
മാധ്യമങ്ങളിലൂടെയുള്ള തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനം നിരീക്ഷിക്കുന്നതിന്റെ ഭാഗമായി നവമാധ്യമങ്ങള്‍ കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ജില്ലാ തിരഞ്ഞടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ചേമ്പറില്‍ ചേര്‍ന്ന മീഡിയ റിലേഷന്‍സ് കമ്മിറ്റിയോഗത്തില്‍ അധ്യക്ഷനായ ജില്ലാ കലക്ടര്‍ പെരുമാറ്റചട്ടലംഘനം സ്ഥാനാര്‍ഥികളുടെ അയോഗ്യതയ്ക്ക് ഇടയാക്കുമെന്ന് വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളില്‍ ആധുനികശാസ്ത്രസാങ്കേതികവിദ്യയിലൂടെ അപകീര്‍ത്തികരവും ചട്ടവിരുദ്ധവുമായ ഒന്നും പ്രചരിപ്പിക്കരുത്. നിര്‍മിതബുദ്ധിയിലൂടെ തീര്‍ക്കുന്ന പ്രചാരണങ്ങളില്‍ വ്യക്തികളുടെ രൂപമാറ്റം വരുത്തുന്നത് നിയമവിരുദ്ധമാണ്. ഇത്തരം പരാതികള്‍ ഉയര്‍ന്നാല്‍ സൈബര്‍ പൊലിസിന് കൈമാറി തെളിവെടുപ്പ് നടത്തി കര്‍ശന നടപടികളിലേക്ക് കടക്കുമെന്നും മുന്നറിയിപ്പ് നല്‍കി.
യോഗത്തില്‍ പങ്കെടുത്ത പൊതുനിരീക്ഷകന്‍ സബിന്‍ സമീദ് വിവിധ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങളെല്ലാം പ്രത്യേകനിരീക്ഷണത്തിന് വിധേയമാക്കണമെന്ന് നിര്‍ദേശിച്ചു. സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് മാധ്യമങ്ങളുടെ പിന്തുണയും അഭ്യര്‍ഥിച്ചു.
സമിതി കണ്‍വീനറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍. ഹേമന്ത് കുമാര്‍, അംഗങ്ങളായ ഐ ആന്റ് പി ആര്‍ ഡി മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ. എസ്. ശൈലേന്ദ്രന്‍, കെ. രാജന്‍ ബാബു, ഇഗ്നേഷ്യസ് പെരേര, ലോ ഓഫീസര്‍ എസ്. അരുണ്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.