രമേശ് ചെന്നിത്തല തിരുവന്തപുരത്ത് മാധ്യമങ്ങളോടു പറഞ്ഞത് (2015 നവംബർ 27)
ശബരിമലയിലെ സ്വർണക്കൊള്ളയിൽ നിന്ന് സിപിഎമ്മിന് ഒരിക്കലും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. ശബരിമലയിൽ പ്രമുഖ വ്യവസായി ആയിരുന്ന വിജയ് മല്ല്യ സമർപ്പിച്ച 30.8 കിലോ സ്വർണം കാണാതായ സംഭവം അതീവ ഗൗരവകരമാണ്. ഇതിനു പിന്നിൽ സിപിഎം നേതൃത്വത്തിനു പങ്കുണ്ട്. കഴിഞ്ഞ പത്തു വർഷമായി ദേവസ്വം ബോർഡ് ഭരിക്കുന്നത് സിപിഎം പ്രതിനിധികളാണ്. ഈ കൊള്ളയുടെ ഉത്തരവാദിത്വത്തിൽ നിന്ന് പാർട്ടിക്കു മാറാനാവില്ലെന്ന് ചെന്നിത്തല മാധ്യമങ്ങളോടു പറഞ്ഞു.
മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരായ എ പത്മകുമാറിനും എൻ. വാസുവിനും എതിരെ പാർട്ടി നടപടി എടുക്കാത്തത് അവർ പല സത്യങ്ങളും വിളിച്ചു പറയുമെന്ന ഭയം കൊണ്ടാണ്. ‘ദൈവതുല്യനായ’ ഒരാൾ പറഞ്ഞതുകേട്ടാണ് താൻ പ്രവർത്തിച്ചതെന്ന് പത്മകുമാർ പറഞ്ഞിരുന്നു. അത് ‘കാരണഭൂതനെ’ ഉദ്ദേശിച്ചാണെന്നു വ്യക്തമാണ്. നടപടിയെടുത്താൽ അത് ഉന്നതർക്ക് പ്രശ്നമാകും. അയ്യപ്പനെ തൊട്ടവരാരും രക്ഷപ്പെടില്ലെന്ന് സിപിഎം ഓർക്കുന്നത് നന്നെന്നു ചെന്നിത്തല ചൂണ്ടിക്കാട്ടി.
പത്മകുമാറും വാസുവും ഈ കേസിലെ ചെറിയ മീനുകളാണ്. അന്വേഷണം മുറുകുന്നതോടെ കൂടുതൽ ഉന്നതർ കുടുങ്ങും. ഈ വിഷയത്തിൽ അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനിലേക്കും അന്വേഷണം എത്തേണ്ടതുണ്ട്. പുറത്തുവരുന്ന വാർത്തകൾ അദ്ദേഹത്തിന്റെ പങ്കിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.
ഇപ്പോൾ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് ശബരിമല പ്രധാന പ്രചാരണ വിഷയമാക്കും. ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഒറ്റക്കെട്ടാണ്. വലിയ ആത്മവിശ്വാസമാണ് ഞങ്ങൾക്കുള്ളത്. ഇത്ര വിപുലമായ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രാദേശിക തലത്തിൽ ചെറിയ പ്രശ്നങ്ങൾ തലപൊക്കിയേക്കാം. അതെല്ലാം അതാതിടങ്ങളിൽ പരിഹരിക്കും. വെൽഫെയർ പാർട്ടി യുഡിഎഫ് മുന്നണിയിലില്ലെന്നു ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പ്രാദേശികമായി വ്യക്തികളും സംഘടനകളുമായി നീക്കുപോക്കുകൾ സ്വാഭാവികമാണ്. അതിനെ മുന്നണി ബന്ധമായി ചിത്രീകരിക്കുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ തന്ത്രമാണ്. കാലങ്ങളായി വെൽഫെയർ പാർട്ടിയുടെയും എസ്ഡിപിഐയുടെയും വോട്ട് വാങ്ങി ജയിച്ചവരാണ് സിപിഎമ്മുകാർ. അവരാണിപ്പോൾ യുഡിഎഫിനെ കുറ്റം പറയുന്നത്. ബിജെപിയെ കൂട്ടു പിടിച്ച് കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുന്ന സിപിഎമ്മിന്റെ കുടില തന്ത്രം ജനങ്ങൾക്കു വേഗം മനസിലാകും. 2010ൽ താൻ കെപിസിസി പ്രസിഡന്റായിരിക്കെ നേടിയ ചരിത്ര വിജയത്തെ വെല്ലുന്ന വിജയമാണ് ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ കാത്തിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.