കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനം -10.11.25
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുടെ ജനവിരുദ്ധ ഭരണത്തിനെതിരായ ജനവിധി തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടാകുമെന്നും യുഡിഎഫിന് തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. സമസ്തമേഖലയിലും പരാജയപ്പെട്ട സര്‍ക്കാരാണ് സംസ്ഥാനത്തേത്. സര്‍ക്കാരിന്റെ അവസാന നാളുകളില്‍ ചില പ്രഖ്യാപനങ്ങള്‍ നടത്തിയത് പരാജയം മുന്നില്‍ കണ്ടാണ്. നാലരക്കൊല്ലം ഒന്നും ചെയ്യാത്തവരാണ് ഇപ്പോള്‍ കുറെ പ്രഖ്യാപനങ്ങള്‍ നടത്തുന്നത്. ആത്മാര്‍ത്ഥയുണ്ടെങ്കില്‍ ക്ഷേമപെന്‍ഷന്‍ ഉള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങള്‍ക്ക് മുന്‍കാല പ്രാബല്യം നല്കണം.സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്ന കോണ്‍ക്ലേവുകളും പി.ആര്‍ പരസ്യങ്ങളും ജനം തിരിച്ചറിയും.
2030ലേക്കുള്ള വികസന ലക്ഷ്യവുമായി ഗൃഹസന്ദര്‍ശന സര്‍വെ നടത്താന്‍ കാലാവധി തീരുന്ന ഈ സര്‍ക്കാരിന് എന്ത് അധികാരമാണുള്ളത്? അടുത്ത സര്‍ക്കാരിനെ തിരഞ്ഞെടുക്കേണ്ടത് ജനങ്ങളാണ്. ഇതിനിടയിലാണ് സര്‍ക്കാര്‍ ചെലവില്‍ അടുത്ത അഞ്ചു വര്‍ഷത്തെക്കുള്ള പരിപാടികളുമായി ഇറങ്ങിയിരിക്കുന്നത്. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയില്‍ പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റെത്. ഹൈക്കോടതിയുടെ ആവര്‍ത്തിച്ചുള്ള ഇടപെടല്‍ ഇല്ലായിരുന്നില്ലെങ്കില്‍ ഇത്രപോലും അന്വേഷണം മുന്നോട്ട് പോകില്ലായിരുന്നു. ഇതെല്ലാം വിലയിരുത്തിയാണ് ജനം ഈ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുകയെന്നു സണ്ണി ജോസഫ് പറഞ്ഞു.
പരാജയം മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ വാര്‍ഡ് വിഭജനം നടത്തിയത്. നിയമസഭയില്‍ ചര്‍ച്ചചെയ്യാതെ പഞ്ചായത്ത് -മുനിസിപ്പല്‍ നിയമങ്ങളില്‍ ഭേദഗതിവരുത്തി. ഇതുസംബന്ധിച്ച പ്രമേയം സബ്ജക്ട് കമ്മിറ്റിക്ക് വിടുകയോ പ്രതിപക്ഷത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുകയോ ചെയ്തില്ല. വോട്ടര്‍പട്ടിക രൂപീകരണത്തിലും വാര്‍ഡ് വിഭജനത്തിലും അപാകതകളുണ്ടായി. ആക്ഷേപങ്ങള്‍ പരിഹരിക്കുന്നതിനായി നടത്തിയ ഹിയറിംഗ് വെറും പ്രഹസനമായിരുന്നു. പക്ഷപാതപരമായിട്ടാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പെരുമാറിയത്. ചെരുപ്പിന് അനുസരിച്ച് കാലുമുറിക്കുന്നത് പോലെയായിരുന്നു വാര്‍ഡ് വിഭജനം. പുതിയ വാര്‍ഡിലെ വോട്ടര്‍മാരെ രാഷ്ട്രീയ ലക്ഷ്യത്തോടെ ബോധപൂര്‍വ്വം കൂട്ടത്തോടെ ഒഴിവാക്കി. പരാതി നല്‍കിയിട്ടും പരിഹാരമുണ്ടായില്ല. ഇതുസംബന്ധിച്ച പരാതി ഡിവിഷന്‍ ബെഞ്ചിന്റെ പരിധിയിലാണ്. വാര്‍ഡ് വിഭജനത്തിന്റെ അന്തിമരൂപം ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലായിരിക്കണമെന്ന് പ്രാഥമിക വിധിയില്‍ കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.
തദ്ദേശസ്ഥാപനങ്ങളുടെ കഴുത്തു ഞെരിച്ച സര്‍ക്കാരാണിത്. പദ്ധതി വിഹിതം വെട്ടിക്കുറച്ചും സമയത്ത് പണം അനുവദിക്കാതെയും തദ്ദേശസ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനം തടഞ്ഞു. അതിനു ജനങ്ങള്‍ ചുട്ടമറുപടി നല്കും. പൂര്‍ത്തിയാകാത്ത വാര്‍ഷിക പദ്ധതികള്‍ സ്പില്‍ ഓവറാകുമെങ്കിലും അതിനും പണം അനുവദിക്കാറില്ലെന്നു സണ്ണി ജോസഫ് പറഞ്ഞു.
വികസന കൗണ്ടര്‍
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്രുവിന്റെ ജന്മദിനമായ നവം 14ന് (ശിശുദിനം) എല്ലാ കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റികളും സമുചിതമായി ആഘോഷിക്കും. അദ്ദേഹത്തിന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തും. കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ അങ്കണവാടികള്‍ സന്ദര്‍ശിച്ച് കുട്ടികള്‍ക്ക് മധുരം വിതരണം ചെയ്യും.
എല്ലാ വാര്‍ഡുകളിലും പൊതുസ്ഥലത്ത് അന്നേദിവസം രാവിലെ പത്തുമുതല്‍ വൈകുന്നേരം 6 വരെ വികസന നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് വികസന കൗണ്ടര്‍ തുറക്കണം. ഈ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് തദ്ദേശസ്ഥാപനങ്ങളിലേക്കും വാര്‍ഡുകളിലേക്കുമുള്ള പ്രകടന പത്രിക തയാറാക്കണമെന്നും സണ്ണി ജോസഫ് അറിയിച്ചു.