ഗര്‍ഭകാല-പ്രസവാനന്തര ശുശ്രൂഷയില്‍ ചൂഷണം അവസാനിപ്പിക്കുക ലക്ഷ്യം : മന്ത്രി വീണാ ജോര്‍ജ്

Spread the love

സൂതികാമിത്രം പരിശീലനത്തിനായുള്ള ധാരണാപത്രം ഒപ്പിട്ടു.

തിരുവനന്തപുരം: വനിതകള്‍ക്ക് ആയുര്‍വേദത്തില്‍ അധിഷ്ഠിതമായ ഗര്‍ഭകാല-പ്രസവാനന്തര ശുശ്രൂഷയില്‍ ശാസ്ത്രീയ പരിശീലനം നല്‍കുന്നതിനുള്ള സൂതികാമിത്രം കോഴ്‌സിനുള്ള ധാരണാപത്രം ഒപ്പിട്ടു. സംസ്ഥാന തലത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രെയിനിങ് ഇന്‍ ആയുഷി(നിത്യ)ന്റെ കീഴില്‍ നടപ്പിലാക്കുന്നതിനുള്ള ധാരണാപത്രം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തില്‍ നാഷണല്‍ ആയുഷ് മിഷന്‍ കേരള ഡയറക്ടര്‍ ഡോ. ഡി. സജിത് ബാബുവും ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ടി.ഡി ശ്രീകുമാറും ഒപ്പുവച്ചു.

ഗര്‍ഭകാല-പ്രസവാനന്തര ശുശ്രൂഷയില്‍ ചൂഷണം അവസാനിപ്പിക്കുക ലക്ഷ്യമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച മൊഡ്യൂള്‍ പ്രകാരമാണ് കോഴ്‌സ്. അമ്മയേയും കുഞ്ഞിനേയും ശാസ്ത്രീയമായി പരിചരിക്കുന്നതിനും അവരുടെ സേവനം സംസ്ഥാനത്ത് എല്ലായിടങ്ങളിലും ആവശ്യാനുസരണം ലഭ്യമാക്കുന്നതിനുമാണ് കോഴ്‌സ് ആരംഭിക്കുന്നത്. മൂന്നു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സാണിത്. സൂതികാമിത്രങ്ങള്‍ കെയര്‍ ഗിവേഴ്‌സ് ആയിരിക്കും. ആയുര്‍വേദ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണമായിരിക്കും അമ്മയ്ക്കും കുഞ്ഞിനുമുള്ള പരിചരണവും ചികിത്സയടക്കമുള്ള കാര്യങ്ങള്‍ ചെയ്യുക എന്ന് ഉറപ്പാക്കും. ശാസ്ത്രീയ പരിശീലനം നേടിയവര്‍ മാത്രം ഈ മേഖലയില്‍ ജോലി ചെയ്യുന്നു എന്ന് ഉറപ്പു വരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

നാഷണല്‍ ആയുഷ് മിഷന്റെ മേല്‍നോട്ടത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ട്രെയിനിംഗ് ഇന്‍ ആയുഷ് വഴിയാണ് പരിശീലനം നല്‍കുന്നത്. എസ്.എസ്.എല്‍.സി. പാസായ 20 വയസിനും 50 വയസിനും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് ഈ കോഴ്‌സില്‍ പങ്കെടുക്കാം. സംസ്ഥാന സഹകരണ വകുപ്പിന് കീഴിലുള്ള വനിതാ ഫെഡറേഷന്‍ ഈ പദ്ധതി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിച്ച് വരുന്നു. സമാനമായി കുടുംബശ്രീ മുതലായ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയും പദ്ധതി നടപ്പിലാക്കുന്നതാണ്. താത്പര്യമുള്ള മറ്റ് ഏജന്‍സികള്‍ക്കും ഈ പദ്ധതി നടപ്പിലാക്കാവുന്നതാണ്.

 

Author

Leave a Reply

Your email address will not be published. Required fields are marked *