സഞ്ചരിക്കുന്ന ലൈബ്രറി – അബ്ദുൾ പുന്നയൂർക്കുളത്തിനു ലാനയുടെ ആദരം : കോരസൺ

Spread the love

അമേരിക്കൻ മലയാളി സാഹിത്യകാരൻ അബ്ദുൾ പുന്നയൂർക്കുളത്തിനു ലാനയുടെ ആദരം. പതിറ്റാണ്ടുകളായി ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്ന അമേരിക്കൻ മലയാളി സാഹിത്യകാരൻ അബ്ദുൾ പുന്നയൂർക്കുളത്തിന്റെ സാഹിത്യസംഭാവനകളെ മാനിച്ചു, അമേരിക്കൻ മലയാളി എഴുത്തുകാരുടെ സംഘടനയായ ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന), ആദരിച്ചു.

സഞ്ചരിക്കുന്ന ലൈബ്രറി എന്ന് അറിയപ്പെടുന്ന അബ്ദുൾ പുന്നയൂർക്കുളo, അമേരിക്കയിൽ നടക്കുന്ന ഒട്ടുമിക്ക സാഹിത്യസമ്മേളനങ്ങളിലും അമേരിക്കൻ മലയാളി എഴുത്തുകാരുടെ പുസ്തക ശേഖരവുമായി പോകാറുണ്ട് . അവിടെ പുസ്തകങ്ങൾ ശ്രദ്ധേയമായ രീതിയിൽ പെറുക്കിനിരത്തിവച്ചു അതിനു കാവലിരിക്കുന്ന അബ്ദുക്ക എഴുത്തുകാരുടെ ഹൃദയസൂക്ഷിപ്പുകാരനായി മാറിയിട്ട് കാലമേറെയായി.
ഇപ്പോൾ മലയാള സമ്മേളനങ്ങളിൽ അബ്ദുക്കയെ കണ്ടില്ലെങ്കിൽ ആളുകൾ തിരക്കിയിറങ്ങുന്ന സ്ഥിതിവിശേഷമായി.
അമേരിക്കൻ മലയാളി എഴുത്തുകാരുടെ ഇതുവരെ ഇറങ്ങിയിട്ടുള്ള ഒട്ടുമിക്ക കൃതികളും അദ്ദേഹം സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഓരോ സമ്മേളനത്തിനും ഭാരമുള്ള ഈ പുസ്തകപ്പെട്ടിയുമായി ഡെട്രോയിറ്റിൽ നിന്നും യാത്ര ചെയ്യാൻ അദ്ദേഹത്തിന് മടിയില്ല. നിരത്തിവച്ചിരിക്കുന്ന പുസ്തകങ്ങളുടെ കോണിൽ പലപ്പോഴും എന്നേയും പിടിച്ചിരുത്താറുണ്ട്. ‘എനിക്ക് പ്രായമായി, ഇനിയും ഇത് ആരെങ്കിലും ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കാം’ അദ്ദേഹം ഇടക്കിടെ പറയാറുണ്ട്. സ്വയം ഏറ്റെടുത്ത അക്ഷരദൗത്യം സാഹിത്യലോകത്തെ ആദരത്തിനു അദ്ദേഹത്തെ അർഹനാക്കി.
മറ്റു എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാതെ താൻ എഴുതുന്നതുമാത്രം നിരന്തരം മുന്നോട്ട് പ്രതിഷ്ഠിക്കുന്ന ചെറിയ എഴുത്തുകാരുടെ ലോകത്തു, സ്വന്തം കൃതികൾക്കൊപ്പം മറ്റുള്ള എല്ലാ എഴുത്തുകാരുടെയും കൃതികൾ താത്പര്യപൂർവം ചേർത്തുവയ്ക്കുകയും അതിനൊപ്പം നിൽക്കുകയും ചെയ്യുക എന്ന വിശാലത പുന്നയൂർക്കുളത്തിനുണ്ട് എന്നു ലാനയുടെ പ്രസിഡണ്ട് ശങ്കർ മന പറഞ്ഞു.
ഒക്ടോബർ 31 മുതൽ നവംബർ 2വരെ ഡാലസിൽ വച്ചു നടന്ന ലാനയുടെ വാർഷിക സമ്മേളനത്തിൽ ശ്രീ. പുന്നയൂർക്കുളത്തിന്റെ ‘പറക്കും പക്ഷിയെ പ്രണയിക്കുന്നവർ’ എന്ന പുതിയ നോവൽ പ്രകാശനം ചെയ്തു.

 

Author

Leave a Reply

Your email address will not be published. Required fields are marked *