വാര്‍ഡ് വികസന ഫണ്ടിനെ എതിര്‍ക്കുന്നത് വികസനവിരോധികള്‍ : സണ്ണി ജോസഫ് എംഎല്‍എ

Spread the love

സംസ്ഥാനത്തെ 23000 ലധികം വരുന്ന വാര്‍ഡുകള്‍ക്ക് വികസന ഫണ്ട് നല്‍കുവാനുള്ള യുഡിഎഫ് പ്രകടന പത്രികയിലെ നിര്‍ദ്ദേശത്തെ തോമസ് ഐസക്ക് ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ എതിര്‍ക്കുന്നത് അധികാര വികേന്ദ്രീകരണത്തോടുള്ള അവരുടെ അസഹിഷ്ണുതമൂലമാണെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ. താഴെത്തട്ടില്‍ വികസനം വരുന്നതിനെയാണിവര്‍ യഥാര്‍ത്ഥത്തില്‍ എതിര്‍ക്കുന്നത്. ഇവര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനം ചുട്ടമറുപടി നല്കും.

ദശാബ്ദങ്ങളായി കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരത്താല്‍ പല വാര്‍ഡുകളും വികസന പ്രക്രിയയില്‍ പിന്നാക്കം നില്ക്കുന്നതുകൊണ്ടാണ് പദ്ധതി വിഹിതത്തില്‍നിന്നും നിശ്ചിത ശതമാനം തുക ഓരോ വാര്‍ഡിനും മാറ്റി വയ്ക്കുവാന്‍ തീരുമാനിച്ചത്. ഇതുവഴി ഒരു പഞ്ചായത്തിലെ എല്ലാ വാര്‍ഡുകള്‍ക്കും ഒരേപോലെ സാമ്പത്തിക സന്തുലിതാവസ്ഥ കൈവരിക്കാന്‍ സാധിക്കും. സംസ്ഥാനത്തെ എല്ലാ അവികസിത മേഖലകളിലും വികസനം എത്തിക്കുക എന്ന വിപ്ലവകരമായ ആശയമാണ് യുഡിഎഫ് മുന്നോട്ട് വെക്കുന്നത്.

ഇതിനെ എതിര്‍ക്കുന്നവരെ വികസന വിരുദ്ധര്‍ എന്നല്ലാതെ മറ്റെന്ത് വിളിക്കും. എല്‍ഡിഎഫിന്റെ പ്രകടന പത്രികയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് കൊടുക്കുന്നതിനെപ്പറ്റി ഒരു പരാമര്‍ശവും നടത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.എന്നാല്‍ യുഡിഎഫ് ഓരോ വര്‍ഷവും 10% ത്തിലധികം ഫണ്ട് വര്‍ധിപ്പിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ബജറ്റില്‍ പ്രഖ്യാപിച്ച ഫണ്ട് എല്‍ഡിഎഫ് ചെയ്തതു പോലെ ഒരു ഘട്ടത്തിലും തിരിച്ചെടുക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. അധികാര വികേന്ദ്രീകരണത്തോട് എല്‍ഡിഎഫ് കാണിക്കുന്ന ജനവിരുദ്ധവും വികസനത്തിനെതിരെയുമുള്ള നയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇതെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.

Author

Leave a Reply

Your email address will not be published. Required fields are marked *