ബിജെപിയെ മഷിയിട്ടുനോക്കിയിട്ടും കാണാനില്ല.

ശബരിമലയില്‍ സ്വര്‍ണ്ണക്കൊള്ള നടത്തി അറസ്റ്റിലായ മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍.വാസുവിന്റെ ഗോഡ്ഫാദര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതു വരെ കോണ്‍ഗ്രസിന് വിശ്രമമില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ശബരിമല സ്വര്‍ണക്കൊള്ളയിലെ മുഴുവന്‍ കുറ്റവാളികളെ അറസ്റ്റു ചെയ്യണമെന്നും ദേവസ്വം മന്ത്രി രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ട് കെപിസിസി നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

എന്‍.വാസു സിപിഎം ബാനറില്‍ മത്സരിച്ച് വിജയിച്ച് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. എന്നിട്ട് ഇപ്പോള്‍ അദ്ദേഹത്തെ വെറും ഉദ്യോഗസ്ഥനായി മാത്രമാണ് പാര്‍ട്ടി സെക്രട്ടറി ചിത്രീകരിക്കുന്നത്. വിശ്വാസിയായിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണനെ പുറത്താക്കിയിട്ടാണ് സിപിഎം ഇത്തരക്കാരെ നിയമിച്ചത്. 2019 മുതല്‍ 2025 വരെയുള്ള ദേവസ്വം ബോര്‍ഡുകള്‍ സ്വര്‍ണ്ണക്കൊള്ള നടത്തി. അയ്യപ്പ വിശ്വാസികള്‍ ആരാധിക്കുന്ന ശബരിമലയിലെ സ്വര്‍ണ്ണം അട്ടിച്ചുമാറ്റാന്‍ സാഹചര്യം ഒരുക്കിയ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ഒരക്ഷരം മിണ്ടുന്നില്ല. പിണറായി വിജയനറിയാതെ ഇലയനങ്ങില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
ദേവസ്വം ബോര്‍ഡിനെ കമ്മീഷന്‍ അടിക്കുന്ന മറ്റു കോര്‍പ്പറേഷന്‍ ബോര്‍ഡുകളെപ്പോലെയാണ് പിണറായി സര്‍ക്കാര്‍ കണ്ടത്.രാഷ്ട്രീയ ലക്ഷ്യത്തോടെ ദേവസ്വം ബോര്‍ഡിനെ കണ്ടതിനാലാണ് അന്താരാഷ്ട്ര ബന്ധമുള്ള സ്വര്‍ണ്ണക്കള്ളക്കടത്തുണ്ടായത്. ഇക്കാര്യം ഹൈക്കോടതി തന്നെ വെളിച്ചത്തു കൊണ്ടുവന്നു. അതിന് ഹൈക്കോടതി അഭിനന്ദനം അര്‍ഹിക്കുന്നു. ഹൈക്കോടതി ഇടപെട്ടില്ലായിരുന്നെങ്കില്‍ ശബരിമലക്കൊള്ള വെളിച്ചം കാണില്ലായിരുന്നെന്നും വേണുഗോപാല്‍ പറഞ്ഞു.
യുവതി പ്രവേശനത്തിന്റെ പേരില്‍ വിശ്വാസത്തേയും വിശ്വാസികളേയും വെല്ലുവിളിച്ച സര്‍ക്കാരാണിത്. അതിന്റെ തുടര്‍ച്ചയായാണ് അവര്‍ അയ്യപ്പന്റെ മുതല്‍ കൊള്ളയടിച്ചത്. അമ്പലകാര്യങ്ങള്‍ നോക്കേണ്ടത് വിശ്വാസികളായിരിക്കണം. എല്ലാ ദേവസ്വം ബോര്‍ഡുകളിലും സഖാക്കളെ തിരുകിക്കയറ്റി. പാര്‍ട്ടി പിടിച്ചെടുക്കുന്നത് പോലെ സിപിഎം അമ്പലം പിടിച്ചെടുക്കുന്നു. അവിശ്വാസികള്‍ക്ക് അമ്പലം സംരക്ഷിക്കുന്നതിനെക്കാള്‍ താല്‍പ്പര്യം സമ്പത്ത് കൊള്ളയടിക്കുന്നതിലാണ്. വഴിയെ പോകുന്ന മാന്യന് സമസ്ത സ്ഥാപകജംഗമ വസ്തുക്കളും കട്ടശേഷം മേല്‍നോട്ട ചുമതല നല്‍കുന്നത് പോലെയാണ് ജെ.ജയകുമാറിനെ ദേവസ്വം പ്രസിഡന്റാക്കിയ നടപടി. അതുകൊണ്ട് മോഷണം ഇല്ലാതാകില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
ഏതൊരു വിശ്വാസത്തിനെതിരായ കടന്നാക്രമണത്തേയും കോണ്‍ഗ്രസ് പ്രതിരോധിക്കും. ഒരു വിശ്വാസത്തെ തൊട്ടാല്‍ അത് മറ്റൊരു വിശ്വാസത്തെ തൊടാനുള്ള അവസരമാണ്. വഖഫ് വിഷയത്തിലും ക്രൈസ്തവ സമൂഹത്തിനെതിരായ അക്രമത്തിലും ശബരിമല വിഷയത്തിലും കോണ്‍ഗ്രസിന് ഒരേ നിലപാടാണ്. അതില്‍ കോണ്‍ഗ്രസ് വെള്ളം ചേര്‍ക്കില്ല. സ്വര്‍ണക്കൊള്ളയില്‍ ഹൈക്കോടതി നിരീക്ഷത്തില്‍ പ്രത്യേക അന്വേഷണ സംഘം മുന്നോട്ട് പോകുമ്പോഴും അവരുടെ കൈകള്‍ ബന്ധിക്കാന്‍ സര്‍ക്കാര്‍ ഇടപെടലുണ്ട്. യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യുന്നതുവരെ കോണ്‍ഗ്രസ് നിതാന്ത ജാഗ്രത തുടരും.
വിശ്വാസത്തിന്റെ പേരില്‍ കുതിരകയറുന്ന ബിജെപിക്കാരെ മഷിയിട്ട് നോക്കിയിട്ട് പോലും കാണാനില്ല.സിപിഎമ്മുമായുള്ള ഡീലിന്റെ ഭാഗമായതിനാല്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ബിജെപി ദേശീയ നേതാക്കളുടെ ഒരു പ്രതികരണവും ഉണ്ടായില്ല. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ പേരിനൊരു സമരം നടത്തിയതിനപ്പുറം ബിജെപിക്ക് ഈ വിഷയത്തില്‍ ആത്മാര്‍ത്ഥതയില്ല. വിശ്വാസവും ദൈവങ്ങളും ബിജെപിക്ക് വോട്ട് കിട്ടാനും മതങ്ങളെ തമ്മിലടിപ്പിക്കാനുമുള്ള ഉപകരണങ്ങള്‍ മാത്രമാണ്. വിശ്വാസങ്ങള്‍ ജനങ്ങളെ ഒന്നിപ്പിക്കാനും നാടിന്റെ ഐക്യം നിലനിര്‍ത്താനുമുള്ള സന്ദേശമായിട്ടാണ് കോണ്‍ഗ്രസ് കാണുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഇനിയും നിരവധി പേര്‍ ജയില്‍ പോകണ്ടവരുണ്ടെന്നും അത് കേവലം എന്‍.വാസുവില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ഈ കേസ് ലഘൂകരിച്ച് ഒതുക്കിത്തീര്‍ക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ഹൈക്കോടതിയുടെ ഇടപെടലാണ് കേസില്‍ വഴിത്തിരിവായത്. പ്രതികളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. കള്ളന്മാര്‍ക്ക് കഞ്ഞിവെയ്ക്കുന്ന സര്‍ക്കാരാണിത്. തിരഞ്ഞെടുപ്പിന്റെ മറവില്‍ ഇതില്‍ നിന്ന് രക്ഷപ്പെടാമെന്ന് സര്‍ക്കാര്‍ കരുതണ്ട. ജനകീയ കോടതിയിലും നിയമ കോടതിയിലും ഈ കള്ളന്മാരെ ജനം വിചാരണ ചെയ്യുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
കള്ളന്മാര്‍ കപ്പലില്‍ തന്നെയെന്ന് കോണ്‍ഗ്രസ് ആദ്യമേ പറഞ്ഞതാണ്. കപ്പലില്‍ നിന്നു കള്ളന്മാരെ ഒന്നൊന്നായി പിടിക്കുകയാണ്. ശബരിമലയിലെ സ്വര്‍ണ്ണം ഇളക്കിമാറ്റി ചെന്നൈയിലെത്തിച്ചത് ഒരുമാസവും 9 ദിവസവും കൊണ്ടാണ്. ട്രെയിനിലും വിമാനത്തിലും മറ്റുവാഹനത്തിലുമല്ലാതെ പദയാത്രയായിട്ടാണോ കൊണ്ടുപോയതെന്ന് അറിയാന്‍ കേരളത്തിന് താല്‍പ്പര്യമുണ്ട്. പദയാത്രയായിരുന്നെങ്കില്‍പോലും ഇത്രയും ദിവസം വേണ്ടിവരില്ല. സ്വര്‍ണ്ണം ഉരുക്കി മാറ്റാനാണ് ഇത്രയും സമയമെടുത്തത്. 2019 മുതല്‍ 2025 വരെയുള്ള കാലത്തെ ദേവസ്വം മന്ത്രിമാര്‍ക്കും ബോര്‍ഡു പ്രസിഡന്റുമാര്‍ക്കും കൊള്ളയില്‍ ഉത്തരവാദിത്തമുണ്ട്. ഭരണ നേതൃത്വത്തിന്റെ പങ്കാളിത്തത്തോടെ നടന്ന കൊള്ളയാണിത്. സര്‍ക്കാര്‍ കള്ളന്മാര്‍ക്ക് കൂട്ടുനില്ക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
ധര്‍ണ്ണക്ക് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് സ്വാഗതം പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ് എംപി, മുന്‍ കെപിസിസി പ്രസിഡന്റുമാരായ എംഎം ഹസന്‍, കെ.മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.
എഐസിസി സെക്രട്ടറി വി.കെ.അറിവഴകന്‍, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ എപി അനില്‍കുമാര്‍ എംഎല്‍എ, ഷാഫി പറമ്പില്‍ എംപി, കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍, ഡിസിസി പ്രസിഡന്റ് എന്‍.ശക്തന്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ കെസി ജോസഫ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, വിഎസ് ശിവകുമാര്‍,ചെറിയാന്‍ ഫിലിപ്പ്, ഡീന്‍ കുര്യാക്കോസ്, എകെ മണി, ഷാനിമോള്‍ ഉസ്മാന്‍,പന്തളം സുധാകരന്‍, ബിന്ദുകൃഷ്ണ, കെപിസിസി വൈസ് പ്രസിഡന്റുമാരായ ശരത് ചന്ദ്രപ്രസാദ്,പാലോട് രവി, എം വിന്‍സന്റ് എംഎല്‍എ, എഎ ഷുക്കൂര്‍, രമ്യഹരിദാസ്, ജെയ്സണ്‍ ജോസഫ്, കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍, ഡിസിസി പ്രസിഡന്റുമാര്‍, പോഷക സംഘടനാ അധ്യക്ഷന്മാര്‍, എംപിമാര്‍,എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.