന ജനാഭിപ്രായങ്ങളിലൂടെ സമഗ്രമായ വികസനം സാധ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വികസന സദസ്സ് സംസ്ഥാനതല ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷന്റെ ആഭിമുഖ്യത്തിലാണ് ആദ്യ വികസന സദസ്സ് നടന്നത്.വികസന സദസ്സിലൂടെ കേരളം പുതിയ കാൽവയ്പ്പ് നടത്തുകയാണ്. നാടിന്റെ എല്ലാ ഭാഗങ്ങളെയും കേട്ടുകൊണ്ടുള്ള ഭാവി വികസനം നടപ്പിലാക്കും. സർക്കാരിന്റെ കഴിഞ്ഞകാല പ്രവർത്തനങ്ങളിലൂടെ നേടാൻ കഴിഞ്ഞ വികസന നേട്ടങ്ങൾ ചർച്ച ചെയ്യപ്പെടും. അതോടൊപ്പം എന്റെ നാട് എങ്ങനെ വികസിച്ചു വരണം എന്നുള്ള അഭിപ്രായങ്ങൾ ജനങ്ങളിൽ നിന്നും ശേഖരിക്കും. ഈ അഭിപ്രായങ്ങളും നിർദേശങ്ങളും ക്രോഡീകരിച്ച് ഭാവി വികസനത്തിന് അടിത്തറ പാകുന്ന വികസന പദ്ധതികൾ രൂപീകരിക്കും. പ്രാദേശിക പ്രത്യേകത അനുസരിച്ചു താഴെത്തട്ടിൽ നിന്നുള്ള ആസൂത്രണം സാധ്യമാക്കാനും കഴിയും. ഇതിനായി ഒരു മാസം നീണ്ടു നിൽക്കുന്ന വികസന സദസ്സുകൾ കേരളത്തിലാകെ നടക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലുമുള്ള ജനങ്ങൾ അവിടത്തെ ഭാവി വികസനത്തെപ്പറ്റി അഭിപ്രായം രേഖപ്പെടുത്തും. വികസന സദസ്സിലൂടെ സർക്കാരും ജനങ്ങളും തമ്മിലുള്ള ഇഴയടുപ്പം വർദ്ധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാന വികസനത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രധാന പങ്കുണ്ട്. ഓരോ പ്രദേശത്തിന്റെയും വികസനം സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനമാണ്. വികസന നേട്ടങ്ങൾ ചർച്ച ചെയ്യുമ്പോൾ ജനങ്ങൾക്കാണ് പ്രാധാന്യം. ഭരണത്തിലുള്ളവർ മാത്രമല്ല എല്ലാവരും അവരുടെ നാടിന്റെ വികസനത്തിനായി ഇതിൽ പങ്ക് വഹിക്കണം. നാടിന്റെ വികസന കാര്യത്തിൽ ഒന്നിച്ചു നിൽക്കുക വളരെ പ്രധാനമാണ്. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വികസന സദസ്സുകൾ നടത്തി ആവശ്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

93 ശതമാനം അതിദരിദ്രരെ അവസ്ഥയിൽ നിന്നും നിലവിൽ മോചിപ്പിച്ചുകഴിഞ്ഞു. ഇന്ത്യയിലെ സമ്പൂർണ അതിദാരിദ്ര്യ നിർമാർജന സംസ്ഥാനമായി കേരളത്തെ അടുത്ത കേരളപ്പിറവി ദിനത്തിൽ പ്രഖ്യാപിക്കും. ചൈനക്ക് ശേഷം ആദ്യമായി അതിദാരിദ്ര്യ പ്രഖ്യാപനം നടത്തുന്ന ആദ്യ നാടായി കേരളം മാറുകയാണ്. പരമ്പരാഗത പ്രശ്‌നങ്ങൾക്കൊപ്പം പുതു തലമുറ പ്രശ്‌നങ്ങളായ മാലിന്യ നിർമാജനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയ പദ്ധതികൾക്കും രൂപം നൽകാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഹരിത കർമ സേനയിലൂടെ തരം തിരിച്ചുള്ള ശാസ്ത്രീയ മാലിന്യ നിർമാർജനത്തിൽ കേരളം രാജ്യത്തിന് മാതൃകയായി അധികാര വികേന്ദ്രീകരണത്തിന്റെ തുടർച്ചക്കായി ഡിജിറ്റൽ സാങ്കേതിക വിദ്യകളെ ക്രിയാത്മകമായി ഉപയോഗിച്ചു. കെ സ്മാർട്ടടക്കമുള്ള മൊബൈൽ ആപ്‌ളിക്കേഷനിലൂടെ സേവനങ്ങൾ വിരൽ തുമ്പിൽ ലഭിക്കുന്നു എന്നത് കൊണ്ട് പ്രാദേശിക ഭരണകൂടങ്ങൾ ജനങ്ങൾക്കരികെ തന്നെയാണ് എന്ന് ബോധ്യപ്പെടുത്താനും കഴിഞ്ഞു. 66812 കെട്ടിട പെർമിറ്റുകൾ 30 സെക്കൻഡു കൊണ്ട് ഡിജിറ്റലായി വിതരണം ചെയ്യാൻ കഴിഞ്ഞു. ഡിജിറ്റൽ സാക്ഷരത, തൊഴിലുറപ്പ് ക്ഷേമനിധി, നഗര തൊഴിലുറപ്പ് പദ്ധതി, പട്ടിക വർഗ മേഖലയിൽ 100 ദിവസം അധിക തൊഴിൽ, 4,61,000 കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള വീട് തുടങ്ങി നിരവധി പദ്ധതികളാണ് സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടപ്പിലാക്കിയത്. വികസന സദസ്സിലൂടെ ഉയർന്നു വരുന്ന ആശയങ്ങൾ നവകേരള സൃഷ്ടിക്ക് പുതിയ മാതൃകകൾ തീർക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *