ശബരിമല സ്വര്‍ണക്കടത്തിന് രാജ്യാന്തരക്കള്ളക്കടത്തുമായി ബന്ധം എന്ന ഹൈക്കോടതി നിരീക്ഷണം ഗൗരവമുള്ളത്. അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ സിബിഐയ്ക്കു വിടണം : രമേശ് ചെന്നിത്തല

Spread the love

          

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ചയ്ക്കു രാജ്യാന്തര കള്ളക്കടത്ത് സംഘവുമായി ബന്ധമെന്ന ഹൈക്കോടതിയുടെ നിരീക്ഷണം അതീവഗൗരവമുള്ളതാണെന്നും കേസ് കൂടുതല്‍ അന്വേഷണത്തിന് സിബിഐയ്ക്കു കൈമാറണമെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമല ക്ഷേത്രത്തില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വര്‍ണം കവര്‍ച്ച ചെയ്യപ്പെട്ട കേസില്‍വളരെ അവധാനതയോടെയുള്ള അന്വേഷണമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നടക്കുന്നത്. കവര്‍ച്ച നടന്ന കാലയളവിലെ എല്ലാ ദേവസ്വം പ്രസിഡന്‌റുമാര്‍, അംഗങ്ങള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ പങ്കും അന്വേഷണവിധേയമാക്കണം. മൂന്നു ദേവസ്വം മന്ത്രിമാരാണ് ഈ കാലയളവിലുണ്ടായിരുന്നത്. ഓരോരുത്തരുടെ പങ്കും അന്വേഷിക്കണം.

സിനിമാക്കഥകളെ വെല്ലുന്ന രീതിയിലാണ് ശബരിമല സ്വര്‍ണക്കവര്‍ച്ച നടന്നിരിക്കുന്നത്. ദേവസ്വം ബോര്‍ഡിലെ ഉന്നതരടക്കമറിഞ്ഞ് പുറത്തു നിന്നൊരാള്‍ വന്ന് പട്ടാപ്പകല്‍ സ്വര്‍ണപ്പാളികള്‍ ഇളക്കിക്കൊണ്ടുപോയി സ്വര്‍ണം അടിച്ചു മാറ്റുകയാണ്. സത്യത്തില്‍ സിനിമയില്‍ പോലും ഒന്നോ രണ്ടോ വില്ലന്മാരേ ഉള്ളു. ഇവിടെ ഒരു സര്‍ക്കാര്‍ സംവിധാനം ഒന്നടങ്കം ഒരുകവര്‍ച്ചയ്ക്കു കൂട്ടു നില്‍ക്കുകയാണ്. സ്വര്‍ണം പൂശാനെന്ന പേരില്‍ ഭക്തജനങ്ങളില്‍ നിന്നു പിരിച്ചെടുത്ത കോടികളുടെ കഥ വേറെ.

നിലവില്‍ നടക്കുന്ന അന്വേഷണം കുറച്ചു പേരെ ബലിയാടാക്കി കൂടുതല്‍ പേരെ രക്ഷിക്കാനുള്ള ഒരു ശ്രമം മാത്രമാണ്. കാര്യമായ അന്വേഷണം പോലും നടക്കുന്നില്ല. തെക്കേ ഇന്ത്യയിലെ മുഴുവന്‍ അയ്യപ്പവിശ്വാസികളെയും കബളിപ്പിച്ചാണ് ക്ഷേത്രം സംരക്ഷിക്കേണ്ട ദേവസ്വം ബോര്‍ഡിലെ ഉന്നതര്‍ തന്നെ ക്ഷേത്രം കൊള്ളയടിച്ചിരിക്കുന്നത്. പുറത്തു വരുന്ന വാര്‍ത്തകള്‍ വിശ്വസിക്കാമെങ്കില്‍ സ്വര്‍ണം പൂശിയ മേല്‍ക്കൂര വരെ ഇളക്കിക്കൊണ്ടുപോയി വീണ്ടും അറ്റകുറ്റപ്പണി നടത്താന്‍ ഉത്തരവിറങ്ങിയെന്നാണ് മനസിലാകുന്നത്. മുപ്പതു കിലോയ്ക്കു മുകളില്‍ പുശീയ സ്വര്‍ണം മൊത്തം അടിച്ചു മാറ്റാനായിരുന്നു പദ്ധതി. ഭക്തജനങ്ങള്‍ കാണിക്കയായി നല്‍കിയ പണമാണ് ഇത്തരത്തില്‍ അടിച്ചു മാറ്റുന്നത്.

രാജ്യാന്തര സ്വര്‍ണക്കടത്ത് സംഘത്തിന് ഇതുമായി ബന്ധമുണ്ടെന്ന് ഹൈക്കോടതി പോലും നിരീക്ഷിച്ച സ്ഥിതിക്ക് ഹൈക്കോടതി ബെഞ്ചിന്റെ മേല്‍നോട്ടത്തിന് വിധേയമായി കേസ് സിബിഐക്കു കൈമാറുകയാണ് വേണ്ടത് – ചെന്നിത്തല പറഞ്ഞു.

 

Author

Leave a Reply

Your email address will not be published. Required fields are marked *