വാസ്കുലാർ രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാം; ‘ആംപ്യൂട്ടേഷൻ ഫ്രീ ഇന്ത്യ’ ബോധവൽക്കരണ വാക്കത്തോൺ സംഘടിപ്പിച്ചു

Spread the love

കോഴിക്കോട് : രക്തധമനികളെ ബാധിക്കുന്ന വാസ്കുലാർ രോഗങ്ങൾ, പ്രതിരോധ മാർഗങ്ങൾ, ചികിത്സാ രീതികൾ എന്നിവയെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനായി നടത്തുന്ന രാജ്യവ്യാപക ക്യാംപെയ്ൻ ‘ആംപ്യൂട്ടേഷൻ ഫ്രീ ഇന്ത്യ’യുടെ ഭാഗമായി വാക്കത്തോൺ സംഘടിപ്പിച്ചു. വാസ്കുലാർ സൊസൈറ്റിയുടെ ഇന്ത്യ, കേരള ചാപ്റ്ററുകൾ സംഘടിപ്പിച്ച വാക്കത്തോൺ വാസ്കുലർ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡന്റ് പ്രൊഫ. ആർ സി ശ്രീകുമാർ, കോഴിക്കോട് ടൗൺ സി ഐ സജീഷ് എ കെ, സ്റ്റാർകെയർ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടറും ചെയർമാനുമായ ഡോ. അബ്ദുള്ള ചെറയക്കാട്ട്, വാസ്കുലർ സൊസൈറ്റി ഓഫ് കേരള പ്രസിഡന്റും സ്റ്റാർകെയർ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റുമായ ഡോ. സുനിൽ രാജേന്ദ്രൻ എന്നിവർ ഫ്ലാഗ്ഓഫ് ചെയ്തു.

ബീച്ച് ഹോട്ടലിന് സമീപമുള്ള ഗുജറാത്തി ഹൈസ്കൂളിൽ നിന്നും ആരംഭിച്ച വാക്കത്തോണിൽ ആരോഗ്യമേഖലയിലെ വിദഗ്ധർ, വിവിധ യുവജന ക്ലബ് അംഗങ്ങൾ, പൊതുജനങ്ങൾ തുടങ്ങി നാനൂറോളം ആളുകൾ പങ്കെടുത്തു. ഡയബറ്റിസ്, വാസ്കുലർ രോഗങ്ങൾക്കായി പ്രത്യേകം സ്ക്രീനിംഗ് ക്യാംപുകൾ നടത്തി. വാസ്കുലർ രോഗങ്ങളുടെ മുൻകൂട്ടിയുള്ള നിർണയം, സമയബന്ധിത ചികിത്സ എന്നിവയുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് വാക്കത്തോണിന്റെ ലക്ഷ്യം. വാസ്കുലർ രോഗങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ കാരണം കൈകാലുകൾ മുറിച്ചുമാറ്റേണ്ട ഗുരുതരമായ അവസ്ഥയിലേക്ക് രോഗികൾ നയിക്കപ്പെടുന്നു. പ്രത്യേകിച്ചും പ്രമേഹരോഗികളിലാണ് ഈ സാഹചര്യം കൂടുതലായുള്ളത്. രോഗം ബാധിച്ചുകഴിഞ്ഞാൽ, ഒരു വാസ്കുലർ സർജൻ്റെ കൃത്യസമയത്തുള്ള ഇടപെടൽ അനിവാര്യമാണ്. ആൻജിയോപ്ലാസ്റ്റി, ബൈപാസ് സർജറി പോലുള്ള നൂതന ചികിത്സാരീതികളിലൂടെ 95% വരെ അംഗവിഛേദം ഒഴിവാക്കാനാകുമെന്ന് വാസ്കുലർ സൊസൈറ്റി ഓഫ് കേരള പ്രസിഡന്റും സ്റ്റാർകെയർ ഹോസ്പിറ്റലിലെ വാസ്കുലർ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റുമായ ഡോ. സുനിൽ രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.

Picture Caption; വാസ്കുലാർ രോഗങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം ലക്ഷ്യമിട്ട് നടത്തുന്ന ‘ആംപ്യൂട്ടേഷൻ ഫ്രീ ഇന്ത്യ’ ദേശീയ ക്യാംപെയ്‌ന്റെ ഭാഗമായി കോഴിക്കോട് സംഘടിപ്പിച്ച വാക്കത്തോൺ

Athulya K R

Author

Leave a Reply

Your email address will not be published. Required fields are marked *