രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയിട്ടും മുഖ്യമന്ത്രി കേസെടുക്കാൻ നിർദ്ദേശിക്കാത്തത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ പേരിലെന്ന് എം എം ഹസൻ

Spread the love

സ്വകാര്യ ചാനൽ ചർച്ചയ്ക്കിടെ ബിജെപിയുടെ വക്താവ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയിട്ടും ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി കേസെടുക്കാൻ നിർദ്ദേശിക്കാത്തത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ പേരിലാണെന്ന് മുൻ കെപിസിസി പ്രസിഡൻറ് എം എം ഹസ്സൻ.

ജനാധിപത്യത്തെ സംരക്ഷിക്കാനും വർഗീയതക്കെതിരെ സന്ധിയില്ലാതെ പോരാടുകയും ചെയ്യുന്ന രാഹുൽഗാന്ധിയെ ഇല്ലാതാക്കാനുള്ള സംഘപരിവാറിന്റെ അജണ്ടയാണ് ഒരിക്കൽ കൂടി മറനീക്കി പുറത്തുവന്നത്. മതേതരത്വത്തിന്റെ സംരക്ഷകനായ രാഹുൽ ഗാന്ധിയെ വധിക്കുമെന്ന് പ്രഖ്യാപിക്കാൻ ഗോഡ്സെയുടെ അനുയായിക്ക് ധൈര്യം വന്നത് കേരളത്തിൽ സിപിഎം ഭരിക്കുന്ന സർക്കാർ ആയതുകൊണ്ടാണ്. രാഹുൽ ഗാന്ധിയെ വധിക്കുമെന്ന് സംഘപരിവാർ ഭീഷണി ഉയർന്നിട്ടും മുഖ്യമന്ത്രിയും സർക്കാരും നിശബ്ദത പാലിക്കുന്നത് ഇത്തരം നീചകൃത്യങ്ങൾക്ക് പ്രോത്സാഹനവും മൗനാനുവാദവും നൽകുന്നതിന് തുല്യമാണ്. സംഘപരിവാറിന്റെ ഇത്തരം ഭീഷണിക്ക് മുന്നിൽ കോൺഗ്രസ് ഭയപ്പെടില്ല. രാഹുൽ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണി ഉയർത്തിയ ബിജെപി നേതാവിനെ സംരക്ഷിക്കാനാണ് പിണറായി സർക്കാർ നീക്കമെങ്കിൽ പ്രക്ഷോഭവുമായി കോൺഗ്രസ് തെരുവിലേക്ക് ഇറങ്ങും. ബിജെപിയുടെ വെറുപ്പിന്റെയും അക്രമത്തിന്റെയും രാഷ്ട്രീയത്തിന് കേരളത്തിൽ സിപിഎം കുട പിടിക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ ആരെങ്കിലും അദ്ദേഹത്തിനെതിരെ വിമർശനമുന്നയിച്ചാൽ കേസെടുക്കുന്ന പിണറായി വിജയനാണ് രാജ്യത്തിൻറെ പ്രതിപക്ഷ നേതാവിന്റെ ജീവന് തന്നെ ഭീഷണി ഉയർത്തുന്ന പരസ്യ പ്രസ്താവന ഒരു ബിജെപി നേതാവിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ട് നടപടി എടുക്കാത്തത്. പിണറായി സർക്കാരിൻ്റെ ഇത്തരം ഇരട്ടത്താപ്പ് നിലപാടുകൾ കോൺഗ്രസ് മതേതര ജനാധിപത്യ വിശ്വാസികളുടെ മുന്നിൽ തുറന്നു കാട്ടും. മഹാത്മാ ഗാന്ധിജിയുടെ ഘാതകരുടെ പിന്മുറക്കാരുടെ ഭീഷണിയെ പ്രതിരോധിക്കാനുള്ള ശേഷി കേരളത്തിലെ കോൺഗ്രസിനുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം ഭീഷണികളെ കോൺഗ്രസ് രാഷ്ട്രീയമായും നിയമപരമായും നേരിടും. മോദി സർക്കാരിന്റെ അന്ത്യം കുറിക്കുന്ന രാഹുൽ ഗാന്ധിയുടെ വ്യക്തിപ്രഭാവവും വളരുന്ന ജനപിന്തുണയും ബിജെപിയെ അസ്വസ്ഥമാക്കുന്നുണ്ട്. വധഭീഷണിയെന്ന ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാൻ ഇറങ്ങുന്നവർ, രാജ്യത്തിൻറെ മതേതരത്വം സംരക്ഷിക്കാനും മതസൗഹാർദ്ദം നിലനിർത്താനും ജീവൻ ബലി നൽകിയ നൽകിയ പരമ്പരയിലെ കണ്ണിയാണ് രാഹുൽ ഗാന്ധിയെന്ന സത്യം ഓർമ്മിക്കുന്നത് നല്ലതാണെന്നും എംഎം ഹസൻ പറഞ്ഞു

Author

Leave a Reply

Your email address will not be published. Required fields are marked *