വിവരാവകാശ അപേക്ഷകളില്‍ വിവരം നല്‍കിയില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും : സംസ്ഥാന വിവരാവകാശ കമ്മിഷണർ

Spread the love

വിവാരാവകാശ അപേക്ഷകളില്‍ വിവരം നൽകാതിരിക്കുകയോ വിവരം നൽകുന്നതിൽ കാലതാമസം നേരിടുകയോ തെറ്റായവിവരം നൽകുകയോ ചെയ്യുന്നത് വിവരാവകാശ നിയമത്തിൻ്റെ ലംഘനമാണെന്നും ഇത്തരത്തിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ അഡ്വ. ടി കെ രാമകൃഷ്ണൻ പറഞ്ഞു. ദേശീയ സമ്പാദ്യപദ്ധതി കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച സംസ്ഥാന വിവരാവകാശ കമ്മിഷൻ ഹിയറിങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവരാവകാശം പൊതുജനങ്ങൾക്ക് കിട്ടിയ ഏറ്റവും നല്ല നിയമമാണ്. വിവരാവകാശ നിയമപ്രകാരം വിവരം നൽകാതിരുന്നാലോ വിവരം നൽകാൻ താമസിച്ചാലോ ഒഴികഴിവുകൾ പറഞ്ഞ് ഉദ്യോഗസ്ഥർക്ക് രക്ഷപ്പെടാനാവില്ല. വിവരാവകാശ അപേക്ഷക്ക് വെറും മറുപടി നൽകിയാൽ പോരെന്നും ആവശ്യപ്പെട്ട വിവരങ്ങൾ തന്നെ നൽകണമെന്നും അദ്ദേഹം പറഞ്ഞു. വിവരാവകാശ അപേക്ഷ ലഭിച്ചാൽ എത്രയും പെട്ടെന്നോ പരമാവധി 30 ദിവസത്തിനുള്ളിലോ വിവരം നൽകണമെന്നാണ് നിയമം അനുശാസിക്കുന്നത്. ജനങ്ങൾ നൽകിയ പരാതികളിൽ സ്വീകരിച്ച നടപടികൾ അറിയാനാണ് വിവരാവകാശ അപേക്ഷകളിൽ അധികവും സമർപ്പിക്കുന്നത്. വിവരാവകാശ നിയമ പ്രകാരമുളള നടപടിക്രമങ്ങൾ കൃത്യമായി പാലിക്കുന്നത് വിവരാവകാശ രേഖകൾ വേഗത്തിൽ ലഭ്യമാക്കാൻ സഹായിക്കും. ഓരോ ഓഫീസുകളിലെയും രേഖകൾ സുചിക തയ്യാറാക്കിയും പട്ടിക തിരിച്ചും കൃത്യമായി സൂക്ഷിക്കേണ്ട ഉത്തരവാദിത്തം വിവരാവകാശ നിയമം വകുപ്പ് നാല് പ്രകാരം ബന്ധപ്പെട്ട വകുപ്പ് മേധാവിയുടെയും പൊതു അധികാരിയുടെയും ഉത്തരവാദിത്തമാന്നെന്നും കമ്മീഷണർ വ്യക്തമാക്കി.

 

Author

Leave a Reply

Your email address will not be published. Required fields are marked *