രാഹുൽ മാങ്കൂട്ടത്തിനെ പുറത്താക്കിയത് സംബന്ധിച്ച് പ്രതികരണം

കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ രാഹുല്‍ മാങ്കൂട്ടത്തിനെ പുറത്താക്കിയ കോണ്‍ഗ്രസ് നടപടി കേരളത്തിലെ വനിതകളുടെ അന്തസിനെ ഉയര്‍ത്തിപ്പിടിക്കുന്ന തീരുമാനമാണ്. ആരോപണം വന്നയുടനെ സസ്പന്‍ഷന്‍ അടക്കമുള്ള നടപടികള്‍ സ്വീകരിച്ച കോണ്‍ഗ്രസ് കോടതിയുടെ തീരുമാനത്തിന് അനുസൃതമായി പുറത്താക്കല്‍ നടപടിയും തീരുമാനിക്കുകയായിരുന്നു. ഇനി രാഹുല്‍ മാങ്കൂട്ടം കോണ്‍ഗ്രസിനെ സംബന്ധിച്ച് അടഞ്ഞ അധ്യായമാണ്. ധാര്‍മ്മികമായി എംഎല്‍എ സ്ഥാനം രാജിവെക്കണം എന്നു തന്നെയാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.
രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ ആരോപണത്തിന്റെ സ്വഭാവം കണക്കിലെടുത്ത്, ഒരു പരാതിയും ലഭിക്കാതെ തന്നെയാണ് അടിയന്തിര നടപടികള്‍ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി സ്വീകരിച്ചത്.
അദ്ദേഹത്തെ ഉടനടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തുനിന്ന് നീക്കം ചെയ്തു. അതുകഴിഞ്ഞ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അതിനുശേഷം പാര്‍ലമെന്ററി പാര്‍ട്ടിയില്‍നിന്ന് ചെയ്തു. ഇപ്പോള്‍ പുറത്താക്കി. ഇനി കോണ്‍ഗ്രസിനെ സംബന്ധിച്ച് രാഹുല്‍ അടഞ്ഞ അധ്യായമാണ്.
ഒരു ഉത്തരവാദിത്തപ്പെട്ട നേതാവ് എന്ന നിലയില്‍ മാന്യമായ പ്രവര്‍ത്തികളല്ല അദ്ദേഹം നടത്തിയത്. അതുകൊണ്ടു തന്നെ ആ സ്ഥാനങ്ങളില്‍ നിന്നെല്ലാം നീക്കം ചെയ്തു. ഇനിയുള്ള നിയമപോരാട്ടങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ പ്രശ്‌നങ്ങളാണ്. അതില്‍ കോണ്‍ഗ്രസ് എന്തെങ്കിലും അഭിപ്രായം പറയേണ്ടതുണ്ട് എന്നു തോന്നുന്നില്ല.
കെപിസിസി പ്രസിഡന്റിന് കഴിഞ്ഞദിവസം പരാതി ലഭിച്ചു. പരാതി ലഭിച്ച ഉടന്‍ തന്നെ അദ്ദേഹം അത് ഡിജിപിക്ക് അയച്ചുകൊടുത്തു. അതാണ് ആ കാര്യത്തില്‍ ശരിയായ നടപടിക്രമം. പരാതി ആര്‍ക്കു കിട്ടിയാലും നിയമപരമായി അത് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണം. ആ നടപടിക്രമം കൃത്യമായി പാലിച്ചിട്ടുണ്ട്. സിപിഎമ്മിനും ഇതുപോലെ കുറേ പീഢന പരാതികള്‍ കിട്ടിയിട്ടുണ്ട്. അതിലൊക്കെ എന്താണ് സംഭവിച്ചത് എന്ന് നമുക്കറിയാം. സ്വന്തം സര്‍ക്കാര്‍ ഭരിക്കുന്ന കാലത്തു പോലും നീതിന്യായ വ്യവസ്ഥയെ വിശ്വസിക്കാത്തവരാണ് അവര്‍.
എന്നാല്‍ സമാനമായ കേസുകളില്‍ സിപിഎം ചെയ്തത് എന്താണെന്ന് നിങ്ങള്‍ക്ക് അറിയാം. ഏതെങ്കിലും ഒരു പീഢന കേസില്‍ ശക്തമായ നടപടി ആ പാര്‍ട്ടി സ്വീകരിച്ചിട്ടുണ്ടോ? സിപിഎമ്മിലുള്ള എത്ര എംഎല്‍എമാരുടെ പേരില്‍ ഇത്തരം കേസുകള്‍ നിലവിലുണ്ട്. എന്നിട്ട് എന്തെങ്കിലും നടപടി ഉണ്ടായോ? പാര്‍ട്ടികോടതി അല്ലേ ഇവരുടെ കേസുകള്‍ അന്വേഷിച്ചത്? പാര്‍ട്ടിയുടെ കമ്മിറ്റി തീവ്രത അളക്കുകയല്ലേ ചെയ്തത്? സിപിഎം സംസ്ഥാന സെക്രട്ടറിക്ക് ലഭിക്കുകയും അദ്ദേഹം മുക്കുകയും ചെയ്ത പീഢന പരാതികളുടെ കണക്കെടുത്താല്‍ അത് ഗിന്നസ് റിക്കോര്‍ഡായിരിക്കും.
പീഡന വിഷയത്തില്‍ കുറ്റക്കാരെ ഒരു തരത്തിലും സംരക്ഷിക്കാത്ത കോണ്‍ഗ്രസിന്റെ സമീപനവും കുറ്റക്കാരെ സമ്പൂര്‍ണ്ണമായി സംരക്ഷിച്ചുകൊണ്ട് ഇരകളെ നിര്‍ദാക്ഷിണ്യം തഴയുന്ന സിപിഎമ്മിന്റെ സമീപനവും കേരളത്തിലെ ജനങ്ങള്‍ മനസ്സിലാക്കണം.