ശബരിമലയിലെ സ്വര്‍ണം കട്ടെടുത്തത് ദേവസ്വം ബോര്‍ഡിന്റെയും ഇടനിലക്കാരന്റെയും അറിവോടെ – പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Spread the love

പ്രതിപക്ഷ നേതാവ് ആറന്മുളയില്‍ മാധ്യമങ്ങളോട് പറഞ്ഞത്. (02/10/2025)

ശബരിമലയിലെ സ്വര്‍ണം കട്ടെടുത്തത് ദേവസ്വം ബോര്‍ഡിന്റെയും ഇടനിലക്കാരന്റെയും അറിവോടെ; മോഷ്ടാക്കളെ സഹായിക്കാന്‍ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തി; രണ്ടു ദേവസ്വം മന്ത്രിമാര്‍ക്കും രണ്ട് ദേവസ്വം പ്രസിഡന്റുമാര്‍ക്കും ഉത്തരവാദിത്തമുണ്ട്. സ്വര്‍ണപാളികള്‍ പുറത്തേക്ക് കൊണ്ടു പോകാന്‍ ദേവസ്വം പ്രസിഡന്റ് അനുമതി നല്‍കിയത് എന്തിന്? വ്യാജ ജി.എസ്.ടി രജിസ്‌ട്രേഷനില്‍ അന്വേഷണില്ലാത്തത് സി.പി.എമ്മുകാരായ ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍; ധനവകുപ്പില്‍ കോടികളുടെ അഴിമതി നടന്നിട്ടും ധനമന്ത്രിക്ക് മറുപടിയില്ല.

ആറന്മുള (പത്തനംതിട്ട) : ശബരിമലയില്‍ നടന്നത് തട്ടിപ്പും കളവുമാണ്. ഭക്തര്‍ നല്‍കിയ സ്വര്‍ണം കവര്‍ന്നെടുത്തിരിക്കുകയാണ്. ദേവസ്വം ബോര്‍ഡിന്റെയും ഇടനിലക്കാരന്റെയും അറിവോടെയാണ് സ്വര്‍ണം കട്ടെടുത്തത്. എല്ലാ നിയമങ്ങളും ലംഘിച്ച് ഹൈക്കോടതി അനുമതിയില്ലാതെ 40 വര്‍ഷം വാറന്റിയുള്ള സ്വര്‍ണം 20 വര്‍ഷം കഴിഞ്ഞപ്പോള്‍ പുറത്തേക്ക് കൊണ്ടു പോയി. അത് തിരിച്ച് എത്തിച്ചപ്പോള്‍ സ്വര്‍ണം നഷ്ടമായെന്ന് ദേവസ്വം ബോര്‍ഡിന്റെ അന്വേഷണത്തില്‍ തന്നെ കണ്ടെത്തിയിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തി വച്ച് സ്വര്‍ണം മോഷ്ടിച്ചവരെ സഹായിക്കുന്ന നിലപാടാണ് മുന്‍ ദേവസ്വം ബോര്‍ഡും മുന്‍ സര്‍ക്കാരും ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡും ഇപ്പോഴത്തെ സര്‍ക്കാരും സ്വീകരിച്ചത്. രണ്ടു ദേവസ്വം മന്ത്രിമാര്‍ക്കും രണ്ട് ദേവസ്വം പ്രസിഡന്റുമാര്‍ക്കും ഇതിന്റെ ഉത്തരവാദിത്തമുണ്ട്. സ്വര്‍ണപാളികള്‍ പുറത്തേക്ക് കൊണ്ടു പോകാന്‍ ഇപ്പോഴത്തെ ദേവസ്വം പ്രസിഡന്റ് അനുമതി നല്‍കിയത് എന്തിനാണ്. ക്ഷേത്ര കോമ്പൗണ്ടി തന്നെയാണ് അറ്റകുറ്റപണി നടത്തേണ്ടതെന്ന വ്യവസ്ഥ ലംഘിച്ച് കളവ് നടത്താന്‍ ഇടനിലക്കാരനു വേണ്ടി കൂട്ടു നിന്നു. ആരാണ് ഉണ്ണികൃഷ്ണന്‍ പോറ്റി? എന്താണ് അയാളുടെ പശ്ചാത്തലം? ഉണ്ണികൃഷ്ണന്‍ പോറ്റിയെ സ്വര്‍ണപാളി ഏല്‍പ്പിച്ചത് ആരാണ്? ശബരിമലയുടെ പേരില്‍ പണ പിരിവ് നടത്താന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ആരാണ് അനുമതി നല്‍കിയത്? കൊണ്ടു പോയ സ്വര്‍ണം എങ്ങനെയാണ് ഇയാളുടെ ബന്ധുവീട്ടില്‍ നിന്നും കിട്ടത്? ആര്‍ക്കൊക്കെ എതിരെയാണ് കേസെടുത്തത്? ഇവരെല്ലാം ഇടനിലക്കാരാണ്. അയ്യപ്പനെ പറ്റിച്ച് കിലോക്കണക്കിന് സ്വര്‍ണം അടിച്ചുമാറ്റിയിരിക്കുന്ന ക്രിമിനല്‍ കേസാണിത്. കോടതിയുടെ നിരീക്ഷണത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സ്വര്‍ണത്തിന്റെ അളവ് കുറഞ്ഞെന്നു മനസിലായിട്ടും കളവ് നടത്തിയവരെ സംരക്ഷിക്കുകയായിരുന്നു. അപ്പോള്‍ ഇവര്‍ക്കും അതിന്റെ വിഹിതം കിട്ടുന്നുണ്ടാകും.

ജി.എസ്.ടി തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്നലെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നു. സാധാരണക്കാരായ മനുഷ്യരുടെ പേരില്‍ വ്യാജ ജി.എസ്.ടി രജിസ്‌ട്രേഷന്‍ എടുത്ത് 1100 കോടിയുടെ ഇടപാട് നടത്തി 200 കോടി രൂപ ഖജനാവിന് നഷ്ടമുണ്ടാക്കി. പൂണെ ഇന്റലിജന്‍സ് ഈ വിവരം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടും രജിസ്‌ട്രേഷനുകള്‍ റദ്ദാക്കുകയെന്ന നടപടി മാത്രമാണ് സ്വീകരിച്ചത്. 2025 ഫെബ്രുവരിയിലാണ് പൂണെ ജി.എസ്.ടി ഇന്‍ലിജന്‍സ് തട്ടിപ്പിന് കുറിച്ച് സംസ്ഥാനത്തിന് വിവരം കൈമാറിയത്. എന്നിട്ടും എട്ടു മാസമായി മൂടിവച്ചു. ഇത്തരത്തില്‍ തട്ടിപ്പ് നടന്ന കാര്യം ഇരകളായ പാവങ്ങളെ സര്‍ക്കാര്‍ അറിയിച്ചില്ല. തട്ടിപ്പിനെ കുറിച്ച് അന്വേഷണവുമില്ല. ജി.എസ്.ടി വകുപ്പിലെ ന്യൂനതകളും പരിഹരിച്ചില്ല. എല്ലാ വൃത്തികേടുകള്‍ക്കും ധനകാര്യ വകുപ്പ് കൂട്ടു നില്‍ക്കുകയാണ്. കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് ധനവകുപ്പില്‍ നടക്കുന്നത്. സി.പി.എമ്മുകാരയെ ഉദ്യോഗസ്ഥരെ ജി.എസ്.ടി വകുപ്പിലെ താക്കോല്‍ സ്ഥാനങ്ങളില്‍ നിയമിച്ച് അവരെക്കൊണ്ടാണ് അഴിമതി നടത്തിയിരിക്കുന്നത്. ഈ അഴിമതിയിലും ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ട്. അവരെ രക്ഷിക്കാനാണ് അന്വേഷണം വേണ്ടെന്ന് തീരുമാനിച്ചത്. പാവങ്ങളുടെ പേരില്‍ വ്യാജ ജി.എസ്.ടി രജിസ്‌ട്രേഷന്‍ എടുത്ത് 200 കോടി രൂപയുടെ നഷ്ടം ഖജനാവിനുണ്ടാക്കിയ കേസില്‍ അന്വേഷണം വേണ്ടെന്ന് ആരാണ് തീരുമാനിച്ചത്? നികുതി വെട്ടിപ്പിന് പുറമെ ഡാറ്റാ തട്ടിപ്പുമുണ്ട്. എന്നിട്ടും ധനകാര്യമന്ത്രിക്ക് മറുപടി നല്‍കിയില്ല. നിരവധി കേസുകള്‍ എടുത്തിട്ടുണ്ടെന്നതല്ല ഇതിന് മറുപടി. ആയിരക്കണക്കിന് വ്യാജ രജിസ്‌ട്രേഷനുകളെ കുറിച്ച് ഒരു അന്വേഷണവുമില്ല. കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് ജി.എസ്.ടിയില്‍ നടക്കുന്നത്. പിന്നെ എങ്ങനെയാണ് സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിക്കുന്നത്? മറ്റു സംസ്ഥാനങ്ങളില്‍ നികുതി വരുമാനം കൂടുമ്പോള്‍ കേരളത്തില്‍ അത് താഴോട്ട് പോകുകയാണ്. വ്യാപകമായ അഴിമതിയും കെടുകാര്യസ്ഥതയും തട്ടിപ്പുമാണ് ജി.എസ്.ടി വകുപ്പില്‍ നടക്കുന്നത്. നികുതി വെട്ടിപ്പുകാരെ പിടിക്കാന്‍ ജി.എസ്.ടി വകുപ്പ് ഒന്നും ചെയ്യുന്നില്ല. കേസുകള്‍ എടുത്തിട്ടുണ്ടെങ്കില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ പോലും നിയമിച്ചിട്ടില്ല. പല കേസുകളും രഹസ്യമായി ഒതുക്കി തീര്‍ക്കുകയാണ്. ധനകാര്യമന്ത്രി മറുപടി പറഞ്ഞില്ലെങ്കില്‍ എന്തു ചെയ്യണമെന്ന് പ്രതിപക്ഷം ഗൗരവമായി ആലോചിക്കും.

മറ്റു സംസ്ഥാനങ്ങളില്‍ ദുരന്തം ഉണ്ടായപ്പോള്‍ ചെയ്തതു പോലുള്ള സഹായം കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് നല്‍കിയിട്ടില്ല. അത് നല്‍കണമെന്നതാണ് പ്രതിപക്ഷത്തിന്റെ നിലപാട്. സംസ്ഥാന സര്‍ക്കാരിന്റെ കയ്യിലുള്ള 750 കോടി രൂപയും കൃത്യമായി ചെലവാക്കണം. ഇപ്പോഴും അവിടെയുള്ള രോഗികള്‍ക്ക് ചികിത്സാ ചെലവ് നല്‍കുന്നില്ല. വീട് എല്ലാവരും സ്‌പോണ്‍സര്‍ ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസും നൂറ് വീട് നല്‍കുന്നുണ്ട്. സ്ഥലം ഏറ്റെടുക്കുന്നതിന്റെ അന്തിമഘട്ടത്തിലാണ്. സര്‍ക്കാര്‍ പ്രത്യേകമായി വീട് നിര്‍മ്മിക്കാന്‍ അനുമതി തരില്ലെന്നാണ് തുടക്കത്തില്‍ പറഞ്ഞത്. അതുകൊണ്ടു തന്നെ സര്‍ക്കാര്‍ നല്‍കുന്ന സ്ഥലത്ത് വീട് നിര്‍മ്മിക്കാമെന്നാണ് കരുതിയത്. പിന്നീടാണ് സ്ഥലം വാങ്ങാന്‍ തീരുമാനിച്ചത്. വയനാട്ടില്‍ സ്ഥലം വാങ്ങാന്‍ സര്‍ക്കാര്‍ തന്നെ പത്തു മാസമെടുത്തു. ഞങ്ങള്‍ നിര്‍മ്മിക്കുന്ന വീടുകള്‍ക്കു വേണ്ടിയുള്ള സ്ഥലം വാങ്ങുന്ന നടപടി അന്തിമഘട്ടത്തിലാണ്. സ്ഥലം രജിസ്‌ട്രേഷന്‍ കഴിഞ്ഞാലുടന്‍ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കും. ലീഗ് പ്രഖ്യാപിച്ച വീടുകളുടെ നിര്‍മ്മാണം ആരംഭിച്ചു. കര്‍ണാടക സര്‍ക്കാരും വീട് വയ്ക്കാനുള്ള പണം കൈമാറി. അപ്പോള്‍ വീട് വയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് പണം ചെലവാകില്ല. അപകടകരമായ സ്ഥലങ്ങളില്‍ നിന്നും ആളുകളെ പുനരധിവസിപ്പിക്കാനും പരിക്കേറ്റവര്‍ക്ക് ചികിത്സാ സഹായം ഉള്‍പ്പെടെ നല്‍കാനുമാണ് സംസ്ഥാന സര്‍ക്കാര്‍ തയാറാകേണ്ടത്. ദുരന്ത മേഖലയിലുള്ളവര്‍ എങ്ങനെയാണ് ജീവിക്കുന്നതെന്ന് സര്‍ക്കാര്‍ അന്വേഷിക്കണം. അവരുടെ ഉപജീവനം പൂര്‍ണമായും നഷ്ടമായതാണ്. അതിനെല്ലാം സര്‍ക്കാരിന്റെ സഹായമുണ്ടാകണം.

Author

Leave a Reply

Your email address will not be published. Required fields are marked *