കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം – 17.11.25
ബിഎല്‍ഒയുടെ ആത്മഹത്യ വസ്തുനിഷ്ഠമായ അന്വേഷണം വേണം; അനീഷ് ജോര്‍ജിന്റെ ആത്മഹത്യ സിപിഎം ഭീഷണിക്ക് പിന്നാലെയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ .
അപ്രായോഗിക എസ്‌ഐആര്‍ നടപടികള്‍ക്കെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിക്കും.
ബിഎല്‍ഒ അനീഷ് ജോര്‍ജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വസ്തുനിഷ്ഠമായ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.
ബിഎല്‍ ഒമാര്‍ക്കുമേല്‍ രാഷ്ട്രീയപക്ഷപാത സമ്മര്‍ദമുണ്ട്. സംസ്ഥാന വ്യാപകമായി ബിഎല്‍ഒമാര്‍ നടത്തുന്ന സമരത്തില്‍ കോണ്‍ഗ്രസ് സമ്പൂര്‍ണ്ണ പിന്തുണ നല്‍കുന്നുവെന്ന് അറിയിച്ച കെപിസിസി പ്രസിഡന്റ്, ബിഎല്‍ഒ അനീഷ് ജോര്‍ജിന്റെ മരണത്തിന് കാരണക്കാരായ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.ബിഎല്‍ഒയുടെ മരണം അതീവ വേദനാജനകമാണ്. അമിത ജോലിഭാരവും സിപിഎമ്മിന്റെ ഭീഷണിയുമാണ് അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചത്. കോണ്‍ഗ്രസ് ബിഎല്‍എയോടൊപ്പം ചേര്‍ന്ന് ലഘുലേഖ വിതരണം ചെയ്‌തെന്ന കള്ളപരാതി നല്‍കുമെന്ന് സിപിഎം ഭീഷണിപ്പെടുത്തി. ഇക്കാര്യം ആത്മഹത്യ ചെയ്ത അനീഷിന്റെ ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാണ്. ഇൗ സംഭവം ഏറെ പ്രതിഷേധാര്‍ഹമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിന് സമാന്തരമായി എസ് ഐ ആര്‍ നടത്തുന്നത് ദുരുദ്ദേശ്യത്തോടെയാണ്.എസ് ഐ ആര്‍ നടത്തുന്നതിനെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിക്കും. ജീവനക്കാരുടെ അമിത ജോലിഭാരം കോണ്‍ഗ്രസ് നേരത്തെ ചൂണ്ടിക്കാട്ടിയാണ്. ബിഎല്‍ഒ ആത്മഹത്യ ചെയ്ത സാഹചര്യത്തിലെങ്കിലും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ണത്തുറക്കണം. വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടതാണ്. എന്നാല്‍ അതിന് ഇതുവരെ സര്‍ക്കാര്‍ തയ്യാറായില്ല. അതിനാലാണ് താന്‍ എസ് ഐ ആറിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
എസ് ഐ ആറിന്റെ അപ്രായോഗികത സുപ്രീംകോടതിയെ ധരിപ്പിക്കും. കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ എസ് ഐ ആര്‍ നടത്തുന്നത് പുനപരിശോധിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതാണ്. 2002ലെ വോട്ടര്‍ പട്ടികയെ ആധാരമാക്കി എസ് ഐ ആര്‍ നടത്തുന്നതിനാല്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയവര്‍ക്ക് പോലും വോട്ടവകാശം നഷ്ടമാകുന്ന സ്ഥിതിയാണ്. വോട്ടര്‍ പട്ടികയിലെ അനര്‍ഹരെ ഒഴിവാക്കാനും അര്‍ഹരായവര്‍ ഉള്‍പ്പെടുത്താനും സഹകരിക്കാമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതാണ്. പക്ഷെ മൊത്തത്തില്‍ വോട്ടര്‍പട്ടികയില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണി നടത്തുന്നതിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസര്‍ക്കാരും പൗരന്റെ ജനാധിപത്യ വോട്ടവകാശം ഇല്ലാതാക്കുന്നതിനാണ് പരിശ്രമിക്കുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.
