
ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ രാജ്യാന്തരകള്ളക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന ഹൈക്കോടതിയുടെ സംശയം ഗൗരവമുള്ളതാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ നിസംഗത തുടരുകയാണ്. അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി ഒരു മാസം പിന്നിട്ടിട്ടും കാര്യമായ പുരോഗതിയില്ല. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്നും സണ്ണി ജോസഫ് പറഞ്ഞു.

ഹൈക്കോടതിയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതെങ്കിലും ആഭ്യന്തര വകുപ്പ് അവരുടെ കരങ്ങള്‍ ബന്ധിച്ചിരിക്കുന്നു. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമാണ് അന്വേഷണ സംഘത്തെ നിയന്ത്രിക്കുന്നത്. നീതിപൂര്‍വ്വമായ അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഭയമാണ്. അന്വേഷണം സിപിഎം നേതാക്കളിലേക്ക് കടന്നാല്‍ ഉദ്യോഗസ്ഥരുടെ സര്‍വീസിനെ തന്നെ ബാധിക്കുമെന്ന ഭീഷണിയുണ്ട്. അതിനാലാണ് ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെയും സിപിഎം രാഷ്ട്രീയ നേതൃത്വത്തിന്റെയും പങ്ക് പകല്‍പോലെ വ്യക്തമായിട്ടും അന്വേഷണം അവരിലേക്ക് നീളാത്തത്. നഷ്ടപ്പെട്ട സ്വര്‍ണ്ണം പൂര്‍ണ്ണമായും വീണ്ടെടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. തെളിവ് നശിപ്പിക്കാന്‍ അവസരം നല്‍കുന്നു. ലക്ഷക്കണക്കിന് വരുന്ന വിശ്വാസസമൂഹത്തെ വഞ്ചിക്കുകയാണ് സര്‍ക്കാര്‍. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് ജനകീയമായ ഇടപെടല്‍ തുടര്‍ന്നും കോണ്‍ഗ്രസ് നടത്തുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

വോട്ട് ചോരിയുമായി ബന്ധപ്പെട്ട് തെളിവുകള്‍ സഹിതം രാഹുല്‍ ഗാന്ധി ആക്ഷേപം ഉന്നയിച്ചതിലൂടെ ഹരിയാനയിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ സ്വാധീനിച്ചത് കള്ളവോട്ട് കൊണ്ടാണെന്ന് വ്യക്തമായി. യഥാര്‍ത്ഥ ജനവിധി കോണ്‍ഗ്രസിന് അനുകൂലമായിരുന്നുവെന്ന് രാഹുല്‍ ഗാന്ധിക്ക് കണക്കുകള്‍ സഹിതം തെളിയിച്ചു. അതിന് മറുപടിപറയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞിട്ടില്ല.ബിഹാറിലും ലക്ഷക്കണക്കിന് വോട്ടര്‍മാരെ ഒഴിവാക്കിയാണ് അവിടത്തെ ഭരണസംവിധാനം മുന്നോട്ട് പോകുന്നത്. ജനാധിപത്യത്തില്‍ ഭരണഘടന ഉറപ്പാക്കുന്ന വോട്ടവകാശം സംരക്ഷിക്കാനുള്ള ജനങ്ങളുടെ പോരാട്ടത്തിനാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്നത്. രാഹുല്‍ ഗാന്ധിയുടെ ഈ പോരാട്ടത്തിന് കെപിസിസി എല്ലാ പിന്തുണയും നല്‍കിയിട്ടുണ്ട്. അതിന്റെ ഭാഗമായി ലക്ഷക്കണക്കിന് ഒപ്പ് ശേഖരിച്ച് എഐസിസിക്ക് കൈമാറും. ഈ പോരാട്ടത്തില്‍ രാഷ്ട്രീയത്തിന് അതീതമായ എല്ലാ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണയുണ്ടാകണമെന്നും സണ്ണി ജോസഫ് പറഞ്ഞു.