കപ്പൽ നിർമാണരംഗത്തെ സാധ്യതകൾ പങ്കുവെച്ച് ഷിപ്പ് ബിൽഡിംഗ് സമിറ്റ്

Spread the love

കൊച്ചി: കപ്പൽ നിർമാണരംഗത്ത് ആഗോളതലത്തിൽ മുന്നിരയിലെത്താൻ വിഭാവനം ചെയ്ത മാരിടൈം ഇന്ത്യ വിഷൻ 2030ന്റെ ഭാഗമായി കൊച്ചിയിൽ ഷിപ്പ് ബിൽഡിംഗ് സമിറ്റ് സംഘടിപ്പിച്ചു. കൊച്ചിൻ ഷിപ്പ്‌യാർഡും സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ചും (സിപിപിആർ) ചേർന്ന് സംഘടിപ്പിച്ച ഉച്ചകോടി സിഎസ്എൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മധു എസ് നായർ ഉദ്‌ഘാടനം ചെയ്തു. കപ്പൽ നിർമാണ മേഖലയിൽ ആഗോള ശക്തിയാകാൻ കഴിയുന്ന സാഹചര്യമാണ് ഇന്ത്യയ്ക്കുള്ളതെന്ന് മധു എസ് നായർ പറഞ്ഞു. കപ്പൽ നിർമാണ രംഗത്തെ സിംഹഭാഗവും കയ്യാളുന്ന ജപ്പാനും ദക്ഷിണ കൊറിയയും കടുത്ത തൊഴിലാളി ക്ഷാമത്തിലൂടെയാണ് കടന്നുപോകുന്നത്. വൈദഗ്ധ്യവുമുള്ള തൊഴിലാളികൾ, ശക്തമായ സമ്പദ്‌വ്യവസ്ഥ, അതിവേഗം വളരുന്ന ആഭ്യന്തര വിപണി എന്നിവയുള്ള ഇന്ത്യയ്ക്ക് കപ്പൽ നിർമാണ മേഖലയിൽ ബഹുദൂരം മുന്നേറാനാകും. നാവികസേനയ്ക്കു പുറമെ വിവിധ രാജ്യങ്ങൾക്കും വേണ്ടിയും അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കപ്പലുകൾ നിർമിച്ചു നൽകുന്ന കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ പ്രവർത്തനം മാരിടൈം ഇന്ത്യ വിഷന് ഏറെ സഹായകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിപിആർ ചെയർമാൻ ഡോ. ഡി ധനുരാജ് മുഖ്യപ്രഭാഷണം നടത്തി. ഗവേഷണം, നൈപുണ്യ വികസനം, ആഗോള പങ്കാളിത്തം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന ഇക്കോസിസ്റ്റം വളർത്തിയെടുക്കുന്നത് കപ്പൽ നിർമാണ രംഗത്ത് ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്താൻ അത്യന്താപേഷിതമാണെന്ന് ഡോ. ഡി ധനുരാജ് പറഞ്ഞു. മുൻ നാവികസേന വൈസ് അഡ്മിറലും നാഷണൽ മാരിടൈം സെക്യൂരിറ്റി കോർഡിനേറ്ററുമായ ജി അശോക് കുമാർ, മസഗോൺ ഡോക്ക് ഷിപ്‌ബിൽഡേഴ്‌സ് ലിമിറ്റഡ് ഡയറക്ടർ ബിജു ജോർജ്, സ്മാർട്ട് എൻജിനീയറിംഗ് ആൻഡ് ഡിസൈൻ സൊല്യൂഷൻസ് ലിമിറ്റഡ് സിഒഒ ഹരിരാജ് പി, കുസാറ്റിലെ നേവൽ ആർകിടെക്ചർ ആൻഡ് ഷിപ്പ് ബിൽഡിംഗ് ഡിപ്പാർട്ട്മെന്റ് അസോസിയേറ്റ് പ്രൊഫസർ ഡോ. സതീഷ് ബാബു പി കെ എന്നിവർ സംസാരിച്ചു. ബിറ്റ്‌സ് പിലാനി ഗോവ ക്യാംപസ് പ്രൊഫസറും സിപിപിആർ ഫെല്ലോയുമായ ഡോ. ആർ പി പ്രധാൻ ചർച്ചകൾക്ക് നേതൃത്വം നൽകി.

‘സ്റ്റിയറിങ് ഇന്ത്യാസ് ഷിപ്പ് ബിൽഡിങ് ഇൻഡസ്ട്രി; കോളാബറേഷൻ, ഇന്നവേഷൻ ആൻഡ് ഇൻവസ്റ്റ്മെന്റ് ഫോർ 2047’ എന്ന പ്രമേയത്തിലാണ് ഉച്ചകോടി സംഘടിപ്പിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക, വ്യാവസായിക, നയപരമായ വളർച്ചയുടെ കേന്ദ്രമായാണ് കപ്പൽ നിർമാണരംഗത്തെ പരിഗണിക്കാറ്. 2047ഓടുകൂടി ഈ മേഖലയിൽ ആഗോള നേതൃസ്ഥാനം നേടുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. നയപരമായ പരിഷ്‌കാരങ്ങൾ, സാങ്കേതിക നവീകരണം, തൊഴിൽ, വിദ്യാഭ്യാസം, സാമ്പത്തിക സ്ഥിരത എന്നിങ്ങനെ രാജ്യത്തെ കപ്പൽനിർമാണ മേഖലയിലെ സാധ്യതകളും വെല്ലുവിളികളും ഉച്ചകോടിയിൽ ചർച്ചയായി.

Picture Caption: കൊച്ചിയിൽ സംഘടിപ്പിച്ച ഷിപ്പ് ബിൽഡിംഗ് സമിറ്റ് കൊച്ചിൻ ഷിപ്പ്‌യാർഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മധു എസ് നായർ ഉദ്‌ഘാടനം ചെയ്യുന്നു. സിപിപിആർ സീനിയർ റിസർച്ച് അസോസിയേറ്റ് ഡോ. ധൃതിശ്രീ ബോർദലൈ, ചെയർമാൻ ഡോ. ഡി ധനുരാജ്, മുൻ നാവികസേന വൈസ് അഡ്മിറലും നാഷണൽ മാരിടൈം സെക്യൂരിറ്റി കോർഡിനേറ്ററുമായ ജി അശോക് കുമാർ, മുൻ വിദേശകാര്യ ജോയിന്റ് സെക്രട്ടറി വേണു രാജാമണി, മുൻ റോ ചീഫ് പി കെ ഹോർമിസ് തരകൻ എന്നിവർ സമീപം.

Anu Maria Thomas

 

 

Author

Leave a Reply

Your email address will not be published. Required fields are marked *