2047 ഓടെ ഇന്ത്യ വികസിത രാജ്യമാകും: ഉപരാഷ്ട്രപതി

Spread the love

2047 ഓടെ ഇന്ത്യ വികസിത രാജ്യമാകുമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. സാധാരണക്കാർക്കും ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള സാങ്കേതികവിദ്യകൾ വികസിപ്പിച്ചും അർപ്പണബോധത്തോടെയുള്ള പ്രവർത്തനങ്ങളിലൂടെയും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി പോലുള്ള സ്ഥാപനങ്ങൾ വികസിത ഭാരതത്തിനായുള്ള മുന്നേറ്റങ്ങൾക്ക് ഊർജം പകരുകയാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു. സ്ഥാപനം വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകളുടെ പ്രദർശനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.രണ്ട് ലക്ഷത്തോളം പേർക്കാണ് ശ്രീചിത്ര ഇതിനോടകം ഹാർട്ട് വാൽവ് ഇംപ്ലാന്റ് ചെയ്തത്. അടുത്തിടെ വികസിപ്പിച്ചെടുത്ത രണ്ടാം തലമുറ ഹൃദയ വാൽവ് 40 രോഗികളിൽ വച്ചുപിടിപ്പിച്ചു വിജയിച്ചു. ശ്രീചിത്ര ഉൽപ്പാദിപ്പിക്കുന്ന ബ്ലഡ് ബാഗ് രാജ്യത്തുടനീളവും ഏഷ്യയിലേയും മിക്കവാറും ആശുപത്രികൾക്കും വിൽക്കുന്നുണ്ട്. സ്ഥാപനത്തിന്റെ ഗുണമേൻമയും അർപ്പണമനോഭാവവുമാണ് ഇതിനു പിന്നിൽ. വികസിപ്പിച്ചെടുത്ത ജീവൻ രക്ഷാ ഉപകരണങ്ങളായ വാസ്‌കുലാർ സ്റ്റെന്റും വെന്റ്രിക്യുലാർ അസിസ്റ്റ് ഡിവൈസും കമ്പനികൾക്ക് കൈമാറ്റം ചെയ്യാൻ പോകുകയാണ്. ഉടൻ തന്നെ വളരെ കുറഞ്ഞ ചിലവിൽ ഇവ ലഭ്യമാകും. ഒരു സർക്കാർ സ്ഥാപനമാണ് ഇത്രയേറെ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചിരിക്കുന്നത്. കൃത്യമായ പ്രചോദനം ലഭിച്ചാൽ സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നേറാനാകും എന്നതിന്റെ തെളിവാണിത്. രാജ്യത്തുടനീളമുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും ശ്രീചിത്ര പ്രചോദനമാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു.എല്ലാ മേഖലകളിലും ഗവേഷണം അത്യന്താപേക്ഷിതമാണ്. കണ്ടുപിടിത്തങ്ങൾ സമൂഹത്തിൽ സ്വാധീനം ചെലുത്തുമ്പോഴാണ് ഗവേഷണം വിജയകരമാകുന്നത്. സാധാരണക്കാരുടെ മികച്ച ആരോഗ്യ പരിരക്ഷയ്ക്കു പിന്തുണയ്ക്കുന്ന ഗവേഷണങ്ങൾക്ക് ശ്രീചിത്ര പ്രാധാന്യം നൽകുന്നതിനാലാണ് അധികം പണം ലഭ്യമാക്കുന്നത്. രാജ്യത്ത് ഗവേഷണത്തിനായി മാത്രം ഒരു ലക്ഷം കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീചിത്രയുടെ ബയോമെഡിക്കൽ ഉപകരണങ്ങളെക്കുറിച്ചുള്ള 53 പ്രോജക്റ്റുകൾ വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. 2023 മുതൽ 2025 വരെ 57 ഇന്ത്യൻ പേറ്റന്റുകളും 7 വിദേശ പേറ്റന്റുകളും 27 ഡിസൈൻ രജിസ്ട്രേഷനുകളും ശ്രീചിത്രക്ക് ലഭിച്ചിട്ടുണ്ട്. കൂടുതൽ കണ്ടുപിടിത്തങ്ങളിലേക്ക് എത്തിപ്പെടാനുള്ള സ്ഥാപനത്തിന്റെ പ്രതിബദ്ധതയെയാണ് ഈ നേട്ടങ്ങൾ ചൂണ്ടിക്കാട്ടുന്നത്. മരുന്നുകളുടെ വിൽപ്പനയിലൂടെ പണം ഉണ്ടാക്കുകയല്ല, താങ്ങാനാവുന്ന വിലയ്ക്ക് മരുന്നുകൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. അതിനുവേണ്ടിയാണ് മഹത്തായ ഗവേഷണങ്ങൾ നടത്തുന്നത്. എല്ലാവർക്കും ആരോഗ്യം ഉറപ്പാക്കുന്നതിനാണ് ഊന്നൽ. പാവപ്പെട്ടവർക്ക് മികച്ച ആരോഗ്യ സംരക്ഷണം ലഭിക്കേണ്ടതുണെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *