
ആസൂത്രിതമായ കുറ്റകൃത്യമാണ് ശബരിമലയില്‍ നടന്നിരിക്കുന്നതെന്നും അയ്യപ്പനെ വില്‍പ്പനച്ചരക്കാക്കിയോ എന്നതില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.
സര്‍ക്കാരിന്റെ കള്ളക്കളി പുറത്തുവരേണ്ടതുണ്ട്.സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഏജന്‍സികള്‍ അന്വേഷിച്ചാല്‍ സത്യങ്ങള്‍ പുറത്തുവരില്ല. വിശ്വാസത്തെയും വിശ്വാസികളെയും ഒറ്റുകൊടുക്കുകയും വഞ്ചിക്കുകയും ചെയ്യുന്നത് ഒരുകാരണവശാലും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

ദേവസ്വം ബോര്‍ഡിന്റെ വിശ്വാസ്യത തന്നെ നഷ്ടപ്പെടുത്തുന്ന വാര്‍ത്തകളും വെളിപ്പെടുത്തലുകളുമാണ് പുറത്തുവരുന്നത്. വിശ്വാസികള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍പ്പോലും മുഖം തിരിച്ചുനില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും. ദുരൂഹവും അങ്ങേയറ്റം ഗുരുതരവുമാണ് ശബരിമലയിലെ ദ്വാരപാലകശില്‍പങ്ങളുമായും സ്വര്‍ണപീഠവുമായും ബന്ധപ്പെട്ട വിവാദങ്ങള്‍. ഗുരുതര കുറ്റകൃത്യം ലളിതവത്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കം അപഹാസ്യമാണെന്നും വേണുഗോപാല്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ഇനിയും വ്യക്തത വരുത്താന്‍ കഴിയാത്ത കുറേയധികം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണം.2019ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി എന്ന വ്യക്തിയെ ദ്വാരപാലക ശില്‍പങ്ങളുടെ പുറംപാളിക്ക് സ്വര്‍ണംപൂശാന്‍ എന്ത് മാനദണ്ഡത്തിലാണ് ഏല്‍പ്പിച്ചതെന്ന് ചോദിച്ച വേണുഗോപാല്‍ പോറ്റിയുടെ സാമ്പത്തിക പശ്ചാത്തലമടക്കം എന്തായിരുന്നുവെന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
1999ല്‍ വിജയ് മല്യ ശബരിമല ശ്രീകോവിലിന് സ്വര്‍ണം പൂശിയപ്പോള്‍
ദ്വാരപാലകന്‍മാര്‍ക്കും സ്വര്‍ണം പൂശിയെങ്കിലും 2019ല്‍ അത് അഴിച്ചെടുക്കുമ്പോള്‍ ചെമ്പുപാളി എന്നാണ് രേഖപ്പെടുത്തിയതെന്നും ഇത് എങ്ങനെയാണെന്നും ഇതുമായി ബന്ധപ്പെട്ട രേഖകള്‍ എങ്ങനെയാണ് നഷ്ടമായതെന്നും വേണുഗോപാല്‍ ചോദിച്ചു. കൂടാതെ 2019 ജൂലൈ 20ന് സന്നിധാനത്തുനിന്ന് കൊണ്ടുപോയ പാളികള്‍ ഓഗസ്റ്റ് 29നാണ് സ്വര്‍ണം പൂശല്‍ നടത്തേണ്ട ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ചത്. ഒരു മാസവും 9 ദിവസവും ഇവ എവിടെയായിരുന്നുയെന്നതില്‍ വ്യക്തവരുത്തമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. മാത്രവുമല്ല സന്നിധാനത്തുനിന്ന് പുറപ്പെടുമ്പോഴുള്ള പാളികയുടെയും പീഠത്തിന്റെയും ഭാരത്തില്‍ 4.147 കീലോ കുറഞ്ഞതെങ്ങനെയാണെന്നും കെസി വേണുഗോപാല്‍ ചോദിച്ചു.
അറ്റകുറ്റപ്പണികള്‍ ക്ഷേത്രപരിസരത്ത് തന്നെ നടത്തണമെന്ന ദേവസ്വം മാനുവല്‍ മറികടന്ന് ഇതിന് അനുമതി നല്‍കിയത് ആരാണെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട വേണുഗോപാല്‍ കൊണ്ടുപോയ പാളി തന്നെയാണോ തിരിച്ചെത്തിച്ചതെന്നതിലും വ്യക്തത വേണമെന്നും ആവശ്യപ്പെട്ടു. എന്നിട്ട് അതേ പോറ്റിയുടെ പക്കല്‍ തന്നെ ഇക്കൊല്ലം വീണ്ടും അറ്റകുറ്റപ്പണിക്കെന്ന് പറഞ്ഞ് സ്‌പെഷല്‍ കമ്മിഷണറെയോ ദേവസ്വം ബഞ്ചിനെയോ അതറിയിക്കാതെ കൊടുത്തുവിട്ടത് എന്തിനെന്നും വേണുഗോപാല്‍ ചോദിച്ചു. കുറ്റാരോപിതനായ ഉണ്ണികൃഷ്ണന്‍ ന്യായീകരിച്ച് ഉണ്ണികൃഷ്ണനെ ന്യായീകരിച്ച് 2019 കാലത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ രംഗത്തെത്തിയത് ആര്‍ക്കുവേണ്ടിയാണെന്നും കെസി വേണുഗോപാല്‍ ചോദിച്ചു.ശബരിമലയിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ സംബന്ധിച്ച് പരിശോധന നടത്താന്‍ വിരമിച്ച ജഡ്ജിയെ ചുമതലപ്പെടുത്തിയ ഹൈക്കോടതി വിധിയെ പൂര്‍ണമായും സ്വാഗതം ചെയ്യുന്നുവെന്നും വേണുഗോപാല്‍ പറഞ്ഞു.