തീവ്ര വോട്ടർപട്ടിക പരിഷ്കരണ (എസ് ഐ.ആർ) നടപടികൾ 100 ശതമാനം പൂർത്തിയാക്കിയ ജില്ലയിലെ ബുത്ത് ലെവൽ ഓഫീസർമാർക്ക് (ബി.എൽ. ഒ ) ജില്ലാ ഭരണകൂടത്തിന്റെ ആദരം.
എസ് ഐ ആർ പ്രക്രിയയുടെ കാര്യക്ഷമതയും കൃത്യതയും ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിച്ച ബി.എൽ.ഒമാരുടെ കഠിനാധ്വാനത്തെയും പ്രതിബദ്ധതയെയും ജില്ലാ കളക്ടർ ജി പ്രിയങ്ക അഭിനന്ദിച്ചു.
വളരെയധികം വെല്ലുവിളികൾ നിറഞ്ഞ പ്രവർത്തനങ്ങൾ പിഴവുകളില്ലാതെ പൂർത്തിയാക്കിയതിലൂടെ, ജനാധിപത്യ പ്രക്രിയക്ക് ബി.എൽ.ഒമാർ നൽകിയ സേവനം മാതൃകാപരമാണെന്ന് ജില്ലാ കളക്ടർ അഭിപ്രായപ്പെട്ടു.
വോട്ടർപട്ടിക പുതുക്കുന്നതിന്റെ ഭാഗമായി എന്യൂമറേഷൻ ഫോമുകളുടെ വിതരണം, അവയുടെ ശേഖരണം, വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യൽ എന്നീ പ്രവർത്തികളെല്ലാം സമയബന്ധിതമായി പൂർത്തിയാക്കിയ 41 ബി.എൽ.ഒ മാരെയാണ് ആദരിച്ചത്.
ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന
ചടങ്ങിൽ ബി. എൽ. ഓമാർക്ക് ഉപഹാരങ്ങൾ നൽകി. ബി.എൽ.ഓമാർ അവരുടെ അനുഭവങ്ങൾ വിവരിച്ചു.
ചടങ്ങിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സുനിൽ മാത്യു,
ഇലക്ഷൻ റിട്ടർണിംഗ് ഓഫീസർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.