തിരഞ്ഞെടുപ്പ് : മാധ്യമങ്ങള്‍ വസ്തുനിഷ്ഠമായി റിപ്പോര്‍ട്ട് ചെയ്യണം : ജില്ലാ കളക്ടര്‍

Spread the love

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വസ്തുനിഷ്ഠമായ രീതിയില്‍ പൊതുജനങ്ങളെ അറിയിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടറും ജില്ലാ ഇലക്ഷന്‍ ഓഫീസറുമായ ഡോ. ദിനേശന്‍ ചെറുവാട്ട് അറിയിച്ചു. തദ്ദേശതിരഞ്ഞെടുപ്പിന്റെ വോട്ടടുപ്പ് സമാപനത്തിന് 48 മണിക്കൂര്‍ സമയപരിധിയില്‍ ഒരു മാധ്യമത്തിലൂടെയും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധിനിക്കുന്നതോ ബാധിക്കുന്നതോ ആയ പ്രചാരണങ്ങള്‍ നടത്തരുത്. 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട്, 1994 ലെ കേരള മുനിസിപ്പാലിറ്റി ആക്ട്, 1951 ലെ ജനപ്രാതിനിധ്യനിയമം, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും എന്നിവ അനുസരിച്ച്, രാഷ്ട്രീയ പാര്‍ട്ടികള്‍, സ്ഥാനാര്‍ത്ഥികള്‍, പ്രചാരണ വിഷയങ്ങള്‍, വോട്ടിംഗ് പ്രക്രിയകള്‍, ആവശ്യമായ തിരഞ്ഞെടുപ്പ് വിഷയങ്ങള്‍, എന്നിവയെക്കുറിച്ച് വസ്തുനിഷ്ഠമായ രീതിയില്‍ പൊതുജനങ്ങളെ അറിയിക്കാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കണം.

അഭിപ്രായ വോെട്ടടുപ്പുകള്‍ കൃത്യമായും നിഷ്പക്ഷമായും റിപ്പോര്‍ട്ട് ചെയ്യുന്നതിന് പ്രത്യേക ശ്രദ്ധ ചെലുത്തണം. അഭിപ്രായ വോെട്ടടുപ്പുകളുടെയും പ്രക്ഷേപണത്തിന്റെയും നടത്തിപ്പ് ആരാണ്, പണം മുടക്കിയത് ആരാണ് എന്നിവ വെളിപ്പെടുത്തണം. അഭിപ്രായ വോെട്ടടുപ്പുകളുടെ പ്രക്ഷേപണത്തോടൊപ്പം ഉപയോഗിച്ച രീതിശാസ്ത്രം സാമ്പിള്‍ വലിപ്പം, ഫീല്‍ഡ് വര്‍ക്ക് തീയതികള്‍, ഉപയോഗിച്ച ഡാറ്റ എന്നിവ വെളിപ്പെടുത്തണം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പു ഫലങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച് കഴിഞ്ഞ ശേഷമേ ഫലം സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കാവൂ. അല്ലാതെ നല്‍കുന്ന ഫലപ്രഖ്യാപനവാര്‍ത്തകള്‍ അനൗദ്യോഗികമോ അപൂര്‍ണ്ണമോ ഭാഗികമോ ആണെന്നും അന്തിമഫലമായി കണക്കാക്കരുതെന്നും അറിയിക്കണം.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയം മുതല്‍ അവസാനിച്ചതും ഫലപ്രഖ്യാപനവും വരെ വാര്‍ത്താ പ്രക്ഷേപകര്‍ നടത്തുന്ന പ്രക്ഷേപണങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷിക്കുന്നുണ്ട്. ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റിയിലെ (NBSA) അംഗങ്ങളായ പ്രക്ഷേപകര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ ചട്ടങ്ങള്‍ക്ക് വിധേയമായി നടപടി സ്വീകരിക്കും. 1951-ജനപ്രാതിനിധ്യ നിയമത്തിലെ 126 (എ) വകുപ്പിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായ ഒരു തരത്തിലുള്ള ഉള്ളടക്കവും ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള സംപ്രേഷണത്തില്‍ ഉണ്ടാവാതെ ശ്രദ്ധിക്കണം.

വോട്ടിംഗ് പ്രക്രിയ, വോട്ടിംഗിന്റെ പ്രാധാന്യം, എങ്ങനെ, എപ്പോള്‍, എവിടെ വോട്ട് ചെയ്യണം. വോട്ട ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്യണം, ബാലറ്റിന്റെ രഹസ്യം എന്നിവയെക്കുറിച്ച് വോട്ടര്‍മാരെ ഫലപ്രദമായി അറിയിക്കുന്നതിന്, സാധ്യമാകുന്നിടത്തോളം മാധ്യമങ്ങള്‍ വിദ്യാഭ്യാസപരിപാടികള്‍ നടത്തണം.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് നിഷ്പക്ഷവും നീതിയുക്തവും സുതാര്യവുമായി നിര്‍വ്വഹിക്കുന്നതിന് വിവിധ വാര്‍ത്താ മാധ്യമങ്ങളുടെ ആത്മാര്‍ത്ഥവും ക്രിയാത്മകവുമായ സഹകരണം അത്യന്താപേക്ഷിതമാണ്. മറ്റു പൊതുതിരഞ്ഞെടുപ്പുകള്‍ക്ക് ബാധകമാകുന്ന എല്ലാ നിയമങ്ങളും ചട്ടങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും തദ്ദേശപൊതുതിരഞ്ഞെടുപ്പിനും ബാധകമാണ്. തിരഞ്ഞെടുപ്പില്‍ മാധ്യമങ്ങള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍/ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍/ വരണാധികാരി/മറ്റ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന എല്ലാ നിര്‍ദേശങ്ങളും/ഉത്തരവുകളും ബന്ധപ്പെട്ടവര്‍ പാലിക്കണമെന്ന കളക്ടര്‍ അറിയിച്ചു.

ആധുനിക സാങ്കേതികവിദ്യകളിലൂടെ വ്യാജചിത്രങ്ങളും കൃത്രിമശബ്ദസന്ദേശങ്ങളും തെറ്റായ വിവരങ്ങളും നിര്‍മ്മിക്കുന്നതും അവ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉപയോഗിക്കുന്നതിനുമെതിരേ ശക്തമായ നടപടികളുണ്ടാകും.

ബന്ധപ്പെട്ട ടിവി/റേഡിയോ/കേബിള്‍/എഫ്എം ചാനലുകള്‍/ഇന്റര്‍നെറ്റ് വെബ്‌സൈറ്റുകള്‍/സോഷ്യല്‍ പ്ലാറ്റ്‌ഫോമുകള്‍ എന്നിവയ്ക്ക് ഏതെങ്കിലും പ്രക്ഷേപണ/ടെലികാസ്റ്റുമായി ബന്ധപ്പെട്ട പരിപാടികള്‍ (എക്‌സിറ്റ് പോളുകള്‍ ഒഴികെ) നടത്തുന്നതിന് ആവശ്യമായ അനുമതിക്കായി സംസ്ഥാന/ജില്ലാ/തദ്ദേശ അധികാരികളെ സമീപിക്കാം. മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകള്‍, കേബിള്‍ നെറ്റ് വര്‍ക്ക് (റെഗുലേഷന്‍) നിയമം മര്യാദ, സാമുദായിക ഐക്യം നിലനിര്‍ത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട് ഇന്‍ഫര്‍മേഷന്‍ ആക്ട്, 2000, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവയിലെ വ്യവസ്ഥകള്‍ പാലിക്കണം.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ത്ഥികളും പത്രം, ടെലിവിഷന്‍, റേഡിയോ, സാമൂഹ്യമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങള്‍ നിയമാനുസൃതമായിരിക്കണം. അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ പാടില്ല.

പ്രചാരണത്തിനായി ഉപയോഗിക്കു എ.ഐ., അല്ലെങ്കില്‍ ഡിജിറ്റലായി മാറ്റം വരുത്തിയ ഇമേജുകളില്‍ അഹ Generated/ ‘Digitally Enhanced’/ ‘Synthetic Content എന്നിങ്ങനെ വ്യക്തമായ ലേബലുകള്‍ ഉള്‍ക്കൊള്ളിക്കേണ്ടതാണ്. വീഡിയോയില്‍ സ്‌ക്രീനിന് മുകളിലായി, ചിത്രങ്ങളില്‍ കുറഞ്ഞത് 10 ശതമാനം ഡിസ്‌പ്ലേ ഭാഗത്തും, ഓഡിയോയില്‍ ആദ്യത്തെ 10 ശതമാനം സമയദൈര്‍ഘ്യത്തിലും ലേബല്‍ വ്യക്തമായി ഉണ്ടാകണം. ഉള്ളടക്കം സൃഷ്ടിച്ച വ്യക്തിയുടെ/സ്ഥാപനത്തിന്റെ പേര് മെറ്റാഡാറ്റയിലും വിവരണത്തിലും വെളിപ്പെടുത്തണം.

പ്രചാരണത്തിന് ഉപയോഗിക്കുന്ന ഡീപ് ഫേക്ക്, സിന്തറ്റിക് കണ്ടന്റ് എന്നിവ പൊതുജനാഭിപ്രായത്തെ തെറ്റിദ്ധരിപ്പിക്കാനും തിരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കാനും സാധ്യതയുണ്ട്. ഐ ടി ആക്റ്റ് 2000, ഐടി (ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ്) റൂള്‍സ് 2021, ഭാരതീയ ന്യായ സംഹിത 2023, മാതൃകാ പെരുമാറ്റചട്ടം എന്നിവയിലുള്ള എല്ലാ വ്യവസ്ഥകളും ഇത്തരം ഉള്ളടക്കങ്ങളുടെ നിര്‍മ്മാണത്തിലും പ്രചാരണത്തിലും കൃത്യമായി പാലിക്കേണ്ടതാണ്.

സ്വതന്ത്രവും നീതിപൂര്‍വവും, നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് നടത്തിപ്പിന് എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും സഹകരിക്കണം. മറ്റ് പൊതുതിരഞ്ഞെടുപ്പുകളില്‍ ബാധകമായിട്ടുള്ള ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (IAMAI) യുടെ മാര്‍ഗനിര്‍ദേശങ്ങള്‍ തദ്ദേശപൊതുതിരഞ്ഞെടുപ്പിനും ബാധകമാണ്. എല്ലാ ഇന്റര്‍നെറ്റ് വെബ്‌സൈറ്റുകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും 2000 ലെ ഇന്‍ഫര്‍മേഷന്‍ ആക്റ്റിലെ വ്യവസ്ഥകളും, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കണം. പ്രചാരണത്തിന്റെ വിശ്വാസ്യതയും മത്സരത്തിലെ തുല്യതയും ഉറപ്പാക്കുന്നതിന് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയപാര്‍ട്ടികളും പ്രചാരണം നടത്തുന്നവരും കൃത്യമായി ശ്രദ്ധിക്കണം. മീഡിയ റിലേഷന്‍സ് കമ്മിറ്റിയോ, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ നിയമപരമല്ലെന്ന് കണ്ടെത്തിയ ഉള്ളടക്കം സാമൂഹ്യമാധ്യമത്തില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാല്‍ അവ എത്രയും വേഗം നീക്കം ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം നിയമപരമായ നടപടി സ്വീകരിക്കും.

കേബിള്‍ ടി വി നെറ്റ് വര്‍ക്ക് (റെഗുലേഷന്‍) ആക്ടിലെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കാന്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളും, അക്കാര്യം ഉറപ്പാക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കേണ്ടതാണ്.
സ്ഥാനാര്‍ത്ഥികളുടെയോ രാഷ്ട്രീയപാര്‍ട്ടികളുടെയോ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും തുല്യപ്രാധാന്യം നല്‍കേണ്ടതാണ്.

വര്‍ഗീയമോ ജാതിപരമോ ആയ തിരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ പാടില്ല. അതിനാല്‍ മതം, വംശം, ജാതി, സമൂഹം അല്ലെങ്കില്‍ ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ ആളുകള്‍ക്കിടയില്‍ ശത്രുതയോ വിദ്വേഷമോ വളര്‍ത്തുന്ന പ്രവണതയുള്ള റിപ്പോര്‍ട്ടുകള്‍ ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *