യു.ഡി.എഫ് നേതാക്കള്‍ കെ.പി.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനം. (19/11/2025).
ഒന്‍പതര വര്‍ഷത്തെ ദുര്‍ഭരണത്തെ ജനങ്ങള്‍ വിചാരണ ചെയ്യുന്ന അവസരമായി തദ്ദേശ തിരഞ്ഞെടുപ്പിനെ യു.ഡി.എഫ് മാറ്റും; പിണറായി ഭരണകാലത്ത് വികാസമുണ്ടായത് കേരളത്തിനല്ല, സി.പി.എമ്മുകാരുടെ പോക്കറ്റിന്; അയ്യപ്പ സംഗമം നടത്തുകയും അയ്യപ്പന്റെ സ്വര്‍ണം കൊള്ളയടിക്കുകയും ചെയ്തവര്‍ ശബരിമല തീര്‍ത്ഥാടനകാലവും വികലമാക്കി; ചരിത്രത്തിലെ ഏറ്റവും പരിതാപകരമായ സ്ഥിതിയിലേക്ക് സംസ്ഥാനത്തിന്റെ ധനസ്ഥിതി കൂപ്പുകുത്തി; ആരോഗ്യ- വിദ്യാഭ്യാസ മേഖലകള്‍ തകര്‍ത്തു; ഒന്‍പതര കൊല്ലം ഒന്നും ചെയ്യാത്തവര്‍ പ്രകടനപത്രികയിലൂടെ പുതിയ കാര്യങ്ങള്‍ ചെയ്യുമെന്ന് പറഞ്ഞാല്‍ ജനങ്ങള്‍ വിശ്വസിക്കില്ല; എസ്.ഐ.ആറിനെ എതിര്‍ക്കുന്ന സി.പി.എമ്മാണ് പയ്യന്നൂരില്‍ ബി.എല്‍.ഒയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത്.

തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫിന്റെ പ്രചരണ പരിപാടികള്‍ ആരംഭിച്ചു. ഇതുവരെ കേരളം ഭരിച്ച ഇടതു മുന്നണി സര്‍ക്കാരിന്റെ ദുര്‍ഭരണത്തെ ജനങ്ങള്‍ അവരുടെ മനസാക്ഷിയുടെ കേടതിയില്‍ വിചാരണ ചെയ്യുന്നതിനുള്ള അവസരമാക്കി ഈ തിരഞ്ഞെടുപ്പിനെ മാറ്റും. അതിന്റെ ഭാഗമായുള്ള കുറ്റപത്രമാണ് യു.ഡി.എഫ് അവതരിപ്പിക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫ് പുറത്തിറക്കുന്ന പ്രകടനപത്രിക 24-ന് കൊച്ചിയില്‍ പ്രകാശനം ചെയ്യും. ആദ്യഘട്ടത്തില്‍ സര്‍ക്കാരിന്റെ ചെയ്തികള്‍ക്ക് എതിരായ കുറ്റപത്രവും രണ്ടാം ഘട്ടത്തില്‍ അധികാര വികേന്ദ്രീകരണത്തിന്റെ വ്യക്തമായ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള മാറ്റങ്ങള്‍ പ്രഖ്യാപിച്ചുള്ള പ്രകടനപത്രികയും പുറത്തിറക്കും.
എല്‍.ഡി.എഫിന്റെ കാലഘട്ടത്തില്‍ നല്ല വികാസം വന്നെന്നും യു.ഡി.എഫ് ഭരണകാലത്ത് അധോഗതിയിലേക്ക് പോയതെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ എല്‍.ഡി.എഫിന്റെ കാലത്ത് വികാസം ഉണ്ടായത് സി.പി.എമ്മുകാരുടെ പോക്കറ്റുകള്‍ക്കാണ്. അല്ലാതെ ഒരു വികാസവും ഈ നാട്ടില്‍ ഉണ്ടായിട്ടില്ല.
ഈ സര്‍ക്കാരിന്റെ കാലത്താണ് ശബരിമലയിലെ സ്വര്‍ണം കൊള്ളയടിച്ചെന്ന ഞെട്ടിക്കുന്ന വാര്‍ത്ത വന്നത്. അയ്യപ്പന്റെ ശ്രീകോവിലിന്റെ വാതിലും കട്ടിളപ്പടിയും ദ്വാരപാലക ശില്‍പങ്ങളുമാണ് കൊള്ളയടിച്ചത്. ദ്വാരപാലക ശില്‍പത്തിന്റെ വ്യാജ മോള്‍ഡുണ്ടാക്കി ഒര്‍ജിനല്‍ കോടീശ്വരന്മാര്‍ക്ക് വിറ്റു. വ്യാജ മോള്‍ഡില്‍ സ്വര്‍ണം പൂശി വച്ചു. ഇതെല്ലാം 2019-ലാണ് നടന്നത്. അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരുടെയും ദേവസ്വം മന്ത്രി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെയും അറിവോടെയാണ് ഈ കൊള്ള നടന്നത്. ഈ സംഭവങ്ങള്‍ എല്ലാം അറിഞ്ഞിട്ടും മുന്‍ ദേവസ്വം ബോര്‍ഡും നിയമം ലംഘിച്ച് ദ്വാരപാലക ശില്‍പങ്ങള്‍ പുറത്തേക്ക് കൊണ്ടു പോകാന്‍ ശ്രമിച്ചു. അവരും ഗുരുതരമായ തെറ്റാണ്. കേസ് അന്വേഷിച്ച് കഴിയുമ്പോള്‍ മൂന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ അഴികള്‍ക്കുള്ളിലാകും. ശരിയായ രീതിയില്‍ അന്വേഷിച്ചാല്‍ ഇപ്പോഴത്തെ ദേവസ്വം മന്ത്രിയും മുന്‍ ദേവസ്വം മന്ത്രിയും ജയിലിലാകും. അവരുടെ കൂടി അറിവോടെയാണ് ഒരു തവണ കൊള്ള നടന്നതും രണ്ടാം തവണ കൊള്ളയ്ക്ക് ശ്രമം നടത്തിയതും.

ആഗോള അയ്യപ്പ സംഗമം നടത്തി കപടഭക്തിയാണ് സര്‍ക്കാര്‍ കാട്ടിയത്. ശബരിമലയിലെ സ്ഥിതി ഭയാനകമാണെന്നാണ് നിലവിലെ ദേവസ്വം പ്രസിഡന്റ് ഇന്നലെ പറഞ്ഞത്. ഏത് സമയത്തും വലിയ അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു മുന്നൊരുക്കങ്ങളും നടത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നിലവില്‍ വന്നതു കൊണ്ടാണ് മുന്നൊരുക്കങ്ങള്‍ നടത്താത്തതെന്നാണ് ദേവസ്വം മന്ത്രി പറഞ്ഞത്. ഈ മാസം പത്തിനാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഒരാഴ്ച മുന്‍പ് മാത്രമാണോ ശബരിമല തീര്‍ത്ഥാടനത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്? യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി പമ്പയില്‍ പോയാണ് ഏകോപനത്തിനായി വിവിധ വകുപ്പുകളുടെ യോഗം വിളിച്ചത്. ഇവിടെ ഒരു ചുക്കും ചെയ്തില്ല. അയ്യപ്പ സംഗമം നടത്തുകയും അയ്യപ്പന്റെ സ്വര്‍ണം കൊള്ളയടിക്കുകയും ചെയ്തവര്‍ ഇത്തവണത്തെ തീര്‍ത്ഥാടനകാലവും വികലമാക്കി.
പത്തും പതിനഞ്ചും മണിക്കൂറാണ് ഭക്തര്‍ ക്യൂവില്‍ നിന്നത്. നിയന്ത്രിക്കാന്‍ ആരുമില്ല. കുടിവെള്ളം പോലും നല്‍കിയില്ല. ശുചിമുറികളിലും വെള്ളമുണ്ടായിരുന്നില്ല. വൃത്തിഹീനമായ ശുചിമുറികളും മലിനമായ പമ്പയുമാണ് ശബരിമലയിലുള്ളത്. മനപൂര്‍വമായി സര്‍ക്കാര്‍ ശബരിമല തീര്‍ത്ഥാടനകാലം ദുസഹമാക്കി. പമ്പയില്‍ പോലും എത്താനാകാതെ നിരവധി ഭക്തരാണ് മടങ്ങിപ്പോയത്. പന്തളത്ത് വന്ന് മാല ഊരി മടങ്ങിപ്പോയത് ആയിരക്കണക്കിന് ഭക്തരാണ്. ശബരിമല തീര്‍ത്ഥാടന കാലത്തെ ഇത്രയും കുഴപ്പത്തിലാക്കിയ ഒരു സര്‍ക്കാര്‍ കേരളത്തില്‍ ഉണ്ടായിട്ടില്ല. ആഗോള അയ്യപ്പ സംഗമം നടത്തി കാപട്യം കാണിച്ചവര്‍ തന്നെ സ്വര്‍ണക്കൊള്ള നടത്തുകയും ശബരിമല തീര്‍ത്ഥാടനം അലങ്കോലമാക്കുകയും ചെയ്തു. ശബരിമലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ശ്രമിച്ചില്ലെങ്കില്‍ യു.ഡി.എഫ് പ്രതിനിധി സംഘം ശബരിമല സന്ദര്‍ശിക്കും.
സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭരണ ചരിത്രത്തിലെ ഏറ്റവും പരിതാപകരമായ സ്ഥിതിയിലേക്ക് സംസ്ഥാനത്തിന്റെ ധനസ്ഥിതി കൂപ്പുകുത്തി. ഖജനാവില്‍ അഞ്ച് പൈസയില്ല. നാലരലക്ഷം കോടിയില്‍ അധികമാണ് സംസ്ഥാനത്തിന്റെ കടം. ഇതുകൂടാതെ കിഫ്ബിയുടെ കടം 20000 കോടി രൂപയും പെന്‍ഷന്‍ കമ്പനിയുടെയും കടം 13000 കോടി രൂപയുമാണ്. ഇവര്‍ അധികാരം വിട്ടൊഴിയുമ്പോള്‍ ആറു ലക്ഷത്തോളം കോടി രൂപയുടെ കടബാധ്യതയിലേക്ക് സംസ്ഥാനത്തെ തള്ളിവിടും. ഇപ്പോള്‍ സര്‍ക്കാര്‍ നടത്തിയ ചില പ്രഖ്യാപനങ്ങള്‍ക്കു പിന്നാലെ സഹകരണ ബാങ്കുകളില്‍ നിന്നും 2000 കോടി കടമെടുക്കാന്‍ പോകുകയാണ്. ഒരു ലക്ഷം കോടി രൂപ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അധ്യാപകര്‍ക്കും നല്‍കാനുണ്ട്. കരാറുകാര്‍ക്ക് പണം നല്‍കാത്തതിനെ തുടര്‍ന്ന് ജല്‍ജീവന്‍ മിഷന്‍ തകര്‍ന്നു. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും പണമില്ല. കടമെടുത്തിരിക്കുന്ന പണത്തില്‍ നിന്നും അഞ്ച് ശതമാനം മാത്രമാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിരിക്കുന്നതെന്നാണ് സി.എ.ജി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരിക്കുന്നത്. വരാന്‍ പോകുന്ന സര്‍ക്കാരുകളുടെ തലയില്‍ അടിച്ചേല്‍പ്പിക്കുന്ന ഭീകരമായ ബാധ്യതയെ കുറിച്ചാണ് സി.എ.ജി റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നത്. കേരളത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് അപകടകരമായ സൈറനാണ് മുഴങ്ങുന്നത്. കെടുകാര്യസ്ഥതയുടെയും പിടിപ്പുകേടിന്റെയും ഉദാഹരണമായി സര്‍ക്കാര്‍ മാറിയിരിക്കുകയാണ്.
എല്ലായിടത്തും കേരളത്തിന് ഒന്നാം സ്ഥാനമെന്നാണ് അവകാശപ്പെടുന്നത്. കഴിഞ്ഞ പത്തു മാസമായി ഇന്ത്യയില്‍ ഏറ്റവും വിലക്കയറ്റമുള്ള സംസ്ഥാനങ്ങളില്‍ കേരളത്തിനാണ് ഒന്നാം സ്ഥാനം. വിപണ ഇടപെടല്‍ ഇല്ല. സപ്ലൈകോയ്ക്ക് 2200 കോടി രൂപ നല്‍കേണ്ട സ്ഥാനത്ത് 100 കോടി രൂപ മാത്രമാണ് നല്‍കിയത്. 150 മുതല്‍ 200 ശതമാനം വരെയാണ് വിലക്കയറ്റം. 400 ശതമാനമാണ് വെളിച്ചെണ്ണയുടെ വിലക്കയറ്റം. പച്ചക്കറി ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങള്‍ക്കും രൂക്ഷമായ വിലക്കയറ്റമുണ്ടായി. എന്നിട്ടും സര്‍ക്കാര്‍ ചെറുവിരല്‍ അനക്കുന്നില്ല. വിപണി ഇടപെടലിന് സര്‍ക്കാര്‍ തയാറാകുന്നില്ല.
കേരളത്തിന് അഭിമാനകരമായിരുന്ന ആരോഗ്യ- വിദ്യാഭ്യാസ മേഖലകള്‍ തകര്‍ത്ത് തരിപ്പണമാക്കി. ആരോഗ്യ കേരളം വെന്റിലേറ്ററിലായി. സിസ്റ്റം പൂര്‍ണമായും തകര്‍ന്നെന്നാണ് മന്ത്രി പറയുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സര്‍ജറിക്ക് പോകുന്ന രോഗികള്‍ മരുന്നും സൂചിയും നൂലും കത്രികയും പഞ്ഞിയും വാങ്ങിക്കൊണ്ട് പോകേണ്ട സ്ഥിതിയിലാണ്. പഞ്ഞി പോലും ഇല്ലാത്ത സ്ഥിതിയിലേക്ക് കേരളത്തിലെ മെഡിക്കല്‍ കോളജുകളെ ഈ സര്‍ക്കാര്‍ മാറ്റി. പണം നല്‍കാത്തതിനാല്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ ഉള്‍പ്പെടെ എടുത്തുകൊണ്ട് പോകുമെന്ന് പറഞ്ഞ് വിതരണക്കാര്‍ സര്‍ക്കാരിനെ ഭീഷണിപ്പെടുത്തുകയാണ്. പകര്‍ച്ച വ്യാധികള്‍ വ്യാപിച്ച് പൊതുജനാരോഗ്യം തകരാറിലായി. അമീബിക് മസ്തിഷ്‌ക്ക ജ്വരം ഉള്‍പ്പെടെ ലോകത്തുള്ള എല്ലാ പകര്‍ച്ച വ്യാധികളും കേരളത്തിലുണ്ട്. കോവിഡിന് ശേഷം മരണനിരക്ക് വര്‍ധിച്ചതും ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടിയതും സംബന്ധിച്ച് ഒരു പഠനവും നടത്താന്‍ ഈ സര്‍ക്കാര്‍ തയാറല്ല. ആരോഗ്യ രംഗത്തെ ഇതിനേക്കാള്‍ മോശമാക്കാനില്ല.
ലക്ഷക്കണക്കിന് കുട്ടികളാണ് ഉന്നത പഠനത്തിന് വിദേശത്തേക്ക് പോകുന്നത്. സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരില്ല. 66 കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരില്ല. സര്‍വകലാശാലകളിലും കോളജുകളിലും അനാഥത്വമാണ്. കാലഹരണപ്പെട്ട കോഴ്‌സുകളാണ് പല സര്‍വകലാശാലകളിലുമുള്ളത്. കാലം മാറുന്നതിന് അനുസരിച്ച് ഒന്നും ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല.
കാര്‍ഷിക മേഖലയും പൂര്‍ണമായും തകര്‍ന്നു. സംഭരിക്കാത്തതിനെ തുടര്‍ന്ന് കര്‍ഷകര്‍ പണിയെടുത്ത് കൊയ്തു കൂട്ടുന്ന നെല്ല് മഴയെടുക്കുകയാണ്. നെല്ല് സംഭരണവും നാളികേര സംഭരണവും നടക്കുന്നില്ല. റബര്‍ മേഖല പൂര്‍ണമായും തകര്‍ന്നു. വന്യജീവി ആക്രമണത്തില്‍ ജനങ്ങളെ സര്‍ക്കാര്‍ വിധിക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. ഇത്രമാത്രം തകര്‍ച്ച കാര്‍ഷിക മേഖലയില്‍ ഏതുകാലത്തെങ്കിലും ഉണ്ടായിട്ടുണ്ടോ? കൃഷിയില്‍ നിന്നും പതിനായിരക്കണക്കിന് പേര്‍ പിന്മാറുകയാണ്. തീരപ്രദേശത്ത് വറുതിയാണ്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഇരകളായവരെ പുനരധിവസിപ്പിക്കാന്‍ തയാറാകുന്നില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് മണ്ണെണ്ണ ലിറ്ററിന് 40 രൂപയായിരുന്നപ്പോള്‍ 25 രൂപയാണ് സബ്‌സിഡി നല്‍കിയത്. ഇപ്പോള്‍ പൊതുവിപണയിലെ വില 140 രൂപയായിട്ടും സബ്‌സിഡി കൂട്ടിയില്ലെന്നു മാത്രമല്ല നേരത്തെയുണ്ടായിരുന്ന 25 രൂപ പോലും നല്‍കുന്നില്ല. മത്സ്യത്തൊഴിലാളികളുടെയും പട്ടികജാതി പട്ടിക വര്‍ഗങ്ങളുടെയും ഭവന നിര്‍മ്മാണ് പദ്ധതികള്‍ നിലച്ചു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അഞ്ച് വര്‍ഷം കൊണ്ട് നിര്‍മ്മിച്ച അത്രയും വീടുകള്‍ പോലും പത്ത് വര്‍ഷം കൊണ്ട് പിണറായി സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കിയിട്ടില്ല.
കേരളത്തെ ലഹരി മരുന്നിന്റെ തലസ്ഥാനമാക്കി മാറ്റി. ലഹരി ഉപയോഗിക്കുന്നവര്‍ക്ക് എതിരെ മാത്രമാണ് കേസെടുക്കുന്നത്. എവിടെ നിന്നാണ് ലഹരി എത്തുന്നതെന്നതു സംബന്ധിച്ച് ഒരു അന്വേഷണവുമില്ല.
തദ്ദേശ സ്ഥാപനങ്ങളെ ഇത്രയും കഴുത്ത് ഞെരിച്ച കൊന്ന ഒരു സര്‍ക്കാര്‍ ഉണ്ടായിട്ടില്ല. 2025-26 സാമ്പത്തിക വര്‍ഷം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പദ്ധതി അടങ്കലായി വകയിരുത്തിയ 8452 കോടി രൂപയില്‍ 2165 കോടി മാത്രമാണ് അനുവദിച്ചത്. അതായത് 25.62% മാത്രം. ഇതിന്റെ ഇരകളായി മാറുന്നത് പട്ടികജാതി പട്ടിക വര്‍ഗങ്ങളാണ്. പട്ടികജാതിക്കാരുടെ പ്ലാന്‍ ഫണ്ടില്‍ നിന്നും 500 കോടി രൂപയും പട്ടിക വര്‍ഗങ്ങളുടെ 112 കോടിയും വെട്ടിക്കുറച്ചു. കേരളം അപകടകരമായ സ്ഥിതിയിലേക്കാണ് പോകുന്നത്. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ പരാജയപ്പെട്ടതു കൊണ്ടാണ് തെരുവ് നായ്ക്കളുടെ ശല്യം വര്‍ധിച്ചത്. മൂന്നര ലക്ഷം മലയാളികളെ പട്ടി കടിച്ചിട്ടും സര്‍ക്കാര്‍ എന്താണ് ചെയ്തത്? വാക്‌സിന്‍ എടുത്തവര്‍ പോലും മരിച്ചു. ഇത്തരം വാര്‍ത്തകള്‍ വരുമ്പോള്‍ വിനോദ സഞ്ചാരികള്‍ കേരളത്തിലേക്ക് വരുമോ?
ഒന്‍പതര വര്‍ഷമായിട്ടും ഒരു പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഈ സര്‍ക്കാരിന് പദ്ധതികളില്ല. യു.ഡി.എഫിന് കൃത്യമായ പദ്ധതികളും പരിപാടികളുമുണ്ട്. അതെല്ലാം പ്രഖ്യാപിക്കും. ജനങ്ങള്‍ വെറുക്കുന്ന ഈ സര്‍ക്കാരിനെതിരായ കുറ്റപത്രം തിരഞ്ഞെടുപ്പ് കാലത്ത് എല്ലായിടത്തും ചര്‍ച്ച ചെയ്യുകയും ജനങ്ങള്‍ ഈ സര്‍ക്കാരിനെ വിചാരണ ചെയ്യുകയും ചെയ്യും. അന്തിമമായ വിചാരണയ്ക്ക് മുന്‍പുള്ള വിചാരണയാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ നടക്കുന്നത്. ഉജ്ജ്വലമായ വിജയം തദ്ദേശ തിരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കുണ്ടാകും.
ഒന്‍പതര കൊല്ലം ഒന്നും ചെയ്യാത്തവര്‍ പ്രകടനപത്രികയിലൂടെ പുതിയ കാര്യങ്ങള്‍ ചെയ്യുമെന്ന് പറഞ്ഞാല്‍ ജനങ്ങള്‍ അത് വിശ്വസിക്കില്ല. പെന്‍ഷന്‍ 2500 രൂപയാക്കുമെന്നാണ് എല്‍.ഡി.എഫ് 2021-ലെ പ്രകടനപത്രികയില്‍ പറഞ്ഞത്. അധികാരത്തില്‍ ഇരുന്ന നാലര വര്‍ഷവും ഒരു ചില്ലിക്കാശ് കൂട്ടിക്കൊടുത്തില്ല. എന്നിട്ടാണ് തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ 400 രൂപ കൂട്ടിയെന്നു പറയുന്നത്. നാലര കൊല്ലവും ജനങ്ങളെ കബളിപ്പിച്ചതിന് ആര് ഉത്തരവാദിത്തം പറയും. പത്ത് വര്‍ഷം ഭരണം കിട്ടിയിട്ടും തെരുവ് നായ്ക്കളെ നിയന്ത്രിക്കാന്‍ ഈ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അഗതികളെ സഹായിക്കാന്‍ ആരംഭിച്ച ആശ്രയ പദ്ധതി ഈ സര്‍ക്കാര്‍ പൊളിച്ചു. നാലര ലക്ഷം പരമ ദരിദ്രര്‍ കേരളത്തിലുണ്ടെന്നാണ് എല്‍.ഡി.എഫ് പ്രകടനപത്രികയില്‍ പറഞ്ഞിരുന്നത്. 595000 അതീവ ദരിദ്രര്‍ കേരളത്തിലുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ഇതില്‍ നിന്നും ദരിദ്രരുടെ എണ്ണം അറുപത്തി അയ്യായിരത്തിലേക്ക് എങ്ങനെയാണ് ചുരുങ്ങിയത്? ജീവിക്കാന്‍ നിവൃത്തിയില്ലാത്ത എത്രയോ പേരുടെ കഥകളാണ് മാധ്യമങ്ങളില്‍ വന്നത്. അതിദരിദ്രരില്ലാത്ത സംസ്ഥാനം എന്നത് പി.ആര്‍ പ്രൊപ്പഗന്‍ഡയാണ്. ഒരു അടിസ്ഥാനവുമില്ലാതെ പി.ആര്‍ ഏജന്‍സികളെ വച്ച് വെള്ള പൂശുകയാണ്. അതിനെ തുറന്നു കാട്ടും.
തിരഞ്ഞെടുപ്പില്‍ എല്ലാ വിഷയങ്ങളും ചര്‍ച്ചയാകും. ഏത് വികസന പ്രവര്‍ത്തനത്തിനാണ് പത്ത് വര്‍ഷത്തിനിടെ ഈ സര്‍ക്കാര്‍ തുടക്കം കുറിച്ചത്? ദേശീയ പാത ഇപ്പോള്‍ വരാന്‍ കാരണം യു.പി.എ സര്‍ക്കാര്‍ കൊണ്ടു വന്ന ലാന്‍ഡ് അക്വസിഷന്‍ ആക്ടാണ്. ആ ദേശീയ പാത കേരളത്തില്‍ മുഴുവന്‍ ഇടിഞ്ഞു വീഴുകയാണ്. നിധിന്‍ ഗഡ്ക്കരിയെ കാണുമ്പോള്‍ ഹൈവെയുടെ കാര്യമല്ല, മറ്റു ചില കാര്യങ്ങളാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. ദേശീയ പാതയുടെ ഗുണനിലവാര പരിശോധനയില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു പങ്കുമില്ലേ? എത്ര അപകടങ്ങളാണ് ദേശീയ പാതയിലുണ്ടായത്. കൊട്ടിഘോഷിക്കാന്‍ ഈ സര്‍ക്കാരിന് ഒരു നേട്ടങ്ങളുമില്ല. ഇവര്‍ നടത്തിയ നവകേരള യാത്രയ്ക്ക് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തിരിച്ചടി നല്‍കി. വരാന്‍ പോകുന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും അതുപോലുള്ള തിരിച്ചടി കിട്ടും.
തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി വൈഷ്ണയുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും നിയമവിരുദ്ധമായാണ് നീക്കം ചെയ്തത്. പരാതി നല്‍കിയവന്റെ വീട്ടില്‍ 28 വോട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തയാളുടെ പേര് എങ്ങനെയാണ് ഒഴിവാക്കുന്നത്. സി.പി.എം ഏരിയാ സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ളവരാണ് രാജിവച്ചത്.
എസ്.ഐ.ആറിനെ എതിര്‍ക്കുന്ന സി.പി.എമ്മാണ് പയ്യന്നൂരില്‍ ബി.എല്‍.ഒയെ ഭീഷണിപ്പെടുത്തി ആത്മഹത്യയിലേക്ക് തള്ളിവിട്ടത്. ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്? എന്‍.ജി.ഒ യൂണിയനില്‍പ്പെട്ട ബി.എല്‍.ഒമാരോട് യു.ഡി.എഫുകാരുടെ ഫോം സ്വീകരിക്കേണ്ടെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. രാഷ്ട്രീയം കളിക്കുന്ന ഒരാളെയും വെറുതെ വിടില്ല. വേണ്ടാത്തത് കാണിച്ചാല്‍ പണി പോകും. രാഷ്ട്രീയമായും നിയമപരമായും നേരിടും.
എന്ത് വികസന പദ്ധതികള്‍ കൊണ്ടുവന്നാലും പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് പഠിക്കണം. വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് എടുക്കുന്ന പിണറായി വിജയനല്ലേ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പദ്ധതി കൊണ്ടുവന്നപ്പോള്‍ 6000 കോടിയുടെ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പാണെന്ന് പറഞ്ഞത്. കടല്‍ക്കൊള്ളയെന്നാണ് ദേശാഭിമാനി എഴുതിയത്. അന്ന് എന്തൊരു പിന്തുണയാണ് സി.പി.എം നല്‍കിയത്. കെ- ഫോണിലൂടെ 2019-ല്‍ 20 ലക്ഷം പേര്‍ക്ക് സൗജന്യ കണക്ഷന്‍ നല്‍കുമെന്ന് പറഞ്ഞിട്ട് എത്ര പേര്‍ക്ക് കൊടുത്തു? 50000 പേര്‍ക്ക് കൊടുത്തില്ലല്ലോ ? മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധമുള്ളവര്‍ക്ക് കരാര്‍ നല്‍കി. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഇതേക്കുറിച്ച് അന്വേഷിച്ച് അഴിമതിക്കാരെ ജയിലിലാക്കും. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞതാണ്. എന്നിട്ട് അത് സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആയില്ലേ?