കോട്ടയം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞത്. (26/11/2025)
മോഷണക്കേസില്‍ ജയിലിലായ പത്മകുമാറിനും വാസുവിനും എതിരെ സി.പി.എം നടപടി എടുക്കാത്തത് കൂടുതല്‍ നേതാക്കള്‍ക്കെതിരെ മൊഴി നല്‍കുമെന്ന ഭീതിയില്‍; ബോംബ് കേസില്‍ 20 വര്‍ഷം ശിക്ഷിക്കപ്പട്ടയാളെ സ്ഥാനാര്‍ത്ഥിയാക്കുന്ന സി.പി.എമ്മിനെ പോലൊരു പാര്‍ട്ടി ഭൂലോകത്ത് എവിടെയെങ്കിലുമുണ്ടോ? സി.പി.എം മോഷ്ടാക്കളുടെയും ക്രിമിനലുകളുടെയും സംഘമായി മാറി; പി.എം ശ്രീയിലേതു പോലെ ലേബര്‍ കോഡിലും സര്‍ക്കാരിന് കാപട്യം; കേരളം ഭരിക്കുന്നത് ബി.ജെ.പിക്കെതിരെ പുറത്ത് മാത്രം പറയുകയും എല്ലാത്തിനും കൂട്ടു നില്‍ക്കുകയും ചെയ്യുന്ന സര്‍ക്കാര്‍; പത്മകുമാറും വാസുവും അറസ്റ്റിലായതോടെ കടകംപള്ളിയുടെ രണ്ട് കോടിയുടെ മാനം പത്ത് ലക്ഷമായി കുറഞ്ഞു.

കോട്ടയം : ചിട്ടയായ മുന്നൊരുക്കത്തോടെയാണ് ടീം യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഉജ്ജ്വല വിജയമുണ്ടാകും. യു.ഡി.എഫ് പുറത്തിറക്കിയ കുറ്റപത്രം സാധാരണക്കാരായ ജനങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാരിനെ വിചാരണ ചെയ്യുന്ന കുറ്റപത്രമാണ്. സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയും വിമര്‍ശിക്കുകയും ചെയ്യുന്നതിനൊപ്പം യു.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ എന്തു ചെയ്യുമെന്ന് വ്യക്തമാക്കുന്ന കൃത്യമായ ബദല്‍ പരിപാടികളും പദ്ധതികളും ഉള്‍പ്പെടുത്തിയാണ് പ്രകടനപത്രിക പുറത്തിറക്കിയിരിക്കുന്നത്. കേരളത്തിന്റെ ഭാവി മാറ്റിയെടുക്കുന്നതും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കുന്നതും സാധാരണക്കാരുടെ ജനങ്ങളുടെ ജീവിതനിലവാരം മാറ്റാന്‍ കഴിയുന്ന ബഹുമുഖ പദ്ധതികള്‍ ഉള്‍പ്പെടുന്നതാണ് യു.ഡി.എഫ് പ്രകടനപത്രിക.

ശബരിമലയിലെ സ്വര്‍ണക്കൊള്ള ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. കൊള്ളയ്ക്ക് പിന്നില്‍ വലിയൊരു ഗൂഡാലോചന നടന്നിട്ടുണ്ട്. ആ ക്രിമില്‍ ഗൂഡാലോചനയില്‍ കേരളം ഭരിക്കുന്ന സി.പി.എം നേതൃത്വത്തിനും പങ്കുണ്ട്. ശബരിമലയിലെ സ്വര്‍ണക്കൊള്ളയ്ക്കും ദ്വാരപാലക ശില്‍പത്തിന്റെ കവര്‍ച്ചയ്ക്കും പിന്നില്‍ നടന്നിരിക്കുന്ന ഗൂഡോലോചനയില്‍ പങ്കുള്ളതു കൊണ്ടാണ് രണ്ടു നേതാക്കള്‍ ജയിലില്‍ പോയിട്ടും സി.പി.എം അവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്തത്. അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചതിന് രണ്ടു നേതാക്കള്‍ ജയിലില്‍ പോയിട്ടും സംഘടനാപരമായ നടപടി പോലും 
സ്വീകരിക്കില്ലെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വ്യക്തമാക്കിയിരിക്കുന്നത്. അതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയുമുണ്ട്. അറസ്റ്റിലായവര്‍ കൂടുതല്‍ മൊഴി നല്‍കിയാല്‍ ഇതിനേക്കാള്‍ വലിയ സി.പി.എം നേതാക്കള്‍ ജയിലില്‍ പോകേണ്ടി വരുമെന്ന ഭീതി കൊണ്ടാണ് നടപടി എടുക്കാത്തത്. എന്തൊരു പാര്‍ട്ടിയാണ് സി.പി.എം. പൊലീസിനെ ബോംബ് എറിഞ്ഞതിന് അവരുടെ ഒരു സ്ഥാനാര്‍ത്ഥിയെ 20 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരിക്കുകയാണ്. ജയിലില്‍ പോയാലും അയാള്‍ സ്ഥാനാര്‍ത്ഥിയായി തുടരുമെന്നാണ് സി.പി.എം പറയുന്നത്. ഇങ്ങനെ ഒരു പാര്‍ട്ടി ഈ ഭൂലോകത്ത് എവിടെയെങ്കിലുമുണ്ടോ? മോഷ്ടാക്കളുടെയും ക്രിമിനലുകളുടെയും സംഘമായി കേരളത്തിലെ സി.പി.എം മാറി. ഇതൊക്കെ ഞങ്ങള്‍ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കും.
ലേബര്‍ കോഡിന്റെ കരട് വിജ്ഞാപനം സംസ്ഥാന തൊഴില്‍ വകുപ്പ് നേരത്തെ തന്നെ തയാറാക്കി വച്ചിരിക്കുകയാണ്. അവരുടെ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്‌തോയെന്ന് അറിയില്ല. എന്നാല്‍ ഇടതു മുന്നണിയിലോ പ്രതിപക്ഷവുമായോ തൊളിലാളി സംഘടനകളുമായോ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. 2021-ല്‍ തന്നെ കരട് വിജ്ഞാപനം തയാറാക്കിയെന്നാണ് വാര്‍ത്ത വന്നിരിക്കുന്നത്. 2021-ല്‍ തയാറാക്കി വച്ചിട്ടാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും തൊഴിലാളി യൂണിയനുകളുമായും ചര്‍ച്ച ചെയ്ത ശേഷം മാത്രമെ ലേബര്‍ കോഡിലെ കരട് വിജ്ഞാപനം പുറത്തിറക്കൂവെന്ന് 2022 ല്‍ തൊഴില്‍ മന്ത്രി പറഞ്ഞത്. പി.എം ശ്രീയില്‍ ഒപ്പിടരുതെന്ന് മന്ത്രി രാജന്‍ മന്ത്രിസഭയില്‍ ആവശ്യപ്പെട്ടപ്പോള്‍ അതിനും മുന്‍പെ പി.എം ശ്രീയില്‍ ഒപ്പിട്ട ഇതേ മന്ത്രി മിണ്ടാതിരുന്നു. എന്തൊരു കാപട്യമാണ് കാട്ടിയത്. ഇതുപോലെയാണ് ലേബര്‍ കോഡിലും സംഭവിച്ചത്. ബി.ജെ.പി വിധേയരായി നില്‍ക്കുന്ന ഒരു സര്‍ക്കാരാണിത്. ബി.ജെ.പിയുടെ നയങ്ങള്‍ക്കെതിരെ പുറത്ത് മാത്രം പറയുകയും എല്ലാത്തിനും കൂട്ടു നില്‍ക്കുകയും ചെയ്യുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്.
ശബരിമല വിഷയത്തില്‍ സി.പി.എമ്മിന് അനുകൂലമായ നിലപാടാണ് ബി.ജെ.പിയും സ്വീകരിക്കുന്നത്. കേരളത്തില്‍ ക്രൈസ്തവരുടെ വോട്ട് ലക്ഷ്യമിട്ട് കേക്കുമായി പോകുന്നവര്‍ ദേശീയതലത്തില്‍ വൈദികരെയും കന്യാസ്ത്രീകളെയും ആരാധനാലയങ്ങളെയും ആക്രമിക്കും. ക്രിസ്മസ് ആരാധന പോലും തടസപ്പെടുത്തുന്നവരാണ് കേരളത്തില്‍ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ പോലെ വരുന്നത്. ദേശീയതലത്തില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ ഓരോ ദിവസവും വര്‍ധിക്കുകയാണ്. അതേക്കുറിച്ച് ക്രൈസ്തവ സമൂഹത്തിനും ഇപ്പോള്‍ നല്ല ബോധ്യമുണ്ട്. കേരളത്തിന് പുറത്ത് ക്രൈസ്തവരെ ആക്രമിക്കുകയും കേരളത്തില്‍ വോട്ടു നേടാന്‍ ശ്രമിക്കുകയും ചെയ്യുന്ന ബി.ജെ.പിയുടെ കാപട്യം ജനം തിരിച്ചറിയും. ഒരേ തോണിയില്‍ യാത്ര ചെയ്യുന്ന സി.പി.എമ്മിനെയും ബി.ജെ.പിയെയും പരാജയപ്പെടുത്തി യു.ഡി.എഫ് ഉജ്ജ്വല വിജയം നേടും.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മധ്യ കേരളത്തില്‍ യു.ഡി.എഫിന് തിരിച്ചടിയുണ്ടായി. എന്നാല്‍ അന്നത്തെ രാഷ്ട്രീയ സാഹചര്യമല്ല ഇന്ന് നിലനില്‍ക്കുന്നത്. ഇന്ത്യയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന മിക്ക സ്ഥലങ്ങളിലും പ്രതിപക്ഷ പാര്‍ട്ടികള്‍ തോല്‍ക്കുന്ന സാഹചര്യമുണ്ടായിരുന്നപ്പോഴും കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് ഉജ്ജ്വല വിജയം നേടി. തൃക്കാക്കരയില്‍ പി.ടി തോമസ് ജയിച്ചതിന്റെ ഇരട്ടി വോട്ടിനും പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി വിജയിച്ചതിന്റെ നാലിരട്ടി വോട്ടിനും പാലക്കാട് അഞ്ചിരട്ടി വോട്ടിനും യു.ഡി.എഫ് വിജയിച്ചു. ചേലക്കരയില്‍ തോറ്റെങ്കിലും എല്‍.ഡി.എഫിന്റെ നാല്‍പതിനായിരമായിരുന്ന ഭൂരിപക്ഷം പന്തീരായിരമായി കുറച്ചു. നിലമ്പൂരില്‍ എല്‍.ഡി.എഫിന്റെ സീറ്റ് പതിനോരായിരത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് തിരിച്ചു പിടിച്ചു. കഴിഞ്ഞ നാലരവര്‍ഷക്കാലവും തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിലും യു.ഡി.എഫിനായിരുന്നു മേല്‍ക്കൈ. നിലവിലെ രാഷ്ട്രീയ സാഹചര്യം യു.ഡി.എഫിന് കുറേക്കൂടി അനുകൂലമാണ്. ജനങ്ങള്‍ സര്‍ക്കാരിനെ അത്രമാത്രം വെറുക്കുന്നതാണ് അതിനു കാരണം. ആ വോട്ടുകളും യു.ഡി.എഫിന് കിട്ടും. കോട്ടയം ഉള്‍പ്പെടെ മധ്യകേരളത്തില്‍ ഗംഭീര വിജയമുണ്ടാകും. നേരത്തെ ഒപ്പമില്ലാതിരുന്ന നിരവധി സാമൂഹിക ഘടകങ്ങള്‍ ഇന്ന് ഞങ്ങള്‍ക്കൊപ്പമുണ്ട്. കുറെ പാര്‍ട്ടികളുടെ കോണ്‍ഫിഡറേഷന്‍ എന്നതിനപ്പുറം നിരവധി സാമൂഹിക ഘടകങ്ങള്‍ ഒന്നിച്ചു ചേരുന്ന പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോമായി യു.ഡി.എഫിനെ മാറ്റിയെടുക്കും. നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് യു.ഡി.എഫിന്റെ അടിത്തറ കൂറേക്കൂടി വികസിപ്പിക്കും. നിരവധി കക്ഷികള്‍ യു.ഡി.എഫിന്റെ ഭാഗമാകാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ജമാഅത്ത് ഇസ്ലാമിയുമായി തോളില്‍ കയ്യിട്ടാണ് 30 വര്‍ഷവും പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും നടന്നിരുന്നത്. ഞാന്‍ മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പിലും ജമാഅത്ത് ഇസ്ലാമി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെയാണ് പിന്തുണച്ചിരുന്നത്. ഇപ്പോള്‍ അവര്‍ ഉണ്ടാക്കിയ വെല്‍ഫെയര്‍ പാര്‍ട്ടി കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് പിന്തുണ നല്‍കി. ആ പിന്തുണ യു.ഡി.എഫ് സ്വീകരിച്ചു. യു.ഡി.എഫിലെ ഘടകക്ഷിയോ അസോസിയേറ്റ് പാര്‍ട്ടിയോ അല്ല വെല്‍ഫെയര്‍ പാര്‍ട്ടി. ബാബറി മസ്ജിദ് തകര്‍ന്നപ്പോള്‍ കലാപം ഉണ്ടാകാതിരിക്കാന്‍ ഏറെ പരിശ്രമിച്ചത് മുസ്ലീംലീഗും പാണക്കാട് ശിഹാബ് തങ്ങളുമാണ്. അന്ന് ലീഗിന്റെ തീവ്രവാദം പോരെന്ന് പറഞ്ഞ് പിരിഞ്ഞു പോയവര്‍ ചേര്‍ന്നുണ്ടാക്കിയ ഐ.എന്‍.എല്ലിനെ ചേര്‍ത്ത് പിടിച്ചുകൊണ്ടാണ് പിണറായി വിജയന്‍ ഇപ്പോള്‍ അധികാരത്തില്‍ ഇരിക്കുന്നത്. അവര്‍ മന്ത്രി സ്ഥാനം പോലും നല്‍കി.
ദ്വാരപാലക ശില്‍പം ഏത് കോടീശ്വരനാണ് നല്‍കിയതെന്ന് കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കണമെന്ന് പറഞ്ഞതിനാണ് എനിക്ക് നോട്ടീസ് അയച്ചത്. നോട്ടീസ് നല്‍കിയപ്പോള്‍ രണ്ടു കോടിയായിരുന്ന നഷ്ടപരിഹാരം കോടതിയില്‍ എത്തിയപ്പോള്‍ പത്ത് ലക്ഷമായി കുറഞ്ഞു. പത്മകുമാറും വാസുവും അറസ്റ്റിലായതോടെയാണ് രണ്ട് കോടിയുടെ മാനം പത്ത് ലക്ഷമായി കുറഞ്ഞത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അയച്ചത് ആരാണെന്ന് വാസുവും പത്മകുമാറും മൊഴി നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ കടകംപള്ളിയും പോറ്റിയും തമ്മിലുള്ള ബന്ധത്തിന്റെ തെളിവുകള്‍ ഞങ്ങളുടെ കയ്യിലുണ്ട്. എനിക്കെതിരായ കേസ് പരിഗണിക്കുമ്പോള്‍ ആ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാം. 2019-ല്‍ നടന്ന കൊള്ള അറിഞ്ഞിട്ടും വീണ്ടും കൊള്ള നടത്താന്‍ കൂട്ടു നിന്നത് ദേവസ്വം ബോര്‍ഡും ഇപ്പോഴത്തെ ദേവസ്വം മന്ത്രിയുമാണ്. ജയിലിലേക്കുള്ള ഘോഷയാത്ര തുടങ്ങിക്കഴിഞ്ഞും. ഇനിയും നിരവധി പേര്‍ ആ ഘോഷയാത്രയില്‍ പങ്കുചേരും. സി.പി.എമ്മിനും ഗൂഡാലോചനയില്‍ പങ്കുണ്ട്.
കൂടുതല്‍ സി.പി.എം നേതാക്കള്‍ പ്രതികളാകുമെന്ന ഭയത്താലാണ് മോഷക്കേസില്‍ ജയിലിലായ പത്മകുമാറിനെതിരെ നടപടി എടുക്കാത്തത്. ഹൈക്കോടതി നിയന്ത്രിക്കുന്ന എസ്.ഐ.ടിയെ അവിശ്വസിക്കേണ്ട ഘട്ടമായിട്ടില്ല.

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്ത് നടപടി എടുത്തതാണ്. ഒരു കാര്യത്തില്‍ രണ്ടു തവണ നടപടി എടുക്കാനാകില്ല. തിരഞ്ഞെടുപ്പ് കാലത്ത് ഇതേ വിഷയം വീണ്ടും കൊണ്ടുവരുന്നത് ശബരിമലയിലെ സ്വര്‍ണക്കൊള്ള മറയ്ക്കാനും തിരഞ്ഞെടുപ്പ് അജണ്ട മാറ്റാനുമാണ്. ചില മാധ്യമങ്ങളും സി.പി.എമ്മിനെ സഹായിക്കുന്നുണ്ട്. യു.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കിയ അതേ സമയത്താണ് വാര്‍ത്ത വന്നത്. ആ കെണിയില്‍ യു.ഡി.എഫ് വീഴില്ല. സ്വര്‍ണക്കൊള്ള മാറ്റി വേറെ ചര്‍ച്ചയാക്കാമെന്ന് ആരു കരുതേണ്ട. സി.പി.എം സ്വര്‍ണക്കൊള്ളയിലും സ്ഥാനാര്‍ത്ഥിയെ 20 വര്‍ഷം ശിക്ഷിച്ച കേസിലും സ്വീകരിച്ച നിലപാടല്ല കോണ്‍ഗ്രസ് സ്വീകരിച്ചത്. ഏറ്റവും മാതൃകാപരമായ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്.
യു.ഡി.എഫില്‍ റിബലുകളുടെ എണ്ണം കുറവാണ്. എന്നാല്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സി.പി.എമ്മിന് റിബല്‍ സ്ഥാനാര്‍ത്ഥികളാണ്. റിബല്‍ സ്ഥാനാര്‍ത്ഥിയെ സ്വാധീനിക്കാന്‍ ഞാന്‍ ശ്രമിച്ചെന്ന വാര്‍ത്ത മാതൃഭൂമി ചാനലില്‍ വന്നു. എന്റെ മുന്‍സിപ്പാലിറ്റിയില്‍ എന്റെ പാര്‍ട്ടാരനായ ഒരാള്‍ ട്വന്റി20 സ്ഥാനാര്‍ത്ഥിയായപ്പോള്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ച് പാര്‍ട്ടിക്ക് എതിരായ നില്‍ക്കരുതെന്ന് ആവശ്യപ്പെട്ടു. സി.പി.എം ചെയ്യുന്നതു പോലെ തട്ടിക്കളയുമെന്നോ കൊന്നുകളയുമെന്നോ വീടിന് തീവയ്ക്കുമെന്നോ പറഞ്ഞില്ല. അതിനെയാണ് വാര്‍ത്തയാക്കിയത്. മുന്നൂറിലധികം പേരെ ഞാന്‍ സംസ്ഥാന വ്യാപകമായി ഇത്തരത്തില്‍ വിളിച്ചിട്ടുണ്ട്. അതില്‍ പകുതി പേരും പിന്‍മാറി. എല്ലാ നേതാക്കളും അത്തരത്തില്‍ വിളിച്ചിട്ടുണ്ട്. എന്നാല്‍ സി.പി.എം വിളിക്കുന്നതു പോലെയല്ല വിളിച്ചതെന്നു മാത്രം. അതിനെയാണ് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന തരത്തില്‍ വാര്‍ത്ത നല്‍കിയത്. അത്തരം വാര്‍ത്ത നല്‍കുന്നതവരെ കുറിച്ച് സഹതപിക്കുക എന്നതല്ലാതെ എന്തു ചെയ്യും.
കണ്ണൂരില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയാല്‍ തട്ടിക്കളയുമെന്നാണ് ഭീഷണി. ആന്തൂരില്‍ പണ്ട് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കിയതിന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന ദേവദാസനെ കയ്യു കാലും വെട്ടിയശേഷം കൊലപ്പെടുത്തിയ പാര്‍ട്ടിയാണ് സി.പി.എം.
