സർക്കാർ നടത്തുന്ന ഈ പരിപാടി ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് – രമേശ് ചെന്നിത്തല

Spread the love

രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങൾക്ക് നൽകിയ ബൈറ്റ്  19.11.25.

യാതൊരു ഏകോപനവും കൂടാതെ ഈ മണ്ഡലക്കാലത്തെ കുട്ടിച്ചോറാക്കാൻ സർക്കാർ നടത്തുന്ന ഈ പരിപാടി ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണ്.

ഹൈക്കോടതി പോലും ഈ വിഷയത്തിൽ നിശിത വിമർശനമാണ് നടത്തിയത്. ആറുമാസം മുമ്പ് എങ്കിലും ആരംഭിക്കേണ്ട മുന്നൊരുക്കങ്ങൾ ഒന്നും ഇവിടെ നടന്നിട്ടില്ല. എന്നിട്ട് ഒരാഴ്ച മുമ്പ് മാത്രം പ്രഖ്യാപിച്ച തദ്ദേശസ്വയംഭരണ പെരുമാറ്റ ചട്ടത്തിന്റെ കാര്യമാണ് ഇവർ കാരണമായി പറയുന്നത്. ആറുമാസം മുമ്പ് ആരംഭിക്കേണ്ട മുന്നൊരുക്കങ്ങൾക്ക് ഈ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടവുമായി എന്ത് ബന്ധം?

ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ല.
ലക്ഷക്കണക്കിന് ആളുകൾ വന്നുചേരുമ്പോൾ അവർക്ക് അനുയോജ്യമായ സൗകര്യങ്ങൾ ഉണ്ടാക്കേണ്ടത് ഗവൺമെന്റ് ചുമതലയല്ലേ?
വേണ്ടത്ര പോലീസ് ഇല്ല. കേന്ദ്രസേന ഇല്ല.
ഇതിനെല്ലാം ചുക്കാൻ പിടിക്കേണ്ട ഗവൺമെന്റ് അനങ്ങുന്നില്ല. ദേവസ്വം മന്ത്രിയെ കാണാനില്ല.

വൃശ്ചികം ഒന്നാം തീയതി നടതുറക്കുമ്പോൾ എല്ലാ കാലഘട്ടത്തിലും തീർത്ഥാടകർക്ക് വേണ്ടിയിട്ടുള്ള അടിസ്ഥാനസൗകര്യമൊരുക്കും. ഇത്തവണ ഒരു അടിസ്ഥാന സൗകര്യവും ഒരുക്കിയിട്ടില്ല.
പമ്പയിലും നിലയ്ക്കലും ഉണ്ടാകേണ്ട ക്രമീകരണങ്ങൾ ഉണ്ടായിട്ടില്ല.
വേണ്ടത്ര ആരോഗ്യസംവിധാനങ്ങളില്ല.

പുതിയ ദേവസ്വം ബോർഡ് പ്രസിഡൻറ് പറഞ്ഞത് ശരിയാണ്. ഈ ആളുകളുടെ തിരക്ക് കണ്ടിട്ട് അദ്ദേഹത്തിന് ഭയമാകുന്നു. ഞാൻ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നില്ല. അദ്ദേഹം മൂന്നാല് ദിവസം മുൻപാണ് ചാർജ് എടുത്തത്.
പക്ഷേ
ഗവൺമെൻറിനൊരു ഉത്തരവാദിത്വം ഉണ്ട്. അത് നിർവഹിക്കപ്പെട്ടിട്ടില്ല.

അയ്യപ്പ ഭക്തന്മാരോട് ഈ സർക്കാർ കുറെ കൂടി കരുണ കാണിക്കണം.

നിരവധി അന്യസംസ്ഥാനങ്ങളിൽനിന്ന് ആളുകൾ വരുന്നു.
അവർക്ക് ഒരു ക്രമീകരണവും ഇല്ല. പാവങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളുടെയും ദുരിതങ്ങളുടെയും കഥകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അടിയന്തരമായി ഈ കാര്യത്തിൽ ശക്തമായ നടപടി ഉണ്ടാവുകയും ക്രമീകരണങ്ങൾ ഉണ്ടാക്കുകയും ചെയ്തില്ലെങ്കിൽ വൻദുരിതങ്ങൾ അയ്യപ്പഭക്തന്മാർ ഇനിയും നേരിടേണ്ടിവരും.

ആ അവസ്ഥയ്ക്ക് ഒരു പരിഹാരം ഉണ്ടാക്കണം.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതുകൊണ്ടാണ് ഫണ്ട് ചെയ്യാൻ കഴിയാത്തത് എന്നാണ് ദേവസ്വം മന്ത്രി പറയുന്നത്.

ദേവസ്വം മന്ത്രിക്ക് അറിയില്ലേ വൃശ്ചികം ഒന്നാം തീയതി ശബരിമല നടതുറക്കും.
മണ്ഡലകാലം ആരംഭിക്കുന്നു എന്ന്. മുന്നൊരുക്കങ്ങൾക്ക് പണം ചെലവേണ്ടത് ആ സമയത്തിന് മുമ്പല്ലേ?

ദേവസ്വം മന്ത്രി എന്തുകൊണ്ട് അതിനുമുമ്പ് യോഗം വിളിച്ചില്ല? വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചില്ല.
ഇതിന്റെ ദുരന്തം അനുഭവിക്കുന്നത് പാവപ്പെട്ട അയ്യപ്പ ഭക്തന്മാരാണ്.
ശബരിമലയെ തകർക്കുക, തീർത്ഥാടനത്തെ അലങ്കോലപ്പെടുത്തുക എന്നുള്ളതാണ് ഈ ഗവൺമെൻറിന്റെ നയം. അതാണ് വ്യക്തമായിക്കൊണ്ടിരിക്കുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *