തദ്ദേശ തിരഞ്ഞെടുപ്പ്: പൊതുയോഗം നടത്തുന്ന സ്ഥലവും സമയവും പൊലീസിനെ മുൻകൂട്ടി അറിയിക്കണം -ജില്ലാ കളക്ടര്‍

Spread the love

വിദ്യാഭ്യാസസ്ഥാപനങ്ങളുടെ മൈതാനങ്ങൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുയോഗം നടത്തുന്ന സ്ഥലവും സമയവും ബന്ധപ്പെട്ട പാർട്ടിയോ സ്ഥാനാർത്ഥിയോ സ്ഥലത്തെ പൊലീസ് അധികാരികളെ മുൻ കുട്ടി അറിയിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് അറിയിച്ചു. ക്രമസമാധാനം പാലിക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനും ആവശ്യമായ ഏർപ്പാടുകൾ ചെയ്യാനാണിത്.
തിരഞ്ഞെടുപ്പ് പൊതുയോഗങ്ങൾ നടത്തുന്നതിന് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിർബന്ധമായും പാലിക്കണം.

തങ്ങളുടെ അനുയായികൾ മറ്റുകക്ഷികളുടെ യോഗങ്ങളും ജാഥകളും തടസ്സപ്പെടുത്തുകയോ, അവയിൽ ഛിദ്രമുണ്ടാക്കുകയോ ചെയ്യുന്നില്ലെന്ന് ഓരോ രാഷ്ട്രീയകക്ഷികളും സ്ഥാനാർത്ഥികളും ഉറപ്പുവരുത്തേണ്ടതാണ്. ഒരു രാഷ്ട്രീയകക്ഷിയുടെ പ്രവർത്തകരോ അനുഭാവികളോ തങ്ങളുടെ കക്ഷിയുടെ ലഘുലേഖവിതരണം ചെയ്തോ, നേരിട്ടോ, രേഖാമൂലമായോ, ചോദ്യങ്ങൾ ഉന്നയിച്ചോ, മറ്റൊരു രാഷ്ട്രീയകക്ഷി സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളിൽ പ്രശ്നങ്ങൾ

സൃഷ്ടിക്കാൻ പാടില്ല. ഒരു കക്ഷിയുടെ യോഗം നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്തുകൂടി മറ്റൊരുകക്ഷി ജാഥ നടത്തുവാൻ പാടില്ല. ഒരു കക്ഷിയുടെ ചുവർപരസ്യങ്ങൾ മറ്റു കക്ഷികളുടെ പ്രവർത്തകർ നീക്കം ചെയ്യരുത്. ഇതു മൂലം എന്തെങ്കിലും ക്രമസമാധാനപ്രശ്നം ഉണ്ടാകുന്ന പക്ഷം ബന്ധപ്പെട്ടവർക്ക് പൊലീസ് സഹായം തേടാവുന്നതാണ്. യോഗം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഏതെങ്കിലും നിയന്ത്രണ ഉത്തരവോ നിരോധനാജ്ഞയോ പ്രാബല്യത്തിൽ ഇല്ല എന്ന് രാഷ്ട്രീയകക്ഷികളും സ്ഥാനാർത്ഥികളും ഉറപ്പുവരുത്തണം. അത്തരത്തിലുള്ള ഏതെങ്കിലും ഉത്തരവുകൾ നിലവിലുണ്ടെങ്കിൽ അവ കർശനമായി പാലിക്കേണ്ടതുമാണ്. ഇവയിൽ നിന്ന് ഒഴിവാക്കപ്പെടണമെങ്കിൽ അതിനായി ബന്ധപ്പെട്ട അധികാരികളിൽ നിന്ന് മുൻകൂട്ടി അപേക്ഷിച്ച് അനുമതി നേടണം.

പൊതുയോഗങ്ങൾ തടസ്സപ്പെടുത്തുകയോ യോഗസ്ഥലത്ത് ക്രമരഹിതമായി പ്രവർത്തിക്കുകയോ അതിന് പ്രേരിപ്പിക്കുകയോ ചെയ്യുന്നവർക്ക് മൂന്നുമാസം വരെ തടവോ ആയിരം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കുന്നതാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനതീയതി മുതൽ തിരഞ്ഞെടുപ്പ് നടത്തപ്പെടുന്ന തീയതി വരെ ആ നിയോജകമണ്ഡ‌ലത്തിലോ വാർഡിലോ നടത്തപ്പെടുന്ന രാഷ്ട്രീയസ്വഭാവമുള്ള ഏതു പൊതുയോഗത്തിനും ഇത് ബാധകമാണ്. യോഗങ്ങൾ നടത്തുന്നതിന് ഉച്ചഭാഷിണിയോ മറ്റുസൗകര്യമോ ഉപയോഗിക്കുന്നതിന് അനുവാദം ലഭിക്കേണ്ടതുണ്ടെങ്കിൽ പാർട്ടിയോ സ്ഥാനാർത്ഥിയോ കാലേകൂട്ടി ബന്ധപ്പെട്ട അധികാരികളിൽ നിന്ന് അതിനുള്ള അനുവാദം വാങ്ങണം. നോയിസ് പൊല്യൂഷൻ (റെഗുലേഷൻ ആൻഡ് കൺട്രോൾ) റൂൾസ്-2000 ൻ്റെ വ്യവസ്ഥകൾക്ക് അനുസൃതമായി അനുവദനീയമായ ഡെസിബെൽ ശബ്ദം മാത്രമേ ഉച്ചഭാഷിണികൾ പുറപ്പെടുവിക്കാൻ പാടുള്ളു.

സർക്കാരിന്റെയോ സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെയോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയിലുള്ള ഹാളുകളിൽ യോഗങ്ങൾ നടത്താൻ അനുവദിക്കുകയാണെങ്കിൽ അപ്രകാരം യോഗങ്ങൾ നടത്തുന്നതിന് എല്ലാ രാഷ്ട്രീയകക്ഷികൾക്കും സ്ഥാനാർത്ഥികൾക്കും തുല്യ അവസരം നൽകേണ്ടതാണ്. ഇത്തരം യോഗങ്ങൾ അവസാനിച്ചാൽ ഉടൻ തന്നെ അവിടെ സ്ഥാപിച്ചിട്ടുള്ള എല്ലാവിധ പ്രചരണസാമഗ്രികളും സംഘാടകർ നീക്കം ചെയ്യണം. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ മൈതാനങ്ങൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല.

Author

Leave a Reply

Your email address will not be published. Required fields are marked *