സിപിഎമ്മില്‍ സ്വര്‍ണ്ണം കവര്‍ച്ചക്കായി രൂപമെടുത്ത സംഘത്തെ വിളിക്കേണ്ടത് കട്ടിളപ്പാളി സഖാക്കള്‍

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം മന്ത്രി വാസവന്റെ പങ്ക് നിഷേധിക്കാനാവാത്ത ഈ സാഹചര്യത്തില്‍ അദ്ദേഹം മന്ത്രിസ്ഥാനം രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍.

നിലവിലെ ദേവസ്വം മന്ത്രിയിയെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം മടിക്കുന്നത് സര്‍ക്കാരിന്റെ സ്വാധീനത്താലാണ്. സിപിഎമ്മില്‍ സ്വര്‍ണ്ണം കവര്‍ച്ചക്കായി ഒരു സംഘം രൂപം കൊണ്ടിട്ടുണ്ട്. അവരെ തിരിച്ചറിയാന്‍ കട്ടിളപ്പാളി സഖാക്കള്‍ എന്നു വിളിക്കുന്നതാണ് ഉചിതം. ഹൈക്കോടതി നിരീക്ഷണം ഉള്ളത് കൊണ്ടുമാത്രമാണ് സിപിഎം ഉന്നതരായ നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം നിര്‍ബന്ധിതമായതെന്നും ഹസന്‍ പറഞ്ഞു.

അറസ്റ്റ് ചെയ്യപ്പെട്ട പത്മകുമാറിനേയും വാസുവിനേയും സിപിഎം സെക്രട്ടറി തള്ളിപ്പറയാത്തതിലൂടെ ഈ സ്വര്‍ണ്ണക്കൊള്ളയില്‍ സിപിഎം പാര്‍ട്ടിക്കും ബന്ധമുണ്ടെന്ന സംശയം വര്‍ധിപ്പിക്കുന്നു.സിപിഎം നോമിനികളായ ദേവസ്വം മുന്‍ പ്രസിഡന്റുമാരായ എന്‍.വാസുവും എ പത്മകുമാറും അറസ്റ്റ് ചെയ്യപ്പെടുകയും മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ നീങ്ങുന്നതിലൂടെയും ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ പ്രതികള്‍ സിപിഎം നേതാക്കളാണെന്ന് തെളിഞ്ഞു. പ്രതികളെ സംരക്ഷിക്കില്ലെന്ന പതിവു മറുപടിക്ക് പകരം അവരുടെ മേല്‍ പാര്‍ട്ടി ശിക്ഷണ നടപടിക്ക് തയ്യാറാകുമോയെന്നാണ് അറിയേണ്ടത്. അവിശ്വാസികളായ സഖാക്കളെ ശിക്ഷിക്കാന്‍ പാര്‍ട്ടിക്ക് താല്‍പ്പര്യമില്ലെന്ന സന്ദേശമാണ് ഗോവിന്ദന്‍ മാസ്റ്ററുടെ പ്രസ്താവനയില്‍ പ്രതിഫലിക്കുന്നതെന്നും എംഎം ഹസന്‍ പറഞ്ഞു.