സര്‍ക്കാരിനെതിരെ യു.ഡി.എഫ് ഇറക്കിയ കുറ്റപത്രം ജനങ്ങള്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്നുണ്ട്, ശബരിമലയിലെ സ്വര്‍ണക്കൊള്ളയും സജീവ ചര്‍ച്ചയാണ് : പ്രതിപക്ഷ നേതാവ്

Spread the love

           

മലപ്പുറം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ പ്രതിപക്ഷ നേതാവ് സംസാരിച്ചത്. (06/12/2025.

നാലു പതിറ്റാണ്ടിലധികം ജമാഅത്ത് ഇസ്ലാമിയുടെ തോളില്‍ കയ്യിട്ട് നടന്ന സി.പി.എമ്മാണ് യു.ഡി.എഫിനെ വിമര്‍ശിക്കുന്നത്; സി.പി.എമ്മിനൊപ്പം ചേര്‍ന്നാല്‍ മതേതര പാര്‍ട്ടി, കോണ്‍ഗ്രസിനെ പിന്തുണച്ചാല്‍ വര്‍ഗീയ പാര്‍ട്ടിയെന്നത് അംഗീകരിക്കാനാകില്ല; ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രധാനപ്പെട്ട സി.പി.എം നേതാക്കള്‍ ജയിലിലാകും; കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യാത്തത് എസ്.ഐ.ടിക്ക് മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദ്ദം ചെലുത്തുന്നതുകൊണ്ട്; നൂറ്റി അന്‍പതോളം സ്ഥലത്ത് ദേശീയപാത തര്‍ന്നിട്ടും സംസ്ഥാന സര്‍ക്കാരിന് ഒരു പരാതിയുമില്ല; കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ക്കരി, ബി.ജെ.പി ബന്ധത്തിനു വേണ്ടി ബ്രിട്ടാസിനും മുന്‍പെ പിണറായി വിജയന്‍ ഉണ്ടാക്കിയ പാലം; മോദിയും അമിത് ഷായും എവിടെ ഒപ്പിടാന്‍ പറഞ്ഞാലും അവിടെയൊക്കെ പിണറായി ഒപ്പിടും; ടീം യു.ഡി.എഫിന്റെ ശക്തി എന്തെന്ന് തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളം ഒന്നുകൂടി കാണും.

മലപ്പുറം :  നിയമസഭ തിരഞ്ഞെടുപ്പിലെ സെമിഫൈനല്‍ പോരാട്ടമായ തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഉജ്ജ്വല വിജയം നേടും. സര്‍ക്കാരിനെതിരായ അതിശക്തമായ വികാരം ജനങ്ങള്‍ക്കിടയിലുണ്ട്. തിരഞ്ഞെടുപ്പിന് വേണ്ടി ശക്തമായ മുന്നൊരുക്കങ്ങളാണ് യു.ഡി.എഫ് നടത്തിയത്. ഒരു വര്‍ഷം മുന്‍പ് തന്നെ വാര്‍ഡ് കമ്മിറ്റികള്‍ രൂപീകരിക്കുകയും ഡോര്‍ ടു ഡോര്‍ കാമ്പയിനുകളും കുടുംബസംഗമങ്ങളും സംഘടിപ്പിച്ച് യു.ഡി.എഫ് ശക്തമായി. ഇത്തവണ യു.ഡി.എഫ് ഘടകകക്ഷികള്‍ തമ്മിലും ഒരു തര്‍ക്കങ്ങളുമില്ല. എല്ലാവരും ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പ് നേരിടുന്നത്. കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ത്ഥികളുടെ എണ്ണവും പത്തിലൊന്നായി ചുരുങ്ങി. സി.പി.എമ്മില്‍ പതിവില്ലാതെ സംസ്ഥാന വ്യാപകമായി റിബല്‍ ശല്യമാണ്.

സര്‍ക്കാരിനെതിരെ യു.ഡി.എഫ് ഇറക്കിയ കുറ്റപത്രം ജനങ്ങള്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്നുണ്ട്. ശബരിമലയിലെ സ്വര്‍ണക്കൊള്ളയും സജീവ ചര്‍ച്ചയാണ്. ശബരിമലയിലെ വാതിലും കട്ടിളപ്പാളികളും ദ്വാരപാലക ശില്‍പങ്ങളും മോഷ്ടിച്ച കേസില്‍ മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തരായിരുന്ന രണ്ട് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരാണ് ജയിലില്‍ കിടക്കുന്നത്. അവര്‍ക്കെതിരെ നടപടി എടുക്കാന്‍ പോലും സി.പി.എം ഇതുവരെ തയാറായിട്ടില്ല. അവര്‍ കൂടുതല്‍ നേതാക്കളുടെ പേരുകള്‍ വെളിപ്പെടുത്തുമോയെന്നാണ് സി.പി.എം ഭയക്കുന്നത്. എസ്.ഐ.ടിക്ക് മേലും ശക്തമായ സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എസ്.ഐ.ടി ഫങ്ഷനിംഗ് അല്ല. അല്ലെങ്കില്‍ കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ട സമയം അതിക്രമിച്ചു. എസ്.ഐ.ടി ഹൈക്കോടതി രൂപീകരിച്ചതാണെങ്കിലും സംസ്ഥാന പൊലീസിലുള്ളവരാണ് അതിലെ അംഗങ്ങള്‍. അവര്‍ക്കു മേല്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്തി തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ അറസ്റ്റ് ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ശബരിമല കൊള്ളയില്‍ സി.പി.എം നേതാക്കളുടെ ജയിലിലേക്കുള്ള ഘോഷയാത്ര ആരംഭിച്ചിട്ടേയുള്ളൂ. ഇനിയും പ്രധാനപ്പെട്ട സി.പി.എം നേതാക്കള്‍ ജയിലിലാകും. വന്‍തോക്കുകള്‍ കൊള്ളയ്ക്ക് പിന്നിലുണ്ടെന്ന് ജാമ്യം നിഷേധിച്ചു കൊണ്ട് കോടതി പറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ എട്ടു മാസമായി വിലക്കയറ്റത്തില്‍ ഒന്നാം സ്ഥാനം കേരളത്തിനാണ്. ആരോഗ്യ കേരളം വെന്റിലേറ്ററിലാണ്. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ന്ന് തരിപ്പണമായി. കാര്‍ഷികമേഖല തകര്‍ന്നു. വിദ്യാഭ്യാസ മേഖലയിലും അനിശ്ചിതത്വമാണ്. പട്ടികജാതി പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളുടെ ഇ ഗ്രാന്റ് പോലും നല്‍കുന്നില്ല. മത്സ്യത്തൊഴിലാളികളും പ്രതിസന്ധിയിലാണ്. വന്യജീവികളുടെ ഭീഷണി നേരിടുന്ന മലയോരത്തെ ജനങ്ങളെ സര്‍ക്കാര്‍ വിധിക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. കേരളത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനെതിരായ അതിശക്തമായ വികാരമുണ്ട്. കൊല്ലം കൊട്ടിയത്ത് ദേശീയപാത വീണ്ടും തകര്‍ന്നു വീണു. സംസ്ഥാനത്ത് വ്യാപകമായി നിര്‍മ്മാണത്തില്‍ ഇരിക്കുന്ന ദേശീയ പാത തകര്‍ന്ന് വീഴുകയാണ്. എന്നിട്ടും സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരിനോടോ ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയോടോ ഒരു പരാതിയുമില്ല. റീല്‍സ് എടുക്കാനും ക്രെഡിറ്റ് എടുക്കാനും നടന്നവര്‍ക്ക് ഒരു ഉത്തരവാദിത്വവും ഇല്ലെന്നാണോ? മനുഷ്യന്റെ ജീവനാണ് നഷ്ടപ്പെടുന്നത്. ഇന്നലെ 36 കുട്ടികളുടെ ജീവന്‍ ദൈവത്തിന്റെ കൃപകൊണ്ടാണ് രക്ഷപ്പെട്ടത്. അതുവഴി സഞ്ചരിക്കുന്ന എല്ലാവരുടെയും ജീവന്‍ അപകടത്തിലാണ്. അഴിമതിയുടെ നിര്‍മ്മിതികളാണ് ദേശീയപാതയുടെ ഭാഗമായി നിര്‍മ്മിക്കുന്നത്. ഇക്കാര്യത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്തമുണ്ട്. തകര്‍ന്നു വീഴാത്ത പാലാരിവട്ടം പാലം പഞ്ചവടിപ്പാലമെന്ന് പറഞ്ഞ് ഇല്ലാത്ത വിജിലന്‍സ് കേസുണ്ടാക്കിയവരാണ് സംസ്ഥാനം ഭരിക്കുന്നത്. പാലാരിവട്ടം പാലം ഇതുപോലെ തകര്‍ന്നൊന്നും വീണില്ല. അന്ന് ആരോപണം ഉന്നയിച്ചവര്‍ ഭരിക്കുമ്പോഴാണ് കേരളം മുഴുവന്‍ ദേശീയപാതയും പാലങ്ങളും തകര്‍ന്ന് വീഴുന്നത്. നൂറ്റി അന്‍പതോളം സ്ഥലത്ത് ദേശീയപാത നിര്‍മ്മാണത്തില്‍ പാളിച്ചകളുണ്ടായിട്ടും സംസ്ഥാന സര്‍ക്കാരിന് ഒരു പരാതിയും ഇല്ല. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഒത്തുചേര്‍ന്നിരിക്കുയാണ്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ബി.ജെ.പിയുമായി പിണറായി വിജയനുള്ള ബന്ധത്തിന്റെ പാലമാണ്. ഇപ്പോള്‍ പുതുതായി ഉണ്ടായ ജോണ്‍ ബ്രിട്ടാസ് പാലത്തിനും മുന്‍പെ പിണറായി വിജയന്‍ ഉണ്ടാക്കി വച്ച പാലമാണ് നിതിന്‍ ഗഡ്ക്കരിയെന്ന മന്ത്രി.

മോദിയുടെയും അമിത്ഷായുടെയും മുന്നില്‍ കുനിഞ്ഞ് നില്‍ക്കുന്നയാളാണ് പിണറായി വിജയന്‍. മോദിയും അമിത് ഷായും എവിടെ ഒപ്പിടാന്‍ പറഞ്ഞാലും അവിടെയൊക്കെ പിണറായി വിജയന്‍ ഒപ്പിടും. അങ്ങനെയാണ് സി.പി.എം പി.ബിയും സെക്രട്ടേറിയറ്റും മന്ത്രിസഭയും എല്‍.ഡി.എഫും സി.പി.ഐയും അറിയാതെ പി.എം ശ്രീയില്‍ ഒപ്പിട്ടത്. ബി.ജെ.പി- സി.പി.എം ബാന്ധവം തൃശൂരിലെ തിരഞ്ഞെടുപ്പിലും കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണങ്ങളിലും ഉണ്ടെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചതാണ്. അതൊക്കെ ഇപ്പോഴും നിലനില്‍ക്കുകയാണ്.

യു.ഡി.എഫ് ജമാഅത്ത് ഇസ്ലാമിയുമായി കൂട്ടുകൂടിയെന്നും സി.പി.എമ്മിന് ഒരു കാലത്തും അവരുമായി ബന്ധം ഇല്ലായിരുന്നെന്നുമാണ് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത്. 1977 മുതലാണ് ജമാ അത്ത് ഇസ്ലാമി ഒരു രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നത്. അന്നത്തെ തിരഞ്ഞെടുപ്പില്‍ അവരുടെ പിന്തുണ സി.പി.എമ്മിനായിരുന്നു. പിന്നീട് 2019 വരെ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും 42 വര്‍ഷവും അവര്‍ സി.പി.എമ്മിന് ഒപ്പമായിരുന്നു. എന്നിട്ടാണ് ഞങ്ങള്‍ക്ക് ഒരു കാലത്തും ബന്ധം ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി പറയുന്നത്. 1996 ഏപ്രില്‍ 22-ന് ദേശാഭിമാനിയുടെ എഡിറ്റോറിയലില്‍ ജമാ അത്ത് ഇസ്ലാമിയുടെ പിന്തുണ ശ്രദ്ധേയമായ പിന്തുണയെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ജമാ അത്ത് ഇസ്ലാമിയുടെ പിന്തുണ മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ രാഷ്ട്രീയ അടിത്തറ ശക്തമാക്കുമെന്നുമാണ് ദേശാഭിമാനി പറഞ്ഞത്. അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ ജമാ അത്ത് ഇസ്ലാമി അമീറുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ജമാ അത്ത് ഇസ്ലാമി ആസ്ഥാനത്ത് പിണറായി വിജയനും സി.പി.എം നേതാക്കളും എത്രയോ തവണയാണ് സന്ദര്‍ശനം നടത്തിയത്. ജമാ അത്ത് ഇസ്ലാമിയുമായി നടത്തിയ രഹസ്യ ചര്‍ച്ചയല്ലെന്ന് പിണറായി പറഞ്ഞ വാര്‍ത്തയും പൊതുജനമധ്യത്തിലുണ്ട്. ജമാ അത്ത് ഇസ്ലാമിയുമായി പല കാര്യങ്ങളിലും സി.പി.എമ്മിന് യോജിപ്പാണെന്ന് തോമസ് ഐസക്കും പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസിന് സാമ്രാജ്യത്വ ബന്ധമുണ്ടെന്ന് ആരോപിച്ച് ജമാ അത്ത് ഇസ്ലാമി എല്‍.ഡി.എഫിന് പിന്തുണ നല്‍കിയെന്ന വാര്‍ത്ത വന്നതും ദേശാഭിമാനിയിലാണ്. പാലക്കാട് തൊട്ടടുത്തുള്ള കോയമ്പത്തൂരില്‍ വിജയിച്ച സി.പി.എം സ്ഥാനാര്‍ത്ഥി നന്ദി പറയാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഓഫീസിലെത്തി. ഇതെല്ലാം കേരളം കാണുന്നുണ്ടെന്ന് മുഖ്യമന്ത്രി ഓര്‍ക്കണം. നാലര പതിറ്റാണ്ടു കാലം ജമാഅത്ത് ഇസ്ലാമിയുടെ തോളില്‍ കയ്യിട്ട് നടന്നവര്‍ ഇപ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനെ പിന്തുണച്ചപ്പോള്‍ വിമര്‍ശിക്കുകയാണ്. നായനാരുടെ കാലത്ത് പി.ആര്‍.ഡി ഇറക്കിയ സര്‍ക്കാരിന്റെ നേട്ടങ്ങളില്‍ മഅ്ദനിയെ തമിഴ്‌നാട് പൊലീസിന് കൈമാറിയത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നേട്ടമെന്നാണ് വിവരിച്ചത്. എന്നിട്ടാണ് അതേ മഅ്ദനിക്ക് വേണ്ടിയാണ് പിണറായി വിജയന്‍ ശംഖുംമുഖം ബീച്ചില്‍ ഒരു മണിക്കൂര്‍ കാത്തിരുന്നത്. കാപട്യത്തിന്റെ പേരാണോ പിണറായി വിജയന്‍? ഏത് വെല്‍ഫെയര്‍ പാര്‍ട്ടിയെന്നും ഏത് ജമാഅത്ത് ഇസ്ലാമിയെന്നും പിണറായി വിജയന്‍ ചോദിക്കാമോ? കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മതന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നതിനു വേണ്ടി എല്ലാദിവസവും പൗരത്വം രജിസ്റ്ററിനെ കുറിച്ചാണ് പിണറായി വിജയന്‍ സംസാരിച്ചത്. ഇങ്ങനെ പ്രീണനം നടത്തിയാലും അവര്‍ വോട്ട് ചെയ്യില്ലെന്ന് 35-ാം ദിവസം വാര്‍ത്താസമ്മേളനം വിളിച്ച് എനിക്ക് പറയേണ്ടി വന്നു. പൗരത്വം ഭേദഗതിക്കെതിരെ സമരം ചെയ്തിന് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത 843 കേസുകളില്‍ 112 എണ്ണം മാത്രമാണ് പിന്‍വലിച്ചത്. ബി.ജെ.പി നേതൃത്വത്തെ സന്തോഷിപ്പിക്കുന്നതിനു വേണ്ടിയാണ് കേസുകള്‍ പിന്‍വലിക്കാതിരുന്നത്. അന്ന് ന്യൂനപക്ഷ വോട്ട് കിട്ടാത്തതു കൊണ്ടാണ് ഭൂരിപക്ഷ പ്രീണനം നടത്തുന്നത്. അതിന്റെ ഭാഗമായാണ് ചിലരെ കൊണ്ട് വന്ന് ന്യൂനപക്ഷങ്ങള്‍ക്കെതിരെയും മലപ്പുറത്തിന് എതിരെയും പ്രസംഗിപ്പിക്കുന്നത്. ലീഗിന് പിന്നാലെ നടന്നപ്പോള്‍ ലീഗ് വര്‍ഗീയ ശക്തിയല്ല മതേതര പാര്‍ട്ടിയാണെന്ന് പറഞ്ഞവരാണ് ഇപ്പോള്‍ ലീഗിനെ തള്ളിപ്പറയുന്നത്. സി.പി.എമ്മിനൊപ്പം ചേര്‍ന്നാല്‍ മതേതര പാര്‍ട്ടി, കോണ്‍ഗ്രസിനെ പിന്തുണച്ചാല്‍ വര്‍ഗീയ പാര്‍ട്ടി എന്ന സി.പി.എം വാദം അംഗീകരിക്കാനാകില്ല. അത് അവസാനിപ്പാക്കാന്‍ മുഖ്യമന്ത്രി തയാറാകണം. വെല്‍ഫെയര്‍ പാര്‍ട്ടി 2019 മുതല്‍ യു.ഡി.എഫിന് പിന്തുണ നല്‍കിയിട്ടുണ്ട്. ആ പിന്തുണ യു.ഡി.എഫ് സ്വീകരിച്ചിട്ടുമുണ്ട്. അല്ലാതെ വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിലെ ഘടകകക്ഷിയോ അസോസിയേറ്റ് അംഗമോ അല്ല. പ്രദേശികമായി ചില സ്ഥലങ്ങളില്‍ ചില നീക്ക് പോക്കുകളുണ്ടായിട്ടുണ്ട്.

എ.കെ.ജി സെന്ററിലേതു പോലെ കെ.പി.സി.സി ഓഫീസില്‍ പരാതികള്‍ പൊതിഞ്ഞുവയ്ക്കാറില്ല, എല്ലാ നേതാക്കളും ചര്‍ച്ച ചെയ്താണ് തീരുമാണം എടുത്തത്. പരാതി ലഭിച്ച് 24 മണിക്കൂറിനകം ആരോപണ വിധേയനെ പാര്‍ട്ടി പുറത്താക്കി. അത്തരമൊരു നിലപാട് രാജ്യത്ത് ഏതെങ്കിലും പാര്‍ട്ടികള്‍ സ്വീകരിച്ചിട്ടുണ്ടോ? അഭിമാനത്തോടെയാണ് കോണ്‍ഗ്രസ് നില്‍ക്കുന്നത്. ലൈംഗിക ആരോപണം നേരിടന്ന എത്രയോ മന്ത്രിമാര്‍ പിണറായി വിജയന്റെ മന്ത്രിസഭയിലുണ്ട്. അവരെയെല്ലാം ചേര്‍ത്ത് പിടിച്ച പിണറായി വിജയനാണ് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത്. റേപ്പ് കേസിലെ രണ്ടു പേരുടെ കൈ ഉയര്‍ത്തിപ്പിടിച്ചാണ് പിണറായി വിജയന്‍ നില്‍ക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലും ലൈംഗിക ആരോപണ പരാതി ഉയര്‍ന്നവരില്ലേ? അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ ആ പരാതി പൊതിഞ്ഞു വച്ചില്ലേ? മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍ പങ്കെടുക്കണമെങ്കില്‍ മുന്‍കൂട്ടി പൊലീസിന് വിവരങ്ങള്‍ നല്‍കണമെന്ന് തൃശൂര്‍ പ്രസ് ക്ലബ്ബ് കുറിപ്പ് ഇറക്കിയിട്ടും മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരു പ്രതിഷേധവുമില്ലേ? മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ ഭീകരന്മാരുണ്ടോ, കുഴപ്പക്കാരുണ്ടോയെന്ന് പൊലീസിനെ കൊണ്ട് മുന്‍കൂട്ടി പരിശോധിപ്പിച്ചിട്ടല്ല ഞങ്ങളൊന്നും വാര്‍ത്തസമ്മേളനത്തിന് എത്തുന്നത്.

നിലവില്‍ എസ്.ഐ.ടിയെ സംശയിക്കുന്നില്ലെങ്കിലും. വൈകിപ്പിക്കുന്നതിനു വേണ്ടി അവര്‍ക്കു മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വലിയ സമ്മര്‍ദ്ദമുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ആരാണ് പരിചയപ്പെടുത്തിക്കൊടുത്തതെന്ന് പത്മകുമാറിന്റെ മൊഴിയുണ്ട്. ഏത് കോടീശ്വരനാണ് ദ്വാരപാല വിഗ്രഹം വിറ്റതെന്ന് പ്രതിപക്ഷം ചോദിച്ചിട്ടുണ്ട്. രണ്ടു കോടിയുടെ മനനഷ്ടത്തിന് നോട്ടീസ് അയച്ച കടകംപള്ളിയുടെ മാനം കോടതിയില്‍ എത്തിയപ്പോള്‍ പത്ത് ലക്ഷമായി കുറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി കടകംപള്ളി സുരേന്ദ്രന് അടുത്ത ബന്ധമുണ്ടായിരുന്നു എന്നതിന്റെ തെളിവുകള്‍ പ്രതിപക്ഷത്തിന്റെ കയ്യിലുണ്ട്.

ഗുരൂവായൂരില്‍ കളവ് പോയ തൊണ്ടി മുതല്‍ കണ്ടെടുക്കാനായില്ലെന്ന് എം.വി ഗോവിന്ദന്‍ അബദ്ധം പറഞ്ഞതാണ്. ആഭരണം നഷ്ടപ്പെട്ടെന്ന് മനസിലാക്കിയപ്പോള്‍ പിരിഞ്ഞു പോകുന്ന മേല്‍ശാന്തിയുടെ കയ്യില്‍ നിന്നും ദേവസ്വം ബോര്‍ഡ് പണം ഇടാക്കിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു മാധ്യമ സ്ഥാപനത്തില്‍ വന്ന ഫോണ്‍ കോള്‍ പ്രകാരം മണിക്കിണറില്‍ നിന്നും ആഭരണം കണ്ടെടുത്ത്. മേല്‍ശാന്തിക്ക് മോഷണത്തില്‍ ഉത്തരവാദിത്തമില്ലെന്നും അയാളെ മനപൂര്‍വം കുറ്റക്കാരനാക്കാന്‍ നടത്തിയ നാടകമായിരുന്നു അതെന്നും ബോധ്യമായി. മണിക്കിണര്‍ വറ്റിച്ച് നഷ്ടപ്പെട്ട ആഭരണം വീണ്ടെടുത്ത കാര്യം എം.വി ഗോവിന്ദന്‍ ഇതുവരെ അറിഞ്ഞിട്ടില്ല. ഗുരുവായൂരിലെ ഭക്തനായ കെ. കരുണാകരന്‍ തിരുവാഭരണം മോഷ്ടിച്ചെന്ന പ്രചരണം നടത്തിയ വൃത്തികെട്ട പാര്‍ട്ടിയാണ് സി.പി.എം. വൈക്കത്ത് മോഷണം നടത്തിയത് സ്റ്റീഫനെ പോലുള്ള പ്രൊഫഷണല്‍ കള്ളന്മാരാണ്. സി.പി.എമ്മിനും പ്രഫഷണല്‍ കള്ളന്മാരുണ്ടെന്ന് ഇപ്പോഴാണ് മനസിലായത്. 2019-ല്‍ ശബരിമലയില്‍ കൊള്ള നടന്നെന്ന് അറിയാമായിരുന്നവരാണ് 2024ലും കൊള്ളയ്ക്ക് ശ്രമിച്ചത്. അതിനു വേണ്ടിയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് ഇടപെട്ട് ഉണ്ണികൃഷ്ണന്‍ പോറ്റിയെ തന്നെ വിഗ്രഹം ഏല്‍പ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചത്. കോടതി ഇടപെട്ടില്ലായിരുന്നെങ്കില്‍ അയ്യപ്പന്റെ തങ്കവിഗ്രവും അടിച്ചു മാറ്റിയെനെ. എന്നിട്ടും ജയിലില്‍ ആയവര്‍ക്കെതിരെ നടപടി എടുക്കാതെ പ്രതികളെ സംരക്ഷിക്കുകയാണ്.

മൂന്ന് ജില്ലാ പഞ്ചായത്തില്‍ നിന്നും എട്ടും ഒന്‍പതും ജില്ലാ പഞ്ചായത്തുകളില്‍ യു.ഡി.എഫ് വിജയിക്കാനുള്ള സാധ്യതയുണ്ട്. ആറു കോര്‍പറേഷനുകളില്‍ നാലെണ്ണത്തില്‍ യു.ഡി.എഫിന് ഭരണം കിട്ടും. അഞ്ചാമത്തെ സ്ഥലത്ത് ശക്തമായ മത്സരം നടക്കുകയാണ്. അത്രയും ഉജ്ജ്വലമായ വിജയം തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടാകും. നഗരസഭകളില്‍ നേരത്തെ തന്നെ യു.ഡി.എഫിന് മുന്‍തൂക്കമുണ്ട്. ഇത്തവണ അത് 75 മുതല്‍ 80 ശതമാനം വരെ വര്‍ധിക്കും. യു.ഡി.എഫിന്റെ കുറ്റപത്രവും ബദല്‍ പദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന പ്രകടനപത്രികയും കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുകയാണ്. ശബരിമല സ്വര്‍ണക്കൊള്ളയും സര്‍ക്കാര്‍ വിരുദ്ധ വികാരവും മറച്ചു വയ്ക്കാനാണ് സി.പി.എം ശ്രമിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ അജണ്ട നിശ്ചയിച്ചത് യു.ഡി.എഫാണ്. യു.ഡി.എഫിന്റെ അജണ്ടയാണ് ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. മറ്റൊരു അജണ്ട കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും അതും യു.ഡി.എഫിന് ഗുണകരമാകുകയും സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുകയും ചെയ്തിട്ടുണ്ട്. ഞങ്ങള്‍ അഭിമാനത്തോടെ ജനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ സി.പി.എം പ്രതിരോധത്തിലാകുകയും ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസിലെ ചെറുപ്പക്കാരെ എം. സ്വരാജ് മര്യാദ പഠിപ്പിക്കേണ്ട. അദ്ദേഹം വി.എസ് അച്യുതാനന്ദനെ കുറിച്ച് പറഞ്ഞത് മുന്‍ എം.എല്‍.എ പിരപ്പന്‍കോട് മുരളിയുടെ പുസ്തകത്തിലുണ്ട്. പ്രതിപക്ഷത്ത് ഇരുന്ന ഞാന്‍ പോലും വി.എസിനെതിരെ മോശമായ ഒരു വാക്ക് പോലും സംസാരിച്ചിട്ടില്ല. വി.എസ് അച്യുതാനന്ദനെ വിമര്‍ശിച്ച എം. സ്വരാജ് കോണ്‍ഗ്രസിലെ ചെറുപ്പക്കാര്‍ക്ക് ക്ലാസ് എടുക്കാന്‍ വരേണ്ട. ടീം യു.ഡി.എഫിന്റെ ശക്തി എന്താണെന്ന് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മലപ്പുറത്തെ മാധ്യമങ്ങള്‍ കണ്ടതാണ്. തദ്ദേസ തിരഞ്ഞെടുപ്പില്‍ അത് ഒന്നുകൂടി കേരളം കാണാന്‍ പോകുകയാണ്.

 

Author

Leave a Reply

Your email address will not be published. Required fields are marked *