എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി ഡല്‍ഹിയില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം ( 25.9.25 ).
എല്ലാ സാമുദായിക സംഘടനകളോടും നല്ലബന്ധം പുലര്‍ത്തുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. എന്‍എസ്എസ് നിലപാടുകളോട് എന്നും കോണ്‍ഗ്രസ് പൊരുത്തപ്പെട്ടിട്ടുണ്ട്. കൂടുതല്‍ പ്രയാസം ഉണ്ടാകാതെ മുന്നോട് പോകാനാണ് ശ്രമിക്കുന്നത്.അവരുടെ ആശങ്കകളെ കുറിച്ച് ആഴത്തില്‍ ചിന്തിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആശയവിനിമയത്തില്‍ കുറവുണ്ടായിട്ടുണ്ടെങ്കില്‍ അതുപരിഹരിക്കും. തിരഞ്ഞെടുപ്പില്‍ സമദൂര നിലപാടില്‍ മാറ്റമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും കെസി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ട നിലപാടില്ല. ദേശീയ നിലപാട് അനുസരിച്ചാണ് സംസ്ഥാനങ്ങളിലും നടപടികളെടുക്കുന്നത്. വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെങ്കിലും പാര്‍ട്ടി ഒരു നിലപാട് സ്വീകരിച്ചാല്‍ അതെല്ലാരും അംഗീകരിക്കും. ഓരോ വിഷയത്തിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സാമുദായിക സംഘടനകള്‍ക്കും അവരവരുടെതായ അഭിപ്രായങ്ങളും തീരുമാനവുമുണ്ടാകും. അവ രണ്ടും കൂട്ടിക്കുഴയ്ക്കരുത്. കോണ്‍ഗ്രസിന്റെ അഭിപ്രായം എന്‍എസ്എസ് പറയണമെന്ന് പറയുന്നതില്‍ കാര്യമില്ല. അതുപോലെ എന്‍എസ്എസിന്റെ അഭിപ്രായം അതേപടി പറയാന്‍ അവര്‍ കോണ്‍ഗ്രസിനോടും ആവശ്യപ്പെട്ടിട്ടില്ല. കോണ്‍ഗ്രസ് നിലപാട് എടുക്കുന്നത് രാഷ്ട്രീയ കാഴ്ചപാടിന്റെയും അനുഭവത്തിന്റെയും അടിസ്ഥാനത്തിലാണ്. അതുപോലെ തന്നെയാണ് എന്‍എസ്എസും. അവരുടെ നിലപാടുകളെ കോണ്‍ഗ്രസ് ബഹുമാനിക്കുന്നുവെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ബിഹാറില്‍ ചേര്‍ന്ന് സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന തരത്തിലുള്ള വോട്ടു കൊള്ള തുറന്നുകാട്ടുന്ന വലിയ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടാകും. കൃത്യമായ തെളിവുകള്‍ ശേഖരിച്ച് ശേഷം അത് രാജ്യത്തെ ജനങ്ങളെ കോണ്‍ഗ്രസ് ബോധ്യപ്പെടുത്തും. തിരഞ്ഞെടുപ്പ് കമ്മീഷന് നിഷേധിക്കാന്‍ കഴിയാത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് വെളിച്ചത്ത് കൊണ്ടുവന്ന വോട്ട് കൊള്ളയുടെ വസ്തുതകള്‍. കര്‍ണ്ണാടക, മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള ഇടങ്ങളിലെ വോട്ട് കൊള്ള പുറത്തുവിട്ടിട്ട് രണ്ടുമാസം കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായില്ല.രാജ്യവ്യാപകമായി നടക്കുന്ന വോട്ട് തിരിമറിക്കെതിരായ പ്രചാരണം ശക്തിപ്പെടുത്താനും താഴെത്തട്ടില്‍ നിന്ന് സംഘടനയെ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും വേണുഗോപാല്‍ വ്യക്തമാക്കി.
ബീഹാറില്‍ മഹാസഖ്യം ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും സീറ്റ് വിഭജന ചര്‍ച്ചകള്‍ സുഗമമായി പുരോഗമിക്കുകയാണ്.ലഡാക്കിലെ സംഘര്‍ഷങ്ങള്‍ ബിജെപിയുടെ രാഷ്ട്രീയ നാടകങ്ങള്‍ക്കുള്ള തിരിച്ചടിയാണ്. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള തരംതാണ തീരുമാനങ്ങള്‍ എടുക്കുന്നതിനാലാണ് അതിര്‍ത്തി പ്രദേശങ്ങളില്‍ സംഘര്‍ഷമുണ്ടാകുന്നത്. ഗൗരവതരമാണിത്.ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പകരം, രാഹുല്‍ ഗാന്ധിയുടെയും മറ്റുള്ളവരുടെയും തലയില്‍ കുറ്റം കെട്ടിവെക്കാനാണ് ബിജെപി ശ്രമിക്കുന്നത്. പ്രതിപക്ഷത്തെ കുറ്റം പറഞ്ഞു രക്ഷപ്പെടാതെ ലഡാക്കിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണം. വിദേശകാര്യ നയത്തിലെ പാളിച്ചകളാണ് രാജ്യത്ത് ഉണ്ടാകുന്ന ഇത്തരം പ്രതിഫലനങ്ങളെന്നും വേണുഗോപാല്‍ പറഞ്ഞു.
കെപിസിസി പുനഃസംഘടന കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് സംസ്ഥാന നേതൃത്വമാണ്. രണ്ട് മുന്ന് മാസമെടുത്ത് ദീര്‍ഘമായ പ്രക്രിയയാണ് പുനസംഘടനയ്ക്ക് വേണ്ടത്. മുന്‍ കേന്ദ്രമന്ത്രിമാരടക്കം മുതിര്‍ന്ന നേതാക്കള്‍ ദിവസങ്ങളോളം പുനസംഘടന നടക്കുന്ന സംസ്ഥാനങ്ങളില്‍ തങ്ങി നേതാക്കളുടെ അഭിപ്രായം ആരാഞ്ഞാണ് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. ഇത്തരത്തില്‍ പത്തോളം സംസ്ഥാനങ്ങളില്‍ പുനസംഘടനാ നടപടികള്‍ പൂര്‍ത്തിയായി. എഐസിസി നിരീക്ഷകരെ ജില്ല,ബ്ലോക്ക്,മണ്ഡലം എന്നിവിടങ്ങളിലേക്ക് അയച്ച് പാനലാക്കിയ ശേഷമാണ് പുനസംഘടന നടത്തുന്നത്. തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളില്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ട്.
അതിനാല്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളായ കേരളം, ബംഗാള്‍,തമിഴ്‌നാട് ബീഹാര്‍,ആസാം എന്നീ സംസ്ഥാനങ്ങളെ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ പുനഃസംഘടനാ പ്രക്രിയയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.നിലവിലെ സ്ഥിതി തുടരും. അതിന്റെ അര്‍ത്ഥം കേരളത്തില്‍ പുനഃസംഘടന നടത്തികൂടായെന്നല്ല. ദീര്‍ഘമായ പ്രക്രിയ ആവശ്യമല്ലാത്ത പുനഃസംഘടനാ നടപടികള്‍ തുടരും. സംസ്ഥാനം ആവശ്യപ്പെട്ടാല്‍ പുനഃസംഘടന പ്രക്രിയ നടത്തുമെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി.