രമേശ് ചെന്നിത്തല വയനാട്ടിൽ നടത്തിയ പത്രസമ്മേളനം (ഡിസംബർ 2).
ഞാനും നിങ്ങളും ഓരോ ലിറ്റർ ഇന്ധനം അടിക്കുന്നതിൽ രണ്ടു രൂപ വീതം പോകുന്നത് കിഫ്ബി ഫണ്ടിലേക്കാണ്. ഈ ഫണ്ട് അവിടെ കിടക്കുകയാണ്. അതിൽ 60 ശതമാനം പോലും ഉപയോഗിച്ചിട്ടില്ല. കിഫ്ബിയിൽ ഇതു വരെ 1183 പ്രോജക്റ്റുകൾക്കായി 7043 കോടി അപ്രൂവ് ചെയ്തു. 693 പ്രോജക്റ്റുകൾ മാത്രമാണ് കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ തുടങ്ങിയത്. ബാക്കി തുക കിഫ്ബിയിൽ ഉണ്ട്. ഇത്രയും തുക കിഫ്ബിയിൽ കിടക്കുമ്പോൾ എന്തിനാണ് സർക്കാർ മസാല ബോണ്ട് വഴി ഇത്രയേറെ കൊള്ള പലിശയ്ക്ക് 2150 കോടി രൂപ കട മെടുത്തത് ?
കിഫ്ബിക്ക് വേണ്ടി മസാല ബോണ്ട് വാങ്ങിയതിൽ വൻ അഴിമതിയും ക്രമക്കേടുമാണുള്ളത്.
എന്താണ് ഈ മസാല ബോണ്ട്?
അന്തർദേശീയ മാർക്കറ്റിൽ നിന്ന് ഇന്ത്യൻ റുപ്പിയിൽ കടപ്പത്രം ഇറക്കുന്നതിനെയാണ് ഈ മസാല ബോണ്ട് എന്ന് പറയുന്നത്.
ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ കിഫ്ബി ലിസ്റ്റ് ചെയ്യുന്നതിന് മുമ്പ് പ്രൈവറ്റ് പ്ലേസ്‌മെന്റിലൂടെയാണ് ഈ 2150 കോടി രൂപ വാങ്ങാനുള്ള തീരുമാനം എടുത്തത്. ഇത് 9.72 ശതമാനം പലിശയ്ക്കാണ് കാനഡയിലെ സിഡിപിക്യൂ (CDPQ) എന്ന് പറയുന്ന കമ്പനി വാങ്ങിയതത്.
ആ കമ്പനിക്ക് ലാവലിൻ കമ്പനിയിൽ 20 ശതമാനം ഷെയർ ഉണ്ട്.
ലാവലിൻ കമ്പനിയെ സഹായിക്കാൻ വേണ്ടിയാണ് 9.72 ശതമാനം പലിശയ്ക്ക് ഈ മസാല ബോണ്ട് വിറ്റത്. കാരണം മുഖ്യമന്ത്രി പിണറായി വിജയന് ലാവ് ലിന്നോട് വല്ലാത്ത പ്രേമമാണ്.
കേരളത്തിൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് കൊച്ചി മെട്രോയ്ക്ക് വേണ്ടി നമ്മൾ ഫ്രഞ്ച് കമ്പനിയായ എഡിഎഫിൽ നിന്ന് ഏതാണ്ട് 1350 കോടി രൂപ കടമെടുത്തിരുന്നു. പലിശ വെറും 1.35 ശതമാനം. കൊച്ചി വാട്ടർ മെട്രോയ്ക്ക് വേണ്ടി നമ്മൾ കടമെടുത്തത് ജർമ്മൻ കമ്പനിയിൽ നിന്നാണ്. 582 കോടി വാങ്ങി, അതിന്റെ പലിശ വെറും 1.55 ശതമാനം.
ഇന്ത്യൻ ബാങ്കുകളിൽ ഏഴ് ശതമാനം എട്ട് ശതമാനം പലിശയ്ക്ക് പണം കിട്ടും. അങ്ങനെ കിട്ടുന്ന ഒരു സാഹചര്യം ഉണ്ടായിട്ടുപോലും അത് വാങ്ങാതെ സിഡിപിക്യൂ എന്ന് പറയുന്ന ലാവലിനുമായി ബന്ധമുള്ള ഈ കമ്പനിക്ക് ഈ പ്രൈവറ്റ് പ്ലേസ്‌മെന്റ് വഴി മസാല ബോണ്ട് കൊടുത്തതെന്തിനാണ് എന്നാണ് ചോദ്യം.
1045 കോടി രൂപയാണ് അഞ്ച് വർഷം കഴിഞ്ഞപ്പോൾ ഈ കമ്പനിക്ക് കിട്ടിയത്.
ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഈ ബോണ്ടുകൾ വിറ്റിരുന്നു.
അവിടുത്തെ കമ്പനി പ്രതിനിധികൾ വന്ന്, കേരള ഗവൺമെന്റ് ഉദ്യോഗസ്ഥന്മാരുമായി സംസാരിച്ച ശേഷമാണ് ഈ ഇടപാട് ഫൈനലൈസ് ചെയ്തത്.
പക്ഷേ തോമസ് ഐസക്ക് പച്ചക്കള്ളം പറഞ്ഞുകൊണ്ടിരിക്കുകയാണ്. പ്രൈവറ്റ് പ്ലേസ്‌മെന്റ് അല്ല പബ്ലിക് പ്ലേസ്‌മെന്റ് എന്നാണ് പറയുന്നത്. എന്ന് വെച്ചാൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത് കഴിഞ്ഞ ശേഷമാണ് സിഡിപിക്യൂ എന്ന കമ്പനി ഷെയർ വാങ്ങിയത് എന്നാണ് അദ്ദേഹം പറയുന്നത്. ഇത് പച്ചക്കള്ളമാണ് പറയുന്നത്. ഞാൻ പ്രതിപക്ഷ നേതാവായിരുന്ന കാലഘട്ടത്തിൽ ഇതിന്റെ മുഴുവൻ രേഖയും ഞാൻ പുറത്തുകൊണ്ടുവന്നതാണ്. ഇതൊരു പ്രൈവറ്റ് പ്ലേസ്‌മെന്റ് ആയിരുന്നു.
അപ്പോൾ 1045 കോടി രൂപ കേരളത്തിലെ ജനങ്ങളുടെ പണം ഈ കമ്പനിക്ക് നൽകി അവരെ സന്തോഷിപ്പിക്കുകയാണ്, അല്ലെങ്കിൽ ലാവലിനിൽ ചെയ്ത ഉപകാരത്തിനുള്ള പ്രത്യുപകാരമാണ് ഈ ഇടപാടുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ളത്.
പിന്നെ ഇഡി (ED) നോട്ടീസിലൊന്നും ഞങ്ങൾക്ക് ഒരു വിശ്വാസവുമില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇഡി ഓരോ നോട്ടീസ് അയക്കും. നിങ്ങൾക്കറിയാം കഴിഞ്ഞ ഗവൺമെന്റ് കാലത്ത് നടന്ന സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കാര്യം. മുഖ്യമന്ത്രിയുടെ ഓഫീസിലെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് വേണ്ടി സി.എം. രവീന്ദ്രന് നോട്ടീസ് അയച്ചല്ലോ. പിന്നെ എന്തെങ്കിലും കേട്ടോ? ശിവശങ്കരൻ ജയിലിൽ പോയി എന്നുള്ളതല്ലാതെ പിന്നീട് വല്ലതും ഉണ്ടായോ? മുഖ്യമന്ത്രിക്ക് എതിരായ ആരോപണം ഉണ്ടായി നോട്ടീസ് അയക്കുന്നു, കുടുംബത്തിന് എതിരായി നോട്ടീസ് അയക്കുന്നു വല്ല നടപടി ഉണ്ടായോ? അപ്പോൾ ഈ നോട്ടീസ് സിപിഎമ്മിനെ സഹായിക്കാനുള്ള ബിജെപിയുടെ ഒരു തന്ത്രമാണ്. ഇവർ തമ്മിലുള്ള അന്തർധാരയാണ്.
മസാല ബോണ്ടിലെ അഴിമതി അന്വേഷിക്കാനല്ല ഇവർ മുന്നോട്ട് വന്നത്. ശരിയായി പറഞ്ഞാൽ ഈ മസാല ബോണ്ട് തന്നെ ഭരണഘടനാ വിരുദ്ധമാണ്. ഇന്ത്യൻ ഭരണഘടനയുടെ 293, ആർട്ടിക്കിൾ 293 (1) അനുസരിച്ച് വിദേശ മാർക്കറ്റുകളിൽ നിന്ന് കടമെടുക്കാൻ സംസ്ഥാന ഗവൺമെന്റുകൾക്ക് അനുവാദമില്ല. അല്ലെങ്കിൽ പ്രത്യേക അനുവാദം വാങ്ങണം. ആർബിഐ അനുമതി വാങ്ങിച്ചെന്നാണ് ഇവർ പറയുന്ന്ത്. പക്ഷ ആർബിഐക്ക് ഇത്തരം അനുമതിക്ക് അധികാരമില്ല.
ഇത് വളരെ ബോധപൂർവ്വമായി ലാവലിൻ കമ്പനിയെ സഹായിക്കാൻ വേണ്ടി കൊണ്ടുവന്ന ഒരു പരിപാടിയാണ്.
ശബരിമല വിവാദവുമായി ബന്ധപ്പെട്ട് മുഖം നഷ്ടപ്പെട്ട് നിൽക്കുന്ന ഗവൺമെന്റിനെ സഹായിക്കാനാണ് ബിജെപി ഇപ്പോൾ ഈ നോട്ടീസുമായി വന്നിരിക്കുന്നത്.
ഇത്രയും നാളത്തെ നമ്മുടെ അനുഭവം എന്താണ്? ഇഡി നോട്ടീസ് അയക്കുന്നു, അവിടെ അവസാനിക്കുന്നു. ഇത് കൂട്ടുകച്ചവടമാണ്, അന്തർധാരയാണ്. ഇതിൽ മറ്റൊന്നുമില്ല.