
തിരുവനന്തപുരം : പിണറായി ഭരണത്തിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത് സ്ത്രീകളും കുട്ടികളുമാണ്. സ്ത്രീ ശാപത്താൽ പിണറായി സർക്കാർ ഒലിച്ചു പോകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എല്ലാ വിഭാഗം ജനങ്ങളെയും
ഇത്രയേറെ വെറുപ്പിച്ച മറ്റൊരു സർക്കാർ രാജ്യത്ത് ഉണ്ടായിട്ടില്ല. സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു ലക്ഷം കോടി രൂപയാണ് ഈ സർക്കാർ കൊടുത്തു തീർക്കാനുള്ളത്. സംസ്ഥാനത്തിന്റെ പൊതു കടം ആറ് ലക്ഷം കോടി രൂപയിലേക്ക് ഉയരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജെബി മേത്തർ എം പി നയിച്ച മഹിള സാഹസ് കേരള യാത്രയുടെ സമാപനം കുറിച്ചു കൊണ്ട് സെക്രട്ടേറിയേറ്റിനു മുന്നിൽ നടന്ന കുറ്റപത്ര സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി, വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ രമേശ് ചെന്നിത്തല, ശശി തരൂർ എം പി, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം പി, കെപിസിസി വർക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് എം എൽ എ, എ പി അനിൽകുമാർ, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ ബിന്ദു കൃഷ്ണ, ഷാനിമോൾ 
ഉസ്മാൻ, വി എസ് ശിവകുമാർ, ഡിസിസി പ്രസിഡന്റ് എൻ ശക്തൻ കെ.പി സി സി വൈസ് പ്രസിഡണ്ട് വി.പി സജീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
പിണറായി സർക്കാരിനെ താഴെയിറക്കുംവരെ വീട്ടമ്മമാർക്ക് ഊണും ഉറക്കവും വിശ്രമവുമില്ലെന്ന് ജെബി മേത്തർ എം പി പറഞ്ഞു.
41 കുറ്റാരോപണങ്ങൾ എഴുതിയ 25 മീറ്ററിലധികം നീളമുള്ള ഫ്ലെക്സ് സ്ത്രീകൾ സെക്രട്ടറിയേറ്റിന് മുന്നിൽ പ്രദർശിപ്പിച്ചു
138 ദിവസംകൊണ്ട് 14 ജില്ലകളിലെ 941 പഞ്ചായത്തുകളിലും 87 മുനിസിപ്പാലിറ്റികളിലും ആറ് കോർപ്പറേഷനുകളിലുമുള്ള 1474 മണ്ഡലം കേന്ദ്രങ്ങളിൽ മഹിള സാഹസ് കേരള യാത്ര പര്യടനം നടത്തി. സംസ്ഥാനത്തെ ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയിലും അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലും വെള്ളത്താൽ ചുറ്റപ്പെട്ട പെരുമ്പളം ദ്വീപിലുമടക്കം എല്ലാ പഞ്ചായത്തുകളിലും സാഹസ് യാത്ര എത്തിച്ചേർന്ന് വീട്ടമ്മമാരുമായി സംവദിച്ചിരുന്നു. യാത്രയിലുടനീളം സ്ത്രീകൾ പിണറായി വിജയൻ സർക്കാരിനെതിരെ ഉന്നയിച്ച പരാതികൾ ഉൾപ്പടെയുള്ള വിവിധ വിഷയങ്ങളടങ്ങുന്ന 41 ഇന കുറ്റപത്രമാണ് സമർപ്പിച്ചത്. സംസ്ഥാന ചരിത്രത്തിൽ ഇതാദ്യമാണ് ഇത്രയും സുദീർഘമായ ഒരു രാഷ്ട്രീയ യാത്ര.