പ്രതിപക്ഷ നേതാവ് കന്റോണ്‍മെന്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനം (07/11/2025).
തിരുവനന്തപുരം : മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ മരിച്ച വേണു ആരോഗ്യവകുപ്പിലെ സിസ്റ്റം തകര്‍ന്നതിന്റെ ഇരയാണ്. ആരോഗ്യകേരളം വെന്റിലേറ്ററിലാണെന്ന പ്രതിപക്ഷ ആരോപണത്തിന് അടിവരയിടുന്ന സംഭവങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. ആറു ദിവസം ആശുപത്രിയില്‍ കിടന്നിട്ടും വേണുവിനെ ആരും തിരിഞ്ഞു നോക്കിയില്ല. വേണു മരിച്ചിട്ടും, ഒരു ആശുപത്രിയില്‍ നടന്നത് എന്താണെന്ന് അദ്ദേഹം കേരളത്തോട് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഈ സംഭവത്തിലും ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്. അവര്‍ മന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം തേടിയ

റിപ്പോര്‍ട്ടുകളും കിട്ടിയ റിപ്പോര്‍ട്ടുകളും സമാഹരിച്ചാല്‍ അത് നിരവധി വാല്യങ്ങള്‍ വരും. അത്രയും തകരാറുകളാണ് ആരോഗ്യവകുപ്പില്‍ ഉണ്ടായത്. സിസ്റ്റത്തിന്റെ തകരാറാണെന്ന് ആരോഗ്യമന്ത്രി തന്നെ സമ്മതിച്ചിട്ടുണ്ട്. സിസ്റ്റം തകരാറിലാക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം ആരോഗ്യമന്ത്രിക്കാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മാത്രമല്ല, സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും വല്ലപ്പോഴും ഉണ്ടാകുമായിരുന്ന സംഭവങ്ങള്‍ ഇപ്പോള്‍ നിരന്തരമായി ഉണ്ടാകുകയാണ്. മരുന്നും ശസ്ത്രക്രിയ ഉപകരണങ്ങളും ഇല്ലാത്ത അവസ്ഥയാണ്. ഈ സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യമേഖല തകര്‍ന്ന് തരിപ്പണമായി. സ്വയം രാജിവച്ചു പുറത്തു പോകാന്‍ ആരോഗ്യമന്ത്രി തയാറാകണം. നൂറു കണക്കിന് ഒറ്റപ്പെട്ട സംഭവങ്ങളാണ് സംസ്ഥനത്ത് ഉടനീളെ ഉണ്ടാകുന്നത്. ആരോഗ്യരംഗത്തെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയ ഡോ. ഹാരിസിനെ ഭീഷണിപ്പെടുത്താനും ഒതുക്കാനുമാണ് ആരോഗ്യമന്ത്രി ശ്രമിച്ചത്. അതിന്റെ പരിണിത ഫലമാണ് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്.

ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ചയെ കുറിച്ച് പ്രതിപക്ഷം പറഞ്ഞത് കോടതിയും ശരിവച്ചു. ദ്വാരപാലക വിഗ്രഹങ്ങള്‍ മാത്രമല്ല കട്ടിളപ്പടിയും ശ്രീകോവിലിലെ വാതിലുകളിലും ക്ലാഡ് ചെയ്ത സ്വര്‍ണ്ണം വരെ അടിച്ചുമാറ്റിയെന്ന് ഗുരുതരമായ ആശങ്കയാണ് ഹൈക്കോടതി പ്രകടിപ്പിച്ചിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റി അന്താരാഷ്ട്ര വിഗ്രഹ കടത്തിന്റെ ഭാഗമാണോയെന്ന് പോലും കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ശബരിമലയിലെ അമൂല്യമായ എല്ലാ വസ്തുക്കളുടെയും സമീപത്ത് ചെല്ലാനും അതിന്റെ അളവെടുക്കാനും കൃത്രിമ മോള്‍ഡുണ്ടാക്കാനുമുള്ള അധികാരം ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഉണ്ടായിരുന്നെന്നാണ് കോടതി പറയുന്നത്. ഇത്തരത്തില്‍ ശബരിമലയിലെ അമൂല്യ വസ്തുക്കള്‍ അന്തരാഷ്ട്ര മാര്‍ക്കറ്റില്‍ കോടികള്‍ക്ക് വിറ്റോയെന്ന സംശയവും കോടതി പ്രകടിപ്പിക്കുന്നുണ്ട്. അന്താരാഷ്ട്ര കുറ്റവാളിയായ സുഭാഷ് കപൂറിന്റെ സമാനമായ കളവാണ് ശബരിമലയില്‍ നടന്നതെന്നാണ് കോടതി പറയുന്നത്. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് വിധിയിലൂടെപുറത്ത് വന്നിരിക്കുന്നത്.

മുന്‍ ദേവസ്വം ബോര്‍ഡും നിലവിലെ ദേവസ്വം ബോര്‍ഡും അന്താരാഷ്ട്ര മാഫിയാസംഘത്തിലെ കണ്ണികളാണോയെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. ശബരിമലയിലെ എല്ലാ വസ്തുക്കളും പരിശോധിക്കണം. എല്ലാം അടിച്ചുമാറ്റി ഡ്യൂപ്ലിക്കേറ്റ് വച്ചതാണോയെന്ന് പരിശോധിക്കണം. ദേവസ്വം മുന്‍ പ്രസിഡന്റ് വാസു പ്രതിയാകുന്നതോടെ മുഖ്യമന്ത്രിയും സി.പി.എമ്മും ഇതില്‍ മറുപടി പറയാന്‍ ബാധ്യസ്ഥരാണ്. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും വേണ്ടി ശബരിമലയിലെ എല്ലാ കാര്യങ്ങളും നടത്തിയത് വാസുവായിരുന്നു. ആ വാസു തന്നെ ഇപ്പോള്‍ പ്രതി പട്ടികയില്‍ ഉണ്ടെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. വാസു ദേവസ്വം ബോര്‍ഡ് കമ്മിഷണറായിരുന്ന കാലത്താണ് എല്ലാം നടന്നത്. കമ്മിഷണര്‍ സ്ഥാനത്ത് നിന്നും പുറത്തിറങ്ങിയ ആള്‍ പിന്നീട് ദേവസ്വം പ്രസിഡന്റായാണ് തിരിച്ചു വരുന്നത്. കമ്മിഷണറായിരുന്നപ്പോഴും ദേവസ്വം പ്രസിഡന്റായിരുന്നപ്പോഴും വാസു നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്.
2019-ല്‍ തിരുവാഭരണം കമ്മിഷണറായിരുന്ന ആര്‍.ജി രാധാകൃഷ്ണന്‍ ദേവസ്വം ബോര്‍ഡിന് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എച്ച്.ആര്‍.ഐ ആക്ടിലെ സെക്ഷന്‍ 35 അനുസരിച്ച് ബോര്‍ഡ് രൂപപ്പെടുത്തുകയും ദേവസ്വം മാനുവല്‍ വാല്യം ഒന്നില്‍ ചാര്‍ട്ട് പതിനൊന്നായി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുള്ള തിരുവാഭരണം, ഭരണി, പാത്രം സംരക്ഷണ നിയമങ്ങളൊന്നും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പാലിക്കുന്നില്ലെന്നു കണ്ടെത്തിയെന്നാണ് കത്തില്‍ പറയുന്നത്. എന്നിട്ടും കത്ത് പരിശോധിക്കാന്‍ തയാറായില്ല.

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കള്ളത്തരങ്ങള്‍ അറിഞ്ഞിട്ടും അയാള്‍ക്ക് തന്നെ സ്വര്‍ണ്ണം പൂശാന്‍ ശില്‍പങ്ങള്‍ നല്‍കിയത് കോടതി വിധിയുടെ ലംഘനമാണ്. എന്നിട്ടാണ് അതേ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെയും അംഗങ്ങളെയും സംരക്ഷിക്കുന്നത്. ശബരിമലയിലെ കൊള്ള തിരിച്ചറിഞ്ഞിട്ടും ഇടനിലക്കാരനായി നിന്ന ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വീണ്ടും ദ്വാരപാലക ശില്‍പങ്ങള്‍ നല്‍കിയതും ഗുരുതര കുറ്റകൃത്യമാണെന്ന് കോടതി പറഞ്ഞിരിക്കുന്നത്. ആ കുറ്റകൃത്യം ചെയ്തത് ഇപ്പോഴത്തെ ദേവസ്വം പ്രസിഡന്റും അംഗങ്ങളുമാണ്. അതിന് കുടപിടിച്ചു കൊടുത്തത് ദേവസ്വം മന്ത്രി വാസവനും. അതുകൊണ്ടാണ് ഇപ്പോഴത്തെ ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെയും അംഗങ്ങളെയും ചവിട്ടി പുറത്താക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടത്. പ്രതിപക്ഷം പറഞ്ഞതിനേക്കാള്‍ രൂക്ഷമായ ഭാഷയിലാണ് കോടതി പ്രതികരിച്ചിരിക്കുന്നത്. എന്നിട്ടും കുറ്റവാളികളെ സംരക്ഷിക്കുന്നത് രാഷ്ട്രീയ നേതൃത്വത്തിലുള്ളവരും കുടുങ്ങുമെന്ന ഭയം കൊണ്ടാണ്. എല്ലാവരെയും സംരക്ഷിക്കുമെന്ന നിലപാടാണ് മുഖ്യമന്ത്രിയും സര്‍ക്കാരും സ്വീകരിച്ചിരിക്കുന്നത്. സര്‍ക്കാരിനെതിരെ പ്രതിപക്ഷം നടത്തുന്ന പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കും.
വാസുവിനെ രക്ഷിക്കാനുള്ള സമ്മര്‍ദ്ദം സര്‍ക്കാരില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പ്രത്യേക അന്വേഷണ സംഘത്തിനു മേലുണ്ട്. അതിനെ എസ്.ഐ.ടി അതിജീവിക്കുമോയെന്നാണ് പ്രതിപക്ഷം വീക്ഷിക്കുന്നത്. വാസുവിനെതിരെ എല്ലാ തെളിവുകളുമുണ്ടായിട്ടും അറസ്റ്റിലേക്ക് നീങ്ങാത്തതാണ് സംശയമുണ്ടാക്കുന്നത്. പഴയ ബോര്‍ഡ് മാത്രമല്ല പുതിയ ബോര്‍ഡും പങ്കാളികളാണ്. കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് മന്ത്രി വാസവന്‍ പറയുന്നത് ഉത്സവ പറമ്പിലെ പോക്കറ്റടിക്കാരെ പോലെയാണ്. ഇവരെല്ലാം കുറ്റവാളികളാണ്. പോക്കറ്റില്‍ പഴ്‌സ് കിടക്കുന്നവരാണ് കള്ളനെന്നു വിളിച്ച് മറ്റുള്ളവരുടെ പിന്നാലെ ഓടുന്നത്.
അറസ്റ്റിലായ തിരുവാഭരണം കമ്മിഷണര്‍ കെ.എസ് ബൈജു കോണ്‍ഗ്രസ് നേതാവാണെന്ന് തെറ്റായ പ്രചരണമാണ്. കോണ്‍ഗ്രസ് സംഘടനാ നേതാവായിരുന്നത് ജി. ബൈജുവാണ്. എല്‍.ഡി.എഫ് ഭരിക്കുന്ന കാലത്ത് കോണ്‍ഗ്രസ് സംഘടനാ നേതാവ് എങ്ങനെയാണ് പ്രധാനപ്പെട്ട പദവിയിലെത്തുന്നത്?
സാമ്പത്തിക പ്രതിസന്ധി ഇല്ലെന്നാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും പറയുന്നത്. അങ്ങനെയെങ്കില്‍ മരുന്ന് വിതരണം ചെയ്തത് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് പണം നല്‍കണം. ആരോഗ്യമന്ത്രിയും ധനമന്ത്രിയും ഇതേച്ചൊല്ലി തര്‍ക്കമുണ്ടായെന്ന വാര്‍ത്ത വന്നിട്ടുണ്ട്. ശസ്ത്രക്രിയ ഉപകരണങ്ങള്‍ വിതരണക്കാര്‍ എടുത്തുകൊണ്ടു പോകുന്ന പരിതാപകരമായ അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. അയ്യായിരത്തോളം തസ്തികകളാണ് യു.ഡി.എഫ് കാലത്ത് ആരോഗ്യവകുപ്പില്‍ ഉണ്ടാക്കിയത്. എന്നാല്‍ ഇപ്പോള്‍ അതൊന്നു ഇല്ല. പെന്‍ഷനും ഡി.എയും നല്‍കാന്‍ ജോയിന്റ് രജിസ്ട്രാര്‍മാര്‍ സഹകരണബാങ്കുകള്‍ കയറിയിറങ്ങുകയാണ്. 2000 കോടി രൂപ സഹകരണ ബാങ്കുകളില്‍ നിന്നും കടമെടുക്കാന്‍ നിര്‍ദ്ദേശിച്ചവരാണ് സംസ്ഥാനത്ത് ധനപ്രതിസന്ധിയില്ലെന്നു പറയുന്നത്. കടത്തിന്റെ കാണാക്കയത്തിലേക്ക് കേരളത്തെ തള്ളിയിടുന്ന സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാനം നില്‍ക്കുന്നത്. എന്നിട്ടാണ് ഒരു പ്രതിസന്ധിയും ഇല്ലെന്ന് പറയുന്നത്. ഇപ്പോള്‍ പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പ് വരെയെങ്കിലും കൊടുക്കാനാണ് ഇപ്പോള്‍ പണത്തിനു വേണ്ടി ഓടുന്നത്. എന്നിട്ടും പച്ചക്കള്ളമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. പി.എം ശ്രീ മരവിപ്പിക്കുമെന്ന് ആവശ്യപ്പെട്ട് കത്തെഴുതുമെന്ന് പറഞ്ഞത് സി.പി.ഐക്കാരെ പറ്റിക്കുന്നതിനു വേണ്ടിയാണ്. മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ഓഫീസുകളില്‍ കത്തെഴുതാന്‍ അറിയുന്ന സ്റ്റെനോഗ്രാഫറോ ടൈപിസ്റ്റോ ഇല്ലെങ്കില്‍ ഞങ്ങള്‍ ആളെ നല്‍കാം. മന്ത്രിസഭ തീരുമാനം എടുത്താല്‍ എത്ര സമയം വേണം ഒരു കത്ത് എഴുതാന്‍? ഇതൊക്കെ ആരെ കബളിപ്പിക്കാനാണ്?
മുന്നണി വിപുലീകരണം സംബന്ധിച്ച തീരുമനം ഏതാനും ദിവസങ്ങള്‍ക്കുള്ളലുണ്ടാകും. നിരവധി കക്ഷികള്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ആദ്യഘട്ടമായി കുറേപ്പേര്‍ വരുന്നുണ്ട്. വലിയ വിസ്മയങ്ങളൊക്കെ വരാനിരിക്കുന്നതേയുള്ളൂ.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പ്രത്യേക സംവിധാനമുണ്ട്. അത് സംബന്ധിച്ച് ഒരു പരാതിയും പാര്‍ട്ടി നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. 90 ശതമാനം സീറ്റ് വിഭജന ചര്‍ച്ചകളും പൂര്‍ത്തിയായി. ഒരു കാലത്തും ഇല്ലാത്ത തരത്തിലുള്ള വേഗതയിലാണ് യു.ഡി.എഫിന്റെ സീറ്റ് വിഭജനവും കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവും നടന്നത്. അത് തിരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിക്കും.
ജമാ അത്ത് ഇസ്ലാമി പിന്തുണ നല്‍കിയിട്ടുണ്ട്. അവര്‍ യു.ഡി.എഫ് ഘടകകക്ഷിയോ അസോസിയേറ്റ് മെമ്പറോ അല്ല. 2019 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുതല്‍ അവര്‍ പിന്തുണ നല്‍കുന്നുണ്ട്. എന്നാല്‍ അതിന് മുന്‍പുള്ള 30 വര്‍ഷവും ജമാഅത്ത് ഇസ്ലാമി സി.പി.എമ്മിനൊപ്പമായിരുന്നു. അപ്പോള്‍ അവര്‍ക്ക് ഒരു വിഷമമവും ഉണ്ടായിരുന്നില്ല. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ജമാഅത്ത് ഇസ്ലാമി ആസ്ഥാനത്ത് പോയി പിന്തുണ വാങ്ങിയിട്ടുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടി, ജമാഅത്ത് ഇസ്ലാമി എന്നു പറഞ്ഞ് വര്‍ഗീയതയുണ്ടാക്കാന്‍ ശ്രമിക്കുന്ന സി.പി.എമ്മാണ്. 30 വര്‍ഷവും നിങ്ങള്‍ക്കൊപ്പമല്ലായിരുന്നോ ജമാ അത്ത ഇസ്ലാമിയെന്ന് പിണറായി വിജയനോട് ചോദിക്കേണ്ടത് മാധ്യമങ്ങളാണ്. എന്നാല്‍ എന്നോട് ചോദിക്കുന്നത് പോലെ പല മാധ്യമങ്ങളും പിണറായിയോട് ചോദിക്കുന്നില്ല. നിങ്ങള്‍ക്കുള്ള പിന്തുണ പിന്‍വലിച്ച് യു.ഡി.എഫിനെ പിന്തുണച്ച അന്നു മുതലാണോ അവര്‍ വര്‍ഗീയ പാര്‍ട്ടിയായതെന്ന് പിണറായി വിജയനോട് ചോദിക്കണം.