പ്രതിപക്ഷ നേതാവ് കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞത് (26/09/2025).
കണ്ണൂര്‍ : എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സമുദായ സംഘടനങ്ങള്‍ക്ക് അവരുടേതായ തീരുമാനം എടുക്കാം. അത് അവരുടെ സ്വാതന്ത്ര്യമാണ്. യു.ഡി.എഫിന്റേത് രാഷ്ട്രീയ തീരുമാനമാണ്. മൂന്ന് പ്രധാന ചോദ്യങ്ങള്‍ ഉയര്‍ത്തിയാണ് സര്‍ക്കാരിനോട് മറുപടി ആവശ്യപ്പെട്ടത്. ശബരിമലയില്‍ ആചാരലംഘനത്തിന് അനുകൂലമായി നല്‍കിയ സത്യവാങ്മൂലം തിരുത്താന്‍ സര്‍ക്കാര്‍ തയാറുണ്ടോ? നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കും എന്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും ഉള്‍പ്പെടെ എടുത്ത ആയിരക്കണക്കിന് കേസുകള്‍ പിന്‍വിലിക്കാന്‍ തയാറുണ്ടോ? അയ്യപ്പസംഗമത്തിന് മുന്‍പ് കേസുകള്‍ പിന്‍വലിക്കാന്‍ തയാറായില്ല. 9 വര്‍ഷം ശബരിമലയുടെ വികസനത്തിന് വേണ്ടി ചെറുവിരല്‍ അനക്കാത്ത സര്‍ക്കാര്‍ പത്താമത്തെ വര്‍ഷം മാസ്റ്റര്‍ പ്ലാനുമായി ഇറങ്ങിയിരിക്കുന്ന കപടഭക്തി പരിവേഷക്കാരെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടുന്ന രാഷ്ട്രീയ ദൗത്യമാണ് ഞങ്ങള്‍ ഏറ്റെടുത്തത്. സര്‍ക്കാര്‍ ഭക്തരെ കബളിപ്പിക്കുമ്പോള്‍ അവരുടെ പൊയ്മുഖം വലിച്ചുകീറി യഥാര്‍ത്ഥ മുഖം തുറന്നു കാട്ടേണ്ട ഉത്തരവാദിത്തം ഞങ്ങള്‍ക്കുണ്ടായിരുന്നു. സംഘാടനത്തിന്റെ കുറവ് കൊണ്ട് അയ്യപ്പസംഗമം ഏഴുനിലയില്‍ പൊട്ടിപ്പോയി. യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചാണ് ഒരു മന്ത്രി കോള്‍മയിര്‍ കൊണ്ടത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് ഒരു മന്ത്രി ഇത്തരമൊരു സന്ദേശം വായിച്ചതെങ്കില്‍ എന്താകുമായിരുന്നു സി.പി.എമ്മിന്റെ പ്രചരണം? പിണറായി വിജയന്‍ ഇരിക്കുന്ന വേദിയിലാണ് യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ച് ആവേശഭരിതനായ ദേവസ്വം മന്ത്രിയെ കണ്ട് എത്രയോ ബി.ജെ.പി പ്രവര്‍ത്തകര്‍ കോരിത്തരിച്ചു കാണും. വിദ്വേഷ പ്രസംഗം നടത്തുന്നവരെയാണ് ആനയിച്ച് വേദിയിലേക്ക് കൊണ്ടു വന്നത് എന്ത് സന്ദേശമാണ് നല്‍കുന്നത്. കേരളത്തില്‍ ബി.ജെ.പിക്കും വര്‍ഗീയശക്തികള്‍ക്കും ഇടം നല്‍കിക്കൊണ്ടുള്ള ഇടപെടലാണ് സി.പി.എം നടത്തുന്നത്. വര്‍ഗീയ ശക്തികള്‍ക്ക് ഇടമുണ്ടാക്കിക്കൊടുക്കുകയാണ്. സി.പി.എം പച്ചയ്ക്ക് വര്‍ഗീയത പറയുകയാണ്. ബി.ജെ.പിയുടെ വഴിയിലൂടെയാണ് സി.പി.എമ്മും യാത്ര ചെയ്യുന്നത്. യോഗി ആദിത്യനാഥ് പിണറായി വിജയന് പറ്റിയ കൂട്ടുകാരനാണെന്നതില്‍ സംശയമില്ല. ഞങ്ങള്‍ കേരളത്തിലെ മതേതരമനസിന് മുന്നില്‍ ഈ വര്‍ഗീയവാദത്തെ പൊളിച്ചു കാട്ടും.
എന്‍.എസ്.എസുമായോ എസ്.എന്‍.ഡി.പിയുമായോ ഒരു തര്‍ക്കവുമില്ല. അവരുമായി നല്ല ബന്ധത്തിലാണ്. ഒരു വിഷയത്തില്‍ അഭിപ്രായം പറഞ്ഞതിന് വഴക്കിടേണ്ട കാര്യമില്ല. സമദൂരം തുടരുമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ ഞങ്ങള്‍ അസ്വസ്ഥരാകേണ്ട കാര്യമില്ലല്ലോ. വര്‍ഗീയതയ്‌ക്കെതിരായ നിലപാട് അദ്ദേഹം എല്ലാ കാലത്തും എടുത്തിട്ടുണ്ട്. വര്‍ഗീയവാദികളെ എന്‍.എസ്.എസിനകത്തേക്ക് കയറ്റാന്‍ അദ്ദേഹം ഇതുവരെ തയാറായിട്ടില്ല. അതൊരു ഉറച്ച നിലപാടാണ്. ആ നിലപാടിനെ ഞങ്ങള്‍ അഭിനന്ദിച്ചിട്ടുമുണ്ട്. അദ്ദേഹവുമായോ എന്‍.എസ്.എസുമായോ ഒരു തര്‍ക്കവുമില്ല. എല്ലാ സമുദായ സംഘടനകളുമായും നല്ല ബന്ധത്തിലാണ്. ഒരേ സമയം ന്യൂനപക്ഷ വര്‍ഗീയതയെയും ഭൂരിപക്ഷ വര്‍ഗീയതയെയും യു.ഡി.എഫ് എതിര്‍ക്കും. ആര് വര്‍ഗീയത പറഞ്ഞാലും മുഖം നോക്കാതെ എതിര്‍ക്കുക തന്നെ ചെയ്യും. അതൊരു സെക്യുലര്‍ പൊസിഷനിങാണ്. അതിന്റെ പേരില്‍ എന്തു നഷ്ടം വന്നാലും സഹിക്കാന്‍ ഞങ്ങള്‍ തയാറാണ്. ഞങ്ങളുടെ മതേതര നിലപാടുകളെയും മതേതര മൂല്യങ്ങളെയും താല്‍ക്കാലിക ലാഭത്തിനു വേണ്ടി വിറ്റു കാശാക്കില്ല. അത് വാക്കാണ്. കേരളത്തിലെ ഒരു മുന്നണി ധൈര്യസമേതം പറയുന്ന പൊളിറ്റിക്കല്‍ പൊസിഷനിങാണ്. കേരളം സെക്യുലറാണെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. പഴയ തലമുറയും പുതിയ തലമുറയും യു.ഡി.എഫിന്റെ സെക്യുലര്‍ പൊസിഷനിങിനൊപ്പം നില്‍ക്കും. ഒരു കാലത്തും ഇല്ലാത്ത തരത്തിലുള്ള ശക്തമായ നിലപാടാണിത്. ആര് വര്‍ഗീയത പറഞ്ഞാലും അവര്‍ക്കെതിരെ മുഖം നോക്കാതെ നിലപാടെടുക്കും.
സി.പി.എം എത്രയോ കാലം ലീഗിന് പിന്നാലെ നടന്നു. ലീഗ് മതേതര പാര്‍ട്ടിയാണെന്നു വരെ സി.പി.എം പറഞ്ഞതാണ്. ലീഗിന്റെ മതേതര വാദത്തെ തള്ളിപ്പറഞ്ഞു പോയ തീവ്രവാദ സ്വഭാവമുള്ള ഐ.എന്‍.എല്ലിനെ കക്ഷത്തില്‍ വച്ചുകൊണ്ടാണ് ഗോവിന്ദന്‍ ഞങ്ങളെ മതേതരത്വം പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. 4200 പേര്‍ വരുമെന്ന് പറഞ്ഞ പരിപാടിയില്‍ 630 പേര്‍ വരികയും അരക്കോടി രൂപയുടെ ഭക്ഷണം മാലിന്യപ്ലാന്റില്‍ തള്ളുകയും ചെയ്ത അയ്യപ്പ സംഗമമാണ് നടന്നത്. ദേവസ്വം ബോര്‍ഡാണ് നടത്തുന്നതെന്ന് പറഞ്ഞിട്ടും ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ മുഴുവന്‍ പിണറായി വിജന്റെയും വാസവന്റെയും ചിത്രങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. എന്തൊരു അയ്യപ്പ ഭക്തിയായിരുന്നു.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരെ ന്യൂനപക്ഷ പ്രീണനമാണ് സി.പി.എം നടത്തിയത്. ഇപ്പോള്‍ ഭൂരിപക്ഷ പ്രീണനമായി. ആരോടും ആത്മാര്‍ത്ഥതയില്ല. ഞങ്ങള്‍ക്ക് ഒരു ടെന്‍ഷനുമില്ല. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും അതിനു ശേഷവും ഇനി വരാനിരിക്കുന്ന നാളുകളിലും യു.ഡി.എഫിന് ഒറ്റ നിലപാടെയുള്ളൂ. അതില്‍ ഒരു വ്യത്യാസവും ഉണ്ടാകില്ല.