രമേശ് ചെന്നിത്തല കാസർകോട് നടത്തിയ പത്രസമ്മേളനം – ഡിസംബർ 1.
മസാല ബോണ്ട് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസക്കിനും എതിരെ ഇ.ഡി അയച്ച നോട്ടീസിനെ ഞങ്ങൾ കാര്യമായി കാണുന്നില്ല. കാരണം തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സി.പി.എം – ബി.ജെ പി അന്തർധാര മറയ്ക്കുന്നതിന് ഇത്തരം കണ്ണിൽ പൊടിയിടൽ നടപടികൾ കേന്ദ്ര സർക്കാരിൻ്റെ ഭാഗത്തു നിന്ന് ഉണ്ടാവാറുണ്ട്. ബിജെപിയുമായി രഹസ്യധാരണ ഇല്ല എന്ന് കേരളത്തിലെ ന്യൂനപക്ഷങ്ങളെ കബളിക്കാനുള്ള പൊറാട്ട് നാടകം മാത്രമാണ് ഇത്.
ഇഡി ഇതിനു മുമ്പും മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചിരുന്നു. സ്വർണ്ണക്കള്ളക്കടത്ത് ഉണ്ടായപ്പോൾ അതിനെതിരായി നോട്ടീസ് അയക്കുകയും അന്വേഷണം നടത്തുകയും ചെയ്തു. ബിജെപിയും സിപിഎമ്മും തമ്മിലുള്ള അന്തർധാരയുടെ ഭാഗമായി സ്വർണ്ണക്കള്ളക്കടത്ത് ആവിയായിപ്പോയി. അതോടൊപ്പം തന്നെ മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട കേസുകൾക്ക് തീർപ്പില്ലാതെയായി. നരേന്ദ്ര മോദിയും പിണറായി വിജയനും തമ്മിലുള്ള ഭായി ഭായി ബന്ധം ഇഡി നോട്ടീസുകളെ ഒക്കെ കാറ്റിൽ പറത്തിയെന്നതാണ് സത്യം.
അന്താരാഷ്ട്ര മാർക്കറ്റിൽ നിന്ന് ഇന്ത്യൻ റുപ്പിയിൽ കടപ്പത്രങ്ങൾ ഇറക്കുന്നതിനെയാണ് മസാല ബോണ്ട് എന്ന് പറയുന്നത്. ഇത് ബിജെപിയുടെ സാമ്പത്തിക നയത്തിന്റെ ഭാഗമാണ്. അതിന്റെ പ്രത്യേകത ഇന്ത്യൻ കറൻസിയിൽ ബോണ്ട് ഇറക്കാൻ കഴിയും. നരേന്ദ്ര മോദി ലണ്ടനിൽ പോയപ്പോൾ അവിടെ വച്ചാണ് ആദ്യമായി ഇത് പ്രഖ്യാപിക്കുന്നത്. ഇന്ത്യൻ റെയിൽവേ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് പ്രൈവറ്റൈസ് ചെയ്യാനുള്ള ലക്ഷ്യത്തോടുകൂടിയാണ് അന്ന് അദ്ദേഹം അത് മുന്നോട്ടുവെച്ചത്. നരേന്ദ്ര മോദി ചെയ്ത അതേ കാര്യമാണ് പിണറായി വിജയൻ കേരളത്തിലും ചെയ്തത്.
ഈ ഇഷ്യൂ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നിയമസഭയ്ക്കകത്തും പുറത്തും ഉയർത്തിക്കൊണ്ടുവന്നത് ഞാനാണ്.
ഇതൊരു വലിയ അഴിമതിയുടെയും കൊള്ളയുടെയും കഥയാണ്. മസാല ബോണ്ട് വാങ്ങാൻ പ്രൈവറ്റ് പ്ലേസ്മെന്റുമുണ്ട് പബ്ലിക് പ്ലേസ്മെന്റുമുണ്ട്. പബ്ലിക് പ്ലേസ്മെന്റ് നടത്തിയത് മുഖ്യമന്ത്രി ലണ്ടനിൽ പോയിട്ടാണ്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മസാല ബോണ്ട് ഇറക്കിയത് 9.72 ശതമാനത്തിനാണ്. അതേസമയം ലോകബാങ്ക് പലിശ 2.5 ആണ്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത 16 ഇന്ത്യൻ കമ്പനികൾക്ക് 5.5 ശതമാനം മുതൽ 7.5 ശതമാനം വരെ പലിശയ്ക്കാണ് മസാല ബോണ്ട് ഇറക്കിയത്. അപ്പോൾ കേരള ഗവൺമെന്റ് 9.72 ശതമാനം കൊള്ളപ്പലിശക്കാണ് ഈ ബോണ്ട് ഇറക്കിയത്. ഇത് ആർക്കുവേണ്ടിയാണ് ഇറക്കിയത്?
ഇത് മുഖ്യമന്ത്രി ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ പോയി ലിസ്റ്റ് ചെയ്ത് അവിടെ മണിയടിക്കുന്നതിന് മുമ്പ് ഈ കച്ചവടം കേരളത്തിലും കാനഡയിലും നടന്നിരുന്നു.”
“എസ്എൻസി ലാവലിൻ കേസുമായി ബന്ധമാണ് ഈ ഇടപാടുകൾക്ക്. 375 കോടി രൂപയുടെ അഴിമതി നടന്ന പ്രമാദമായ ഒരു കേസാണ് ലാവലിൻ കേസ്. അന്നത്തെ വൈദ്യുതി മന്ത്രിയും ഇന്നത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ഏഴാം പ്രതിയായി സുപ്രീം കോടതിയിൽ ഈ കേസ് നിലനിൽക്കുകയാണ്. 41 തവണ ഈ കേസ് മാറ്റിവെച്ചതും മോദിയും പിണറായിയും തമ്മിലുള്ള ബന്ധമാണ്. സുപ്രീം കോടതിയിൽ ഇതുപോലെ 41 തവണ ഒരു കേസും മാറ്റിവെച്ചിട്ടില്ല.
“ലാവലിൻ കമ്പനിയുമായി അടുത്ത ബന്ധമുള്ള സിഡിപിക്യു (CDPQ) എന്ന കമ്പനിക്കാണ് ഈ ബോണ്ട് വിറ്റത്. സിഡിപിക്യു ആണ് ലാവലിനിൽ 20 ശതമാനം ഷെയർ എടുത്തിട്ടുള്ളത്. ഈ സിഡിപിക്യുവിനാണ് 9.72 ശതമാനത്തിന് ഇവര് മസാല ബോണ്ട് വിറ്റത്. അന്ന് തന്നെ ഞാൻ എല്ലാ രേഖകളും പുറത്തു കൊണ്ടുവന്നതാണ്. സിഡിപിക്യുവിന്റെ ഉദ്യോഗസ്ഥന്മാർ കാനഡയിൽ നിന്ന് കേരളത്തിൽ വന്നു, താജ് ഹോട്ടലിൽ താമസിച്ചു, കേരളത്തിലെ ഉദ്യോഗസ്ഥന്മാരും മന്ത്രിമാരുമായിട്ട് ചർച്ച നടത്തി, അങ്ങനെയാണ് മസാല ബോണ്ട് ഇറക്കാൻ തീരുമാനിച്ചതും പ്രൈവറ്റ് പ്ലേസ്മെന്റിലൂടെ അവർക്ക് നൽകാനുള്ള തീരുമാനം എടുത്തതും.”
ലോകത്ത് ആർക്കും ഈ ബോണ്ട് വിൽക്കാം എന്നാണ് അന്ന് തോമസ് ഐസക്ക് പറഞ്ഞത്. സിഡിപിക്യു വാങ്ങി, വാങ്ങിയതിന് ഞങ്ങൾ എന്ത് ചെയ്യും? ആർക്കും വിൽക്കാം. ആ ഞങ്ങൾക്ക് ലിസ്റ്റ് ചെയ്താൽ ആർക്ക് വേണമെങ്കിലും വാങ്ങാം.
പക്ഷേ രസകരമായ കാര്യം പബ്ലിക് ഇഷ്യൂ ആയിട്ടല്ല, ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്നതിന് മുമ്പ്, ഇത് പ്രൈവറ്റ് പ്ലേസ്മെന്റ് ആയി ട്ടാണ് ഇത് നൽകിയത്. സിഡിപിക്യുവിന് മസാല ബോണ്ട് 9.72 ശതമാനത്തിന് കൊടുത്തത് മറച്ചുവെച്ചിട്ടാണ് ഒരുമാസം കഴിഞ്ഞാണ് ലണ്ടനിൽ പോയി മുഖ്യമന്ത്രി ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത് മസാല ബോണ്ട് പുറത്തിറക്കിയത്.
2019 മാർച്ച് 29-ന് മുമ്പ് തന്നെ ഇവർ മസാല ബോണ്ട് വിറ്റിരുന്നു. അതിന്റെ പണവും കിഫ്ബിക്ക് ലഭിച്ചു. കിഫ്ബിയുടെ ഔദ്യോഗിക ന്യൂസ് ലെറ്ററിൽ അത് വന്നിരുന്നു. അതുകഴിഞ്ഞാണ് 2019 ഏപ്രിൽ 1-ന് ഒരു മാസത്തിന് ശേഷം മുഖ്യമന്ത്രി ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ പോയി ഇത് ലിസ്റ്റ് ചെയ്തതായി മണിയടിച്ചു പ്രഖ്യാപിച്ചത്. അപ്പോൾ തങ്ങൾക്ക് താല്പര്യമുള്ള ലാവലിൻ കമ്പനിക്ക് ഒരു പ്രത്യുപകാരം ചെയ്തു കൊടുക്കുകയാണ് ഗവൺമെന്റ് ചെയ്തത്.
നമ്മൾ മനസിലാക്കേണ്ടത് എഡിബി വായ്പ നൽകുന്നത് 4 ശതമാനത്തിന് താഴെയാണ്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് കൊച്ചി മെട്രോയ്ക്ക് ഫ്രഞ്ച് കമ്പനിയായ എഡിഎഫ് 1.35 ശതമാനത്തിനാണ് 1350 കോടി രൂപയുടെ വായ്പ തന്നത്. വാട്ടർ മെട്രോയ്ക്ക് ജർമൻ കമ്പനിയായ കെഎസ്ഡബ്ല്യു 582 കോടി തന്നത് 1.55 എന്ന പലിശയ്ക്കാണ്. ഇവിടെ 9.72 ശതമാനം പലിശയ്ക്ക് 2150 കോടിയുടെ ബോണ്ട് ആണ് വാങ്ങിയത്. 5 വർഷം കൊണ്ട് 1045 കോടി രൂപ പലിശയായി നൽകി. 5 വർഷം കഴിയുമ്പോൾ മൊത്തം തിരികെ നൽകിയത് 3195 ആണ്.
ഇതിൻ്റെ എക ഗുണഭോക്താവ് CDPQ മാത്രമാണ്.
ഇത് നിയമസഭയ്ക്കകത്തും പുറത്തും ഞാൻ ഉന്നയിച്ചത് മാത്രമല്ല, കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) ക്രമ വിരുദ്ധമായാണ് മസാല ബോണ്ട് ഇറക്കിയത് എന്ന് വളരെ വ്യക്തമായി സൂചിപ്പിക്കുകയുണ്ടായി- ചെന്നിത്തല പറഞ്ഞു.